Monday 24 September 2007

എങനെയുണ്ട് BSNL ന്റെ ബുദ്ധി?

സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേണാടില്‍ കയറിപ്പോയ മൂര്‍ഖന്‍പാമ്പിനേയാണെങ്കിലും ടാക്സിപിടിച്ചു ചെന്ന് എടുത്ത്‌ കഴുത്തിലിടുന്ന 'പോഴ'ന്മാരുടെ നാടാണു കേരളം.
കച്ചവടക്കാര്‍ക്കിതു നന്നായറിയാം.BSNL ഉം ഒരു കച്ചവടക്കാരനാണല്ലോ!
ഇനി, സംഭവം എന്താണെന്നുവച്ചാല്‍, പോസ്റ്റ്‌ പെയ്ഡ്‌ വരിക്കാര്‍ക്ക്‌ BSNL ഒരു ഓണക്കെണി ഒരുക്കി. 'ജോഡി'.
ഒരു സിം കൊണ്ടുതന്നെ പ്രയാസപ്പെടുന്നവനു ഒന്നുകൂടി ഫ്രീ.
'ചരക്ക്‌' ഒരു കൊറിയര്‍ കമ്പനി വഴി കൊടുത്തയച്ചു. തികച്ചും പ്രൊഫഷണലാണു കമ്പനി എന്നാണു വയ്പ്‌. സംഗതി 'ജോറാ'യി അവസാനിച്ചു. പകുതി പോഴന്മാര്‍ക്കും ഓണസമ്മാനം കിട്ടിയില്ല!!
കേരളം എതാണ്ട്‌ ഒരു വലിയ പട്ടണമായി മാറിക്കൊണ്ടിരിക്കുകയും, എല്ലായിടത്തും എഞ്ജിനിയറിംഗ്‌ കോളേജുകള്‍ പോലെ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടും സിംകാര്‍ഡ്‌ വിതരണത്തിനു എന്തിനാണു ഒരു കൊറിയര്‍ കമ്പനി എന്ന് ആരും ചോദിച്ചില്ല. അതാണു ബ്യൂറോക്രസിയുടെ ഒരു ടെക്കനിക്ക്‌! ബ്യൂറോക്രസിയില്‍ 'വരായ്കകള്‍ക്ക്‌' ഒരു സവിശേഷസ്ഥാനമുണ്ട്‌. അതറിയാത്തവരാണിത്തരം ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌.
പക്ഷെ അതിലെങ്കിലും ഒന്ന് പ്രൊഫഷണലായിക്കൂടെ? ആയി എന്നാണു BSNL ന്റെ അവകാശവാദം. 'വൈകിട്ടത്തെ പരിപാടിക്കുള്ള' സാധനം കിട്ടുന്ന കടപോലെ കേരളത്തിലെല്ലായിടത്തും ശാഖകള്‍ ഉള്ള ഒരു സ്ഥാപനത്തെയാണു വിതരണം ഏല്‍പ്പിച്ചതെന്നു അവര്‍ പറയും. അതുകൊണ്ടാണല്ലോ പകുതിപ്പേര്‍ക്കും സിം കിട്ടാതെ പോയത്‌.
കൊറിയറുകാരനെക്കുറിച്ച്‌ ദോഷം പറയരുതല്ലാ. ടി കമ്പനി വഴി ഇന്ന് സാധനമയച്ചാല്‍ നാളെകിട്ടുമെന്ന് കരുതിയിരിക്കുമ്പോള്‍ മറ്റന്നാളോ രണ്ട്‌ ദിവസം കഴിഞ്ഞോ സംഗതി 'തപാലില്‍' കിട്ടുമെന്ന് ഉറപ്പ്‌! നല്ല ബസ്റ്റ്‌ വിതരണക്കാര്‍.
ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചരിപ്പിച്ചാണല്ലോ 'ആഗോളീകരണ'കാലത്ത്‌ കൊറിയര്‍ കമ്പനികള്‍ കടന്നു വന്നതു. പോഴന്മാര്‍ക്ക്‌ ഇന്ത്യാപോസ്റ്റിനെ വിശ്വാസമില്ലെങ്കിലും കൊറിയരുകാര്‍ക്ക്‌ നല്ല വിശ്വാസമാണു. അതുകൊണ്ടാണല്ലോ പോസ്റ്റ്‌ വഴി അവര്‍ സാധനം എത്തിച്ചു തരുന്നത്‌. ഡെലിവറി ചെക്കന്മാര്‍ക്ക്‌ പെട്രോളടിക്കാന്‍ കാശുകൊടുക്കുന്നതിനേക്കാള്‍ ലാഭം ഇന്ത്യാപോസ്റ്റ്‌ തന്നെ!
സംഭവത്തിലേക്ക്‌ തിരിച്ചു വരാം.
ഒരു സിംകാര്‍ഡിന്റെ കൂടെ ഒന്നു കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു 'ഓഫര്‍'. ആശ്വാസായി!മലയാളി വളരെ ബിസിയാണല്ലോ. ഒരു സിം കാര്‍ഡുകൊണ്ടൊന്നും ജീവിച്ചുപോകാന്‍ പ്രയാസമാണു. ഓച്ചന്തുരുത്തിലാണു ജീവിക്കുന്നതെങ്കിലും സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്നവന്റെ ഭാവനയാണു മലയാളിക്ക്‌. അതാണു വികാസം. രണ്ട്‌ സിംകാര്‍ഡാണു പുരോഗതി.
ഫ്രീസാധനം വരുന്നെന്നറിഞ്ഞപ്പോഴെ ഒരാധിയായി.ചരക്കെപ്പോഴെത്തും? എന്താ അതിങ്ങ്‌ വരാത്തെ? ഏതെങ്കിലും പ്രൈവറ്റുകാരനാണെങ്കില്‍ എപ്പോ എത്തിയെന്ന് ചോദിച്ചാല്‍ മതി.
മലയാളിയുടെ ആശങ്ക അങ്ങനെ വളര്‍ന്നു.
ഈ മനഃശ്ശാസ്ത്രം നന്നായറിയാവുന്ന 'കൊറിയക്കാരന്‍' ഒരു നമ്പരിട്ടു. ഗ്രാമങ്ങളില്‍ വസിക്കുന്ന പോഴന്മാര്‍ക്ക്‌ ചരക്ക്‌ നേരിട്ടെത്തിച്ചു കൊടുക്കാനാവില്ല. കാരണം ഗ്രാമങ്ങളൊക്കെ 'റിമോട്ടാ'ണു. അവിടെയുള്ള പോഴന്മാര്‍ കമ്പനിയുടെ കടയില്‍ വന്ന് ചരക്ക്‌ വാങ്ങിക്കൊണ്ട്‌ പോകണം. അഥവാ കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങണം.
സാങ്കേതികമായി, 64 മുനിസിപ്പാലിറ്റികളും, 5 കോര്‍പ്പറേഷനുകളും കഴിഞ്ഞാല്‍ ബാക്കിയൊക്കെ ഗ്രാമങ്ങളാണു, കേരളത്തില്‍. ഗ്രാമങ്ങള്‍ ഗോസായിയുടെ ഭാഷയില്‍ ഗാവുകളാണു. ഗാവുകള്‍ എല്ലാം റിമോട്ട്‌ ആകുന്നു!!എങ്ങനെയുണ്ട്‌ കൊറിയര്‍ കമ്പനിയുമായി കരാറൊപ്പിട്ടവന്റെ ബുദ്ധി? ഓന്‍ കേരളം കണ്ടിട്ടുണ്ടോ? അതോ വല്ലതും തടഞ്ഞോ?
സാധനം വന്നോ എന്നന്വേഷിച്ച്‌ പോഴന്മാര്‍ അങ്ങോട്ട്‌ ചെന്ന് കൈപ്പറ്റണം. വെറുതെ ചെന്നാല്‍പ്പോരാ. ഇന്ത്യന്‍ പൗരനാണെന്നു തെളിയിച്ചു കൊടുക്കണം.
അതിനു രേഖകാണിക്കണം.
ആരെ?
കൊറിയര്‍ കമ്പനിയില്‍ മാസം 300 രൂപാ ശമ്പളത്തിനിരിക്കുന്ന പെങ്കൊച്ചിനെ.
എന്തു രേഖ?
ഇന്ത്യന്‍ പ്രസിഡന്റ്‌ അനുമിച്ച്‌, 24 ആരക്കാലുള്ള അശോകചക്രവും, 4 ഉണ്ടെങ്കിലും മൂന്നുസിംഹത്തെ മാത്രം കാണുന്നതുമായ സ്തംഭവും പതിച്ച പാസ്സ്പോര്‍ട്ട്‌.(കാണാത്ത ആ സിംഹത്തെ പറ്റിയൊരു കഥയുണ്ട്‌. ബ്യൂറോക്രസിയുടെ സ്വഭാവം വച്ചുനോക്കിയാല്‍ ടിയാന്‍ ലീവെടുക്കാതെ മുങ്ങിയതാവാനാണു സാധ്യത.)
പാസ്സ്പോര്‍ട്ടില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ബലേ ഭേഷ്‌! അതു കാട്ടിക്കൊടുക്കാന്‍ എന്തു യോഗ്യതയാണു കൊറിയര്‍ കമ്പനിയില്‍ ഇരിക്കുന്നവനുള്ളതു? അതാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതൊക്കെ കാണണമെന്നാവശ്യപ്പെടാനും ഒരു യോഗ്യതയൊക്കെ വേണം. ഭരണഘടന അനുശാസിക്കുന്ന യോഗ്യത. അത്‌ കൊറിയക്കാര്‍ക്കറിയില്ലല്ലോ. കൊറിയനറിയില്ലെങ്കിലും BSNL നെങ്കിലും അതറിയണമായിരുന്നു.
മേല്‍ വിലാസക്കാരനെ തേടിപ്പിടിച്ച്‌, ബോദ്ധ്യപ്പെട്ട്‌ ഉരുപ്പടി കൈമാറ്റം ചെയ്യലാണു കൊറിയന്റെ പണി. അതിനാണു രൂ.12 ഉളിപ്പില്ലാതെ വാങ്ങുന്നത്‌. എന്നിട്ട്‌ അത്‌ പറ്റില്ല എന്ന് പറയുന്നത്‌ നിയമലംഘനം. ഉരുപ്പടിയുമായി വീട്ടുകാരനെത്തേടിച്ചെല്ലുമ്പോള്‍ സംശയം തോന്നിയാല്‍ അയല്‍ക്കാരനോട്‌ ചോദിക്കാം. അല്ലെങ്കില്‍ പഞ്ചായത്താഫീസിലോ വില്ലേജാഫീസിലോപോയി ഉറപ്പുവരുത്തണം. അല്ലാതെ എമിഗ്രേഷന്‍ ഒഫീസറേപ്പോലെയോ, തിരഞ്ഞെടുപ്പുകമ്മീഷണറേപ്പോലെയോ പാസ്പോര്‍ട്ട്‌ കാണട്ടെ, തിരിച്ചറിയല്‍ കാര്‍ഡുകൊണ്ടുവരു എന്നല്ല പറയേണ്ടത്‌.
മനസിലാകേണ്ടവര്‍ക്ക്‌ ഇതൊക്കെ മനസ്സിലാകുമോ ആവോ?
പോഴന്‍ എന്നും പോഴന്‍ തന്നെ.
ശീര്‍ഷാസനത്തില്‍:
കേരളത്തിലെ എല്ലാപോസ്റ്റാഫീസുകളിലും ഇപ്പോള്‍ സ്പീഡ്‌ പോസ്റ്റ്‌ സൗകര്യമുണ്ട്‌. എന്നിട്ടും എന്താ ഇന്ത്യാപോസ്റ്റിനെ ഒഴിവാക്കി ഒരു കൊറിയര്‍ കമ്പനിയുമായി BSNL കരാറുണ്ടാക്കിയത്‌? എന്തെങ്കിലുമൊക്കെ വരായ്ക കാണുമായിരിക്കും അല്ലെ? ഒരു കാലത്ത്‌ ഈ BSNL ഉം INDIA POST ഉം ഒരൊറ്റസ്ഥാപനമായിരുന്നെന്നും മറന്നു പോയി.
മറവി ഒരുപാടുള്ള കാലമാണു.
എന്തിന്റെ മീതേയാണു പരുന്ത്‌ പറക്കില്ലാ എന്ന് പറയാറു? അതങ്ങ്‌ മറന്നു..............