Tuesday, 9 October 2007
ആദ്യമായി സ്പര്‍ശ്ശിച്ച ആ കൈകള്‍.........
ഈ ലോകത്തിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യമായി സ്പര്‍ശിച്ച ആ കൈകള്‍ ഓര്‍മ്മയുണ്ടോ? ഇല്ല. കാണില്ല. ഉണ്ടായിരുന്നെങ്കില്‍ മലയാളി ഈ നന്ദികേട് കാണിക്കുമായിരുന്നില്ല! 1930 മുതല്‍ തിരുവിതാംകൂറിലും സ്വാതന്ത്ര്യാനന്തരം കേരളത്തിലുടനീളവും നിലവില്‍ വന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറന്മാര്‍ ന്യായമായ വേതനം ആവശ്യപ്പെട്ടു കൊണ്ട് സമരത്തിലാണു. അതും മര്യാദാപൂര്‍വ്വം. ആശുപത്രികള്‍ അടച്ചിട്ടല്ല അവര്‍ സമരം ചെയ്യുന്നത്. രോഗികള്‍ക്ക് ചികിത്സ നല്‍കിക്കൊണ്ടും എന്നാല്‍ രാഷ്ട്രീയക്കാരുടെ വിടുപണി ഒഴിവാക്കിക്കൊണ്ടുമാണാ ആ സമരം. കേരളത്തിലെ ജനങ്ങളിലെ 60% ത്തേയും ആദ്യമായി സ്പര്‍ശിച്ച കരങ്ങളുടെ പാരമ്പര്യം പേറുന്ന അവര്‍ക്ക് ഒരു അഭിവാദ്യം അര്‍പ്പിക്കാന്‍ പോലും നാം തയ്യാറായില്ല. തികഞ്ഞ നന്ദികേടല്ലാതെ എന്താണിത്? സര്‍ക്കാര്‍ ആശുപത്രിയേയും സര്‍ക്കാര്‍ ഡോക്ടറന്മാരേയും തകര്‍ക്കുന്ന ഒരു അജന്‍ഡ 1980 കള്‍ മുതല്‍ കേരളത്തില്‍ ദൃശ്യമായിത്തുടങ്ങിയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു PH സെന്റര്‍ ഉണ്ടെങ്കില്‍ അടുത്ത് ഒരു സ്വകാര്യ ആശുപത്രി പച്ച പിടിക്കാന്‍ പ്രയാസമാണു. ഡോക്ടറന്മാര്‍ക്ക് പകരം അബ്കാരികളും തോട്ടം മുതലാളിമാരും രാഷ്ട്രീയക്കാരുടെ ബിനാമികളും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണു സര്‍ക്കാര്‍ ആശുപത്രികളുടെ ശനിദശ. ആദ്യപ്രചരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ല. ബിസിനസ്സുകാര്‍ക്ക് വശഗരായി കൈയ്യും കെട്ടി നിന്നു കൊടുക്കാന്‍ സര്‍ക്കാര്‍ മടിച്ചില്ല. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയുമെടുത്തില്ല. പിന്നെ ഡോക്ടറന്മാര്‍ക്കെതിരേയായി അവരുടെ ആക്രമണം. സര്‍ക്കാര്‍ ഡോക്ടറന്മാര്‍ കഴിവുകെട്ടവരും അഴിമതിക്കാരും ആണെന്ന പ്രചരണം അഴിച്ചു വിട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളും അതില്‍ പങ്കുചേര്‍ന്നു. മാദ്ധ്യമമുതലാളിമാരില്‍ പലര്‍ക്കും സ്വന്തമായി ആശുപത്രികള്‍ ഉള്ളപ്പോള്‍ അവര്‍ക്ക് വിട്ടുനില്‍ക്കാനാവില്ലല്ലോ. എന്നിട്ടും ആരോഗ്യകേന്ദ്രങ്ങള്‍ പിടിച്ചുനിന്നു. കേരളത്തിലെ പകുതിയിലേറെ ജനങ്ങളും അവിടെ നിന്ന് സേവനം നേടിക്കൊണ്ടിരുന്നു. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപരിപാലനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണു ഈ വാഗ്ദാനലംഘനം. 22 വയസ്സുള്ള ഒരു എഞ്ജിനിയര്‍ക്ക് തുടക്കത്തില്‍ 30,000ഉം 40,000 ഉം ശമ്പളം കിട്ടുമ്പോള്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക് 15,000 ല്‍ത്താഴെ മാതൃമേ കിട്ടു. ഒരു ഡോക്ടറെത്തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ഏടുക്കുമ്പോള്‍ PSC മുഖേന കയറുന്ന ഡോക്ടറേക്കാള്‍ 10,000 കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനു മടിയില്ല. സ്വകാര്യാശുപത്രികള്‍ യുവഡോക്ടറന്മാര്‍ക്ക് ലക്ഷങ്ങളും കമ്മീഷനും വച്ചു നീട്ടുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് പിരിയാറാകുന്ന ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക് കിട്ടുന്നതോ 30,000 ത്തിനടുത്ത്. ഇതിന്റെ ഒക്കെ പിന്നില്‍ ഒരൊറ്റലക്ഷ്യമേയുള്ളു. ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സംവിധാനം തകര്‍ക്കണം. സ്വകാര്യ ആശുപത്രികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്കും അത് കയ്യടക്കണം. ഇന്നത്തെ പരിതസ്ഥിതിയില്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണു സര്‍ക്കാര്‍ ഡോക്ടറന്മാരുടെ ആത്മവീര്യം കെടുത്തുക എന്നത്. അതിനു ആധുനിക മാനേജുമന്റ് വിദഗ്ദരുടെ കണ്ടുപിടുത്തമാണു അന്തരം വര്‍ദ്ധിപ്പിക്കല്‍. ഇതൊരു മനഃശ്ശാസ്ത്രപരമായ ആയുധമാണു. ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വരുമാനത്തില്‍ അന്തരമുണ്ടാകുമ്പോള്‍ അസൂയയും സ്പര്‍ദ്ധയും ഉണ്ടാകും. തൊഴിലിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെടും. ആ മേഖലയില്‍ അസ്വസ്തത തലപൊക്കും. പുതുതലമുറ ആ രംഗം പതുക്കെ ഉപേക്ഷിക്കാന്‍ തുടങ്ങും. ഇന്ന് IAS പ്രലോഭനീയമല്ലാതെ ആയിക്കൊണ്ടിരിക്കുന്നപോലെ. ഒടുവില്‍, സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തകരും. അതു കാത്തിരിക്കുന്നവരുണ്ട്. മേഷയുദ്ധത്തിലെ കുറുക്കനേപ്പോലെ. സമരം ചെയ്യുന്ന ഡോക്ടറന്മാരോട് അനുഭാവം പ്രകടിപ്പിക്കാതെ മാറിനില്‍ക്കുന്ന മലയാളി തന്റെ തനി സ്വഭാവം കാണിക്കുകയാണു. പകര്‍ച്ചപ്പനി വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറന്മാര്‍ ആത്മാര്‍ത്ഥതയോടെ രാവും പകലും ചികിത്സിച്ചത് നാം കണ്ടു. ആ സന്ദര്‍ഭത്തില്‍ അവരുടെ കാര്യക്ഷമതയും സേവനമനസ്ഥിതിയും നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. പരിമിതമായ സൗകര്യങ്ങളിലും അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ലക്ഷക്കണക്കിനു രോഗികളാണു രക്ഷപ്പെട്ടത്. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് കിട്ടിയ ചികിത്സ കുറഞ്ഞചെലവിലുള്ളതായിരുന്നുവെന്ന് നാം മറന്നുപോകരുത്. അതേ രോഗത്തിനു സ്വകാര്യാശുപത്രികളില്‍ പോയവര്‍ പതിനായിരങ്ങള്‍ മുടക്കിയാണു തിരിച്ചിറങ്ങിയത്. അതും വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയരായിക്കൊണ്ട്. കേരളത്തിലെ ഭൂരിപക്ഷം പാവങ്ങള്‍ക്ക് അത് താങ്ങാനാവില്ല. അവരുടെ ആശ്രയം ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളാണു. അതിനെ നശിപ്പിക്കരുത്. അതു കൊണ്ട് ഡോക്ടറന്മാരുടെ ആത്മാഭിമാനം തകരാന്‍ ഇടയാക്കാത്ത ഒരൊത്തുതീര്‍പ്പ് ഉണ്ടാവണം. അതിനു എത്രകോടികള്‍ ചെലവായാലും നഷ്ടമാവില്ല. മറിച്ചൊരു നീക്കമുണ്ടാവുകയും കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യരംഗം തകരുകയും ചെയ്താല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരന്റെ ശാപത്തീ സകല ബിസിനസ്സ് സങ്കല്‍പങ്ങളേയും അതിനു അരുനിന്നുകൊടുക്കുന്നവരേയും പിന്തുടര്‍ന്ന് ദഹിപ്പിക്കാതെ പോവില്ല. മലയാളിക്ക് ഇത് മനസ്സിലാകുമോ?
Subscribe to:
Posts (Atom)