Tuesday 9 October 2007

ആദ്യമായി സ്പര്‍ശ്ശിച്ച ആ കൈകള്‍.........

ഈ ലോകത്തിലേക്ക്‌ കടന്നുവന്നപ്പോള്‍ ആദ്യമായി സ്പര്‍ശിച്ച ആ കൈകള്‍ ഓര്‍മ്മയുണ്ടോ?
ഇല്ല. കാണില്ല.
ഉണ്ടായിരുന്നെങ്കില്‍ മലയാളി ഈ നന്ദികേട്‌ കാണിക്കുമായിരുന്നില്ല!
1930 മുതല്‍ തിരുവിതാംകൂറിലും സ്വാതന്ത്ര്യാനന്തരം കേരളത്തിലുടനീളവും നിലവില്‍ വന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറന്മാര്‍ ന്യായമായ വേതനം ആവശ്യപ്പെട്ടു കൊണ്ട്‌ സമരത്തിലാണു. അതും മര്യാദാപൂര്‍വ്വം. ആശുപത്രികള്‍ അടച്ചിട്ടല്ല അവര്‍ സമരം ചെയ്യുന്നത്‌. രോഗികള്‍ക്ക്‌ ചികിത്സ നല്‍കിക്കൊണ്ടും എന്നാല്‍ രാഷ്ട്രീയക്കാരുടെ വിടുപണി ഒഴിവാക്കിക്കൊണ്ടുമാണാ ആ സമരം. കേരളത്തിലെ ജനങ്ങളിലെ 60% ത്തേയും ആദ്യമായി സ്പര്‍ശിച്ച കരങ്ങളുടെ പാരമ്പര്യം പേറുന്ന അവര്‍ക്ക്‌ ഒരു അഭിവാദ്യം അര്‍പ്പിക്കാന്‍ പോലും നാം തയ്യാറായില്ല. തികഞ്ഞ നന്ദികേടല്ലാതെ എന്താണിത്‌?
സര്‍ക്കാര്‍ ആശുപത്രിയേയും സര്‍ക്കാര്‍ ഡോക്ടറന്മാരേയും തകര്‍ക്കുന്ന ഒരു അജന്‍ഡ 1980 കള്‍ മുതല്‍ കേരളത്തില്‍ ദൃശ്യമായിത്തുടങ്ങിയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു PH സെന്റര്‍ ഉണ്ടെങ്കില്‍ അടുത്ത്‌ ഒരു സ്വകാര്യ ആശുപത്രി പച്ച പിടിക്കാന്‍ പ്രയാസമാണു.
ഡോക്ടറന്മാര്‍ക്ക്‌ പകരം അബ്കാരികളും തോട്ടം മുതലാളിമാരും രാഷ്ട്രീയക്കാരുടെ ബിനാമികളും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണു സര്‍ക്കാര്‍ ആശുപത്രികളുടെ ശനിദശ.
ആദ്യപ്രചരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ല. ബിസിനസ്സുകാര്‍ക്ക്‌ വശഗരായി കൈയ്യും കെട്ടി നിന്നു കൊടുക്കാന്‍ സര്‍ക്കാര്‍ മടിച്ചില്ല. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയുമെടുത്തില്ല.
പിന്നെ ഡോക്ടറന്മാര്‍ക്കെതിരേയായി അവരുടെ ആക്രമണം.
സര്‍ക്കാര്‍ ഡോക്ടറന്മാര്‍ കഴിവുകെട്ടവരും അഴിമതിക്കാരും ആണെന്ന പ്രചരണം അഴിച്ചു വിട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളും അതില്‍ പങ്കുചേര്‍ന്നു. മാദ്ധ്യമമുതലാളിമാരില്‍ പലര്‍ക്കും സ്വന്തമായി ആശുപത്രികള്‍ ഉള്ളപ്പോള്‍ അവര്‍ക്ക്‌ വിട്ടുനില്‍ക്കാനാവില്ലല്ലോ. എന്നിട്ടും ആരോഗ്യകേന്ദ്രങ്ങള്‍ പിടിച്ചുനിന്നു. കേരളത്തിലെ പകുതിയിലേറെ ജനങ്ങളും അവിടെ നിന്ന് സേവനം നേടിക്കൊണ്ടിരുന്നു.
സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപരിപാലനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണു ഈ വാഗ്ദാനലംഘനം.
22 വയസ്സുള്ള ഒരു എഞ്ജിനിയര്‍ക്ക്‌ തുടക്കത്തില്‍ 30,000ഉം 40,000 ഉം ശമ്പളം കിട്ടുമ്പോള്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക്‌ 15,000 ല്‍ത്താഴെ മാതൃമേ കിട്ടു.
ഒരു ഡോക്ടറെത്തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ഏടുക്കുമ്പോള്‍ PSC മുഖേന കയറുന്ന ഡോക്ടറേക്കാള്‍ 10,000 കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനു മടിയില്ല.
സ്വകാര്യാശുപത്രികള്‍ യുവഡോക്ടറന്മാര്‍ക്ക്‌ ലക്ഷങ്ങളും കമ്മീഷനും വച്ചു നീട്ടുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് പിരിയാറാകുന്ന ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക്‌ കിട്ടുന്നതോ 30,000 ത്തിനടുത്ത്‌.
ഇതിന്റെ ഒക്കെ പിന്നില്‍ ഒരൊറ്റലക്ഷ്യമേയുള്ളു.
ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സംവിധാനം തകര്‍ക്കണം.
സ്വകാര്യ ആശുപത്രികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്കും അത്‌ കയ്യടക്കണം.
ഇന്നത്തെ പരിതസ്ഥിതിയില്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണു സര്‍ക്കാര്‍ ഡോക്ടറന്മാരുടെ ആത്മവീര്യം കെടുത്തുക എന്നത്‌. അതിനു ആധുനിക മാനേജുമന്റ്‌ വിദഗ്ദരുടെ കണ്ടുപിടുത്തമാണു അന്തരം വര്‍ദ്ധിപ്പിക്കല്‍. ഇതൊരു മനഃശ്ശാസ്ത്രപരമായ ആയുധമാണു.
ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വരുമാനത്തില്‍ അന്തരമുണ്ടാകുമ്പോള്‍ അസൂയയും സ്പര്‍ദ്ധയും ഉണ്ടാകും. തൊഴിലിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെടും. ആ മേഖലയില്‍ അസ്വസ്തത തലപൊക്കും. പുതുതലമുറ ആ രംഗം പതുക്കെ ഉപേക്ഷിക്കാന്‍ തുടങ്ങും.
ഇന്ന് IAS പ്രലോഭനീയമല്ലാതെ ആയിക്കൊണ്ടിരിക്കുന്നപോലെ.
ഒടുവില്‍, സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തകരും. അതു കാത്തിരിക്കുന്നവരുണ്ട്‌. മേഷയുദ്ധത്തിലെ കുറുക്കനേപ്പോലെ.
സമരം ചെയ്യുന്ന ഡോക്ടറന്മാരോട്‌ അനുഭാവം പ്രകടിപ്പിക്കാതെ മാറിനില്‍ക്കുന്ന മലയാളി തന്റെ തനി സ്വഭാവം കാണിക്കുകയാണു.
പകര്‍ച്ചപ്പനി വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറന്മാര്‍ ആത്മാര്‍ത്ഥതയോടെ രാവും പകലും ചികിത്സിച്ചത്‌ നാം കണ്ടു. ആ സന്ദര്‍ഭത്തില്‍ അവരുടെ കാര്യക്ഷമതയും സേവനമനസ്ഥിതിയും നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. പരിമിതമായ സൗകര്യങ്ങളിലും അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ലക്ഷക്കണക്കിനു രോഗികളാണു രക്ഷപ്പെട്ടത്‌.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് കിട്ടിയ ചികിത്സ കുറഞ്ഞചെലവിലുള്ളതായിരുന്നുവെന്ന് നാം മറന്നുപോകരുത്‌.
അതേ രോഗത്തിനു സ്വകാര്യാശുപത്രികളില്‍ പോയവര്‍ പതിനായിരങ്ങള്‍ മുടക്കിയാണു തിരിച്ചിറങ്ങിയത്‌. അതും വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയരായിക്കൊണ്ട്‌. കേരളത്തിലെ ഭൂരിപക്ഷം പാവങ്ങള്‍ക്ക്‌ അത്‌ താങ്ങാനാവില്ല.
അവരുടെ ആശ്രയം ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളാണു. അതിനെ നശിപ്പിക്കരുത്‌.
അതു കൊണ്ട്‌ ഡോക്ടറന്മാരുടെ ആത്മാഭിമാനം തകരാന്‍ ഇടയാക്കാത്ത ഒരൊത്തുതീര്‍പ്പ്‌ ഉണ്ടാവണം.
അതിനു എത്രകോടികള്‍ ചെലവായാലും നഷ്ടമാവില്ല.
മറിച്ചൊരു നീക്കമുണ്ടാവുകയും കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യരംഗം തകരുകയും ചെയ്താല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരന്റെ ശാപത്തീ സകല ബിസിനസ്സ്‌ സങ്കല്‍പങ്ങളേയും അതിനു അരുനിന്നുകൊടുക്കുന്നവരേയും പിന്തുടര്‍ന്ന് ദഹിപ്പിക്കാതെ പോവില്ല.
മലയാളിക്ക്‌ ഇത്‌ മനസ്സിലാകുമോ?

27 comments:

അശോക് കർത്താ said...

മലയാളിക്ക്‌ ഇത്‌ മനസ്സിലാകുമോ?

Unknown said...

പ്രിയപ്പെട്ട കര്‍ത്താ സര്‍ ,
താങ്കള്‍ വളരെ പ്രസക്തമായ ഒരു സംഗതി , തക്കതായ സന്ദര്‍ഭത്തില്‍ വളരെ വസ്തുനിഷ്ടമായി ഓര്‍മ്മപ്പെടുത്തിയിരിക്കുന്നു . ഇത് ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നതെങ്കില്‍ എന്റെ നാടിന്റെ ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍ ! ഈ പോസ്റ്റിന് മുഴുവന്‍ മലയാളികള്‍ക്ക് വേണ്ടിയും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു !!

myexperimentsandme said...

വളരെ നല്ല പോസ്റ്റ്.

കുറെ നാളുകളായി കണ്ടുവരുന്ന പ്രവണതയാണ് സര്‍ക്കാര്‍ ആശുപത്രികളെയും അവിടുത്തെ ഡോക്‍ടര്‍മാരെയും താറടിച്ച് കാണിക്കാനുള്ള ശ്രമം. ഏതൊരു മേഖലയിലുമെന്നാപോലെ നല്ലവരും ചീത്തയാള്‍ക്കാരുമുള്ള മേഖലയാണ് സര്‍ക്കാര്‍ ആശുപത്രികളും. പക്ഷേ ഒരൊറ്റ സ്വകാര്യ ആശുപത്രികളെയോ അവിടുത്തെ ഡോക്ടര്‍മാരെയോ ഒന്നും പറയാത്ത മാധ്യമങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലെ പ്രശ്‌നം വരുമ്പോള്‍ ഏതാശുപത്രി, ഏത് ഡോക്ടര്‍, ഏത് വാര്‍ഡ് എന്നെല്ലാം വ്യക്തമായി എഴുതും. അതേ സമയം സ്വകാര്യ ആശുപത്രിയിലെ പ്രശ്‌നമാണെങ്കിലോ, നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി എന്ന് മാത്രം മാക്സിമം.

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് പച്ചപിടിച്ച് വന്ന സമയത്ത് ആലപ്പുഴ മെഡിക്കല്‍ കോളേജിനെതിരെയുള്ള വാര്‍ത്തകളുടെ ഒഴുക്ക് ധാരാളമായിരുന്നു.

പണ്ട് കിരണിന്റെ പോസ്റ്റില്‍ ഇവിടെ ഇതിനോട് അനുബന്ധിച്ച് ഒരു കമന്റിട്ടിരുന്നു. പലയിടത്തും ഇതുപോലെ പറഞ്ഞിരുന്നു.
-------------------------------

ഒരു ഡോക്‍ടറുടെ അനാസ്ഥകൊണ്ട് രോഗി മരിക്കുകയോ, മരണക്കിടക്കയില്‍ കിടക്കുന്ന രോഗിയെ ചികിത്സിക്കാനും കൈക്കൂലി ചോദിക്കുകയോ ഒക്കെ ചെയ്യുന്ന ഡോക്ടര്‍മാരെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കണം. അത്തരം ഒരു സന്ദേശം ഇവിടുത്തെ രാഷ്ട്രീയ നേതൃത്വവും സര്‍ക്കാരും എല്ലാ ഡോക്ടര്‍മാര്‍ക്കും കൊടുക്കണം. അങ്ങിനെയൊരു സംഭവം വന്നാല്‍ ഉടന്‍ നടപടി എടുക്കണം.

പക്ഷേ...

മതിയായ ചികിത്സാ സൌകര്യങ്ങളില്ലാത്ത ഒരു മെഡിക്കല്‍ കോളേജ് ആസ്‌പത്രിയില്‍ ഒരു രോഗി മരിച്ചത് എന്തുകൊണ്ടാണെന്നും കൂടി ഒന്നറിയാന്‍ മിനക്കെടാതെ ഡോക്ടറെ അറസ്റ്റ് ചെയ്യുകയും ആശുപത്രി തല്ലിപ്പൊളിക്കുകയും ചെയ്യുന്ന രീതിയില്‍ മലയാളികളെ പ്രതികരിക്കാന്‍ പഠിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെയും അവര്‍ പറയുന്നതനുസരിച്ച് പ്രതികരിക്കുന്ന മലയാളിയുടെയും രാഷ്ട്രീയത്തിന്റെ ഒരു പ്രശ്‌നം മിടുക്കന്മാരായ പല ഡോക്‍ടര്‍മാരെയും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രാപ്യമായ മെഡിക്കല്‍ കോളേജുകളില്‍ നിന്നും അകറ്റുമെന്നതാണ്.

ഇപ്പോള്‍ തന്നെ ഏതെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരു കൈയ്യേറ്റം നടന്നാലും ചില്ല് തല്ലിപ്പൊട്ടിച്ചാലും സന്തോഷിക്കുന്നത് തൊട്ടപ്പുറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജാണ്. സ്വാശ്രയ മെഡിക്കല്‍ കോളേജൊക്കെ വന്നതില്‍ പിന്നെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജുകളിലെ പ്രശ്‌നങ്ങളെപ്പറ്റി വാര്‍ത്തകളൊക്കെ വളരെ കൂടിയോ എന്ന് സംശയം. കോണ്‍‌സ്പിരസി തിയറിയാവാം, എന്നാലും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ രോഗികളുടെ അനുവാദമില്ലാതെ അവരുടെ ഫോട്ടോ പിടിക്കുന്നു എന്ന് പോലും ആരോപണമുണ്ടായിരുന്നു (ഡോക്ടര്‍മാര്‍ അവരുടെ പഠനത്തിന്റെ ആവശ്യത്തിന് ക്യാമറ കൊണ്ടുനടക്കുന്നത് പുതിയ സംഭവമല്ല-എങ്കിലും അത് സെന്‍സേഷനാവുന്നത് ഇപ്പോള്‍-അവിടെയും ആരെങ്കിലും തോന്ന്യവാസം കാണിച്ചിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നടപടി എടുക്കണം).

പക്ഷേ ലക്ഷങ്ങള്‍ കിട്ടുമെങ്കിലും മറ്റ് പല കാരണങ്ങളുടെയും പേരിലും, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പാവങ്ങളെ ചികിത്സിക്കുന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം എന്ന ചിന്തയുടെ പേരിലുമൊക്കെ അവിടെ സേവനം നടത്തുന്ന കുറെ ഡോക്ടര്‍മാരെങ്കിലും കിട്ടുന്ന ഓരോ തല്ലിനും ജയിലിനും ശേഷം ലക്ഷങ്ങള്‍ വാങ്ങിച്ച് അപ്പുറത്തെ സ്വാശ്രയ കോളേജില്‍ പോകും. നഷ്ടപ്പെടുന്നത് രാഷ്ട്രീയക്കാര്‍ ആവശ്യത്തിനു മാത്രം സൂക്ഷിച്ചുപയോഗിക്കുന്ന നാട്ടിലെ പാവപ്പെട്ടവര്‍ക്കും. സ്വകാര്യ ആശുപത്രിയില്‍ പിന്നെ രോഗിക്കെന്ത് പറ്റിയാലും ആര്‍ക്കും പ്രശ്‌നവുമില്ലല്ലോ.

ഈ കാര്യങ്ങളിലൊക്കെ വളരെ മാതൃകാപരമായി പ്രതികരിക്കുന്ന വ്യക്തമായ രാഷ്ട്രീയമുള്ള മലയാളി തൊട്ടപ്പുറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് പാരവെച്ചതുകൊണ്ട് മാത്രം ഇപ്പുറത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പത്ത് കൊല്ലമായിട്ടും പണി പൂര്‍ത്തിയാക്കാതെ കിടക്കുന്ന അത്യന്താധുനികമായ സ്കാനിഗ് സെന്ററിന്റെയും ചികിത്സാ വിഭാഗത്തിന്റെയും കാര്യത്തിലെ വൃത്തികെട്ട രാഷ്ട്രീയക്കളി ഒട്ട് കാണുന്നുമില്ല. അത് വന്നാല്‍ അതിന്റെ ഗുണം ഏറ്റവും കിട്ടുന്നത് നാട്ടിലെ പാവപ്പെട്ടവര്‍ക്ക് തന്നെ. ഇതിന്റെ മുന്നില്‍ കൂടിത്തന്നെയാണ് സദ്ദാം ഹുസൈനെ വധിച്ചപ്പോള്‍ മലയാളി കൊടിയും പിടിച്ച് പ്രകടനം നടത്തിയത്. ഇപ്പോള്‍ അതിനെപ്പറ്റി പറയുന്നത് ഔചിത്യക്കുറവാണെന്നറിയാം. പക്ഷേ അതിനെപ്പറ്റി എപ്പോളെങ്കിലും ഒന്ന് പ്രതികരിക്കേണ്ടേ.

മലയാളിയെ ദേശീയവും അന്തര്‍ ദേശീയവുമായ കാര്യങ്ങളിലെല്ലാം പ്രതികരിക്കാന്‍ പഠിപ്പിക്കുന്ന രാഷ്ട്രീയക്കാരും അവരുടെ പ്രതികരണശേഷിയില്‍ അഭിമാനം കൊള്ളുന്നവരും ഇടയ്ക്കെങ്കിലും പ്രതികരിക്കേണ്ട കാര്യങ്ങളില്‍ പ്രതികരിക്കേണ്ട രീതിയില്‍ പ്രതികരിക്കാനും അവരെ പഠിപ്പിക്കുന്നത് നന്നായിരിക്കും. നമ്മുടെ പ്രതികരണ ശേഷി വിനിയോഗിക്കേണ്ട അടിയന്തിര പ്രാധാന്യമുള്ള ധാരാളം വിഷയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്-പാവപ്പെട്ടവരെ നേരിട്ട് ബാധിക്കുന്നതുള്‍പ്പടെ. അവിടെയൊക്കെ പ്രതികരിക്കാന്‍ പ്രതീകങ്ങളുടെ ജാതിയും മതവും അവരുടെ രാഷ്ട്രീയവും നോക്കാന്‍ പഠിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ ഉദ്ദേശ ശുദ്ധിയെ വല്ലപ്പോഴുമൊക്കെ ചോദ്യം ചെയ്യുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നവരുടെ രാഷ്ട്രീയത്തോടുള്ള പുച്ഛമായി കാണേണ്ട എന്ന് തോന്നുന്നു. അതിന് ഉത്തരവാദികളായവരോട് മാത്രമുള്ള പ്രതികരണമായി കണ്ടാല്‍ മതി.

അശോക് കർത്താ said...

വക്കാരിമഷ്ടായുടെ കന്റ് പോസ്റ്റുമായി ചേര്‍ത്ത് വായിക്കേണ്ടതാണു. നന്ദി

അശോക് കർത്താ said...

ജയപ്രകാശ് (JP)അയച്ചു തന്ന സ്ക്രാപ്പ് ഇതോടൊപ്പം ചേര്‍ക്കുന്നു.

“തിരു.പുരം എസ്.എ.റ്റി-യില്‍ രോഗാണുബാധമൂലം നവജാത ശിശുക്കള്‍ മരിച്ചസംഭവം വലിയ ഒച്ചപ്പാടുണ്ടാക്കിയില്ലേ..
ഇംഗ്ലണ്ടിലെ അവസ്ഥ നോക്കൂ...
ആശുപത്രിജന്യമായ രോഗങ്ങള്‍ മൂലം അയ്യായിരത്തോളം പേര്‍ പ്രതിവര്‍ഷം മരിക്കുന്നു..
ഇവിടുത്തെ ഹെല്‍ത് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ (HPA) കണക്കു പ്രകാരം
2006-07-ല്‍ ആശുപത്രിയില്‍ നിന്നും MRSA (Methicillin Resistant Staphylococcus Aureus)
എന്ന ബാക്റ്റീരിയമൂലം രോഗം ബാധിച്ചവര്‍ 6378..
മൂന്നു ആശുപത്രികളില്‍ നിന്നും ക്ലൊസ്ട്രീഡിയം ഡിഫിസില്‍ എന്ന ബാക്റ്റീരിയ ബാധിച്ച് ഈ വര്‍ഷം 345 മരണം..
(ഇന്നു പുറത്തുവിട്ട ‘ഹെല്‍ത്കെയര്‍ കമ്മീഷ്’ന്റെ റിപ്പോര്‍ട്ട്)
വ്യാപകമായ ആന്റിബയോട്ടിക് ചികിത്സയും ശുചിത്വമില്ലാത്ത അന്തരീക്ഷവും...
ഇവ രണ്ടുമാണ് കാരണങ്ങളായി പറയുന്നത്..
ആശുപത്രിയില്‍ പോകുന്നത് രോഗം മാറാന്‍..
പഴയ രോഗം മാറ്റി പുതിയ രോഗം കൊണ്ടുവരാനാണെങ്കിലോ? “
ജയപ്രകാശിന്റെ ഐഡി : http://www.orkut.com/Profile.aspx?uid=18437760354046953239

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

മേഷയുദ്ധത്ത്ലെ കുറുക്കന്റെ അവസാനം പോലെ തന്നെയായാല്‍ നന്നാവില്ലെ മഷേ..

കാളിയമ്പി said...

ആദ്യമായി സ്പര്‍ശിച്ച കൈയ്യുകളോടുള്ള നന്ദികേട് മലയാളി ഒട്ടും കാണിയ്ക്കുന്നില്ല.വളരെ ശരി.:)

വക്കാരിമഷ്ടാ പറഞ്ഞത് അതിലും ശരി.

പക്ഷേ ഒരു കാര്യം വിട്ട്പോകുന്നു നന്ദിയുടെ കണക്കെടുപ്പില്‍.

ഏത് എഞ്ചിനീയര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ 40000 ഉം 50000 ഉം ഒക്കെ ശമ്പളമുള്ളത്? സ്വകാര്യ സര്‍വീസിലുണ്ടാകും. ഞാന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ കാര്യമാണ് ചോദിച്ചത്. താരതമ്യം സമാനര്‍ തമ്മിലാവുന്നതല്ലേ ശരി?

ഏത് ലക്ചരര്‍(മാസ്റ്റേഴ്സ്+ എം ഫില്‍/ പി എച് ഡീ) അമ്പതിനായിരം വാങ്ങുന്നു ഇന്നാട്ടില്‍?

പിന്നെ ഏത് സ്വകാര്യ ആശുപത്രിയാണ് ലക്ഷക്കണക്കിനു രൂപാ ശമ്പളം കൊടുക്കുന്നത്? നഗരങ്ങളിലെ വന്‍‌കിട സ്വകാര്യ ആശുപത്രികള്‍ അത്ര വലിയ ശമ്പളമൊന്നും നല്‍കുന്നില്ല മാഷേ.നഗരങ്ങളിലെ സ്വകാര്യ ആശുപത്രിക്കാരേക്കാള്‍ കാശ് സര്‍ക്കാര്‍ ഡൊക്ടര്‍മാര്‍ ഉണ്ടാക്കുന്നുണ്ട്.ഉദാഹരണത്തിന് അമൃതാ ആശുപത്രി. യൂ ജീ സീ സ്കെയിലില്‍ മാത്രമേ അവിടെ ശമ്പളമുള്ളൂ.(ചില വന്‍ പുലികള്‍ക്ക് എക്സപ്ഷന്‍ ഉണ്ടാകും കേട്ടോ:) എന്നിട്ടും സര്‍കാരാശുപത്രിയില്‍ നിന്ന് പഠിച്ചിറങ്ങി അവിടേയ്ക്ക് കയറിപ്പറ്റാന്‍ ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നതെന്തിന്?

സര്‍കാര്‍ ഡൊക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിന്റെ വരുമാനം ഏത് കണക്കില്‍ കൂട്ടുന്നു?

മെഡിയ്ക്കല്‍ കോളേജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സിയ്ക്കുന്ന ഡൊക്ടര്‍മാര്‍ മറ്റ് പ്രൊഫഷണലുകളായ അവരുടെ അമാനരെക്കാളും (ഗവേഷകന്‍/ അധ്യാപകന്‍/മുതിര്‍ന്ന സാങ്കേതിക വിദഗ്ധര്‍/ പൊതു ഭരണ ഉദ്യോഗസ്ഥര്‍) ഒട്ടും കുറഞ്ഞ ശമ്പളമല്ല വാങ്ങുന്നത്.കാശുണ്ടാക്കാനുള്ള സാധ്യതകള്‍ ഒട്ട് കൂടുതലാണു താനും. നന്ദി മലയാളികളോട് ഡൊക്ടര്‍മാരാണ് കാണിയ്ക്കേണ്ടത്. ഇങ്ങനെ അവരെ പോറ്റുന്നതിന്. രാഷ്ട്രീയക്കാര്‍ക്കെതിരെയുള്ള പൊതുജനത്തിന്റെ വികാ‍രങ്ങള്‍ സമരവിജയത്തിന്റെ മാര്‍ഗമായി ഉപയോഗിയ്ക്കാനുള്ള തന്ത്രത്തില്‍ അശോകകര്‍ത്താ മാഷും വീണു. അത്രേള്ളൂ.

പിന്നെ യൂ കേയിലെ കാര്യം..അതും എസ് യൂ ടീയുമായി താരതമ്യപ്പെടുത്താനൊക്കില്ല.

അ) ആദ്യം MRSA (Methicillin Resistant Staphylococcus Aureus) യുടെ കാര്യം.
മിക്കവാറും രോഗികളിലും ആ രോഗം(ശരിയ്ക്കും അതൊരു രോഗമല്ല. നമ്മുടെ ശരീരത്തില്‍ സാധാരണ കാണുന്ന അത്ര ഉപദ്രവകാരിയല്ലാത്ത ഒരു ബാക്ടീരിയമാണ് Staphylococcus Aureus.

(‘അത്ര‘ ശ്രദ്ധിച്ചിരിയ്ക്കുമല്ലോ..ചില്ലറ ഉപദ്രവങ്ങള്‍ അവനുമുണ്ടാക്കും. ചിലപ്പോ വന്‍ ഉപദ്രവകാരിയായെന്നും വരും.സമയം പൊലിരിയ്ക്കും. അപഹാരം ശനിയാണേല്‍ രക്ഷല്യാ..:)

അതില്‍ ചിലവ സാധാരണ ഉപയോഗിയ്ക്കുന്ന ആന്റിബയോട്ടിക് ആയ penicillin/Methicillin നോട് പ്രതിരോധശക്തി നേടുന്നു. അപ്പോഴും എല്ലാ മനുഷ്യരിലും ഒരു ക്ലിനിയ്ക്കല്‍ ഇന്‍ഫക്ഷന്‍ എന്ന തലത്തിലേയ്ക്ക് എത്തിച്ചേരാന്‍ ആ ബാക്ടീരിയത്തിനു കഴിവില്ല. പക്ഷേ പേടിപ്പെടുത്തുന്നത് ഏതെങ്കിലും ഒരാളില്‍ രോഗത്തിന്റെയോ മറ്റോ ഫലമായി സാധാരണ രോഗപ്രതിരോധശക്തി കുറഞ്ഞാല്‍ Staphylococcus Aureus ഇന്‍ഫക്ഷനുണ്ടാകാം.

ആ ഇന്‍ഫക്ഷന്‍ ഉണ്ടാക്കുന്നത് Methicillin Resistant Staphylococcus Aureus ആയാല്‍ സാധാരണ ആന്റിബയോട്ടിക്കുകള്‍ പോരാതെ വരും.

യൂ കേയിലാണ് ഈ സാധനത്തിനെ ആദ്യമായി കണ്ട് പിടിയ്ക്കുന്നത്. ലോകമെമ്പാടും അതുണ്ട്.യൂ കേയിലുള്ള ആശുപത്രികളില്‍ ഏതാണ്ട് എല്ലാവരിലും ഈ രോഗാണു ശരീരത്തിലുണ്ടോ എന്നറിയാനുള്ള പരിശോധന നടത്തുന്നു.അതുകൊണ്ട് കണ്ട്പിടിയ്ക്കുന്നു. രോഗിയെ ഒറ്റപ്പെടുത്തി(മാനസികമായല്ല:)പറ്റിയ ശക്തമായ അന്റിബയോട്ടികുകള്‍ വച്ച് ബാക്ടീരിയാതീവ്രവാദികളെ ശരിപ്പെടുത്തുന്നു.

നമ്മുടെ നാട്ടിലോ? പരിശോധിച്ചാല്‍ ‘അമ്പുകൊള്ളാത്തവരില്ല ഡൊക്ടര്‍‍മാരില്‍പ്പോലും‘ എന്ന സ്ഥിതിയിലാവും കാര്യങ്ങള്‍.മില്യന്റെ കണക്കുകളൊന്നും പോരാതെവരും.പരിശോധിയ്ക്കാതെ എത്ര നാളിരിയ്ക്കുന്നോ അത്രയും നാള്‍ സമാധനമായിരിയ്ക്കാം.(രാഷ്ട്രീയക്കാര്‍ക്ക്..പ്രത്യേകിച്ച് ആരോഗ്യമന്ത്രിയ്ക്ക്)
ലിങ്കുകള്‍ ഇതാ
1)http://www.cdc.gov/ncidod/dhqp/ar_mrsa.html
2)http://en.wikipedia.org/wiki/Methicillin-resistant_Staphylococcus_aureus
3)http://en.wikipedia.org/wiki/Staphylococcus_aureus
4)http://www.dh.gov.uk/en/Publicationsandstatistics/Publications/PublicationsPolicyAndGuidance/DH_063188

ആ)അടുത്തത് ക്ലൊസ്ട്രിഡിയം ഡെഫിസിലേ

നേരത്തേ പറഞ്ഞപോലെതന്നെ ഒരു സാദാ ബാക്ടീരിയം ആണിത്. സദാ മനുഷ്യരുടെ കുടലുകളില്‍ കാണപ്പെടുന്ന അതിലും സാധാരണ ബാക്ടീരിയം.കുഞ്ഞുങ്ങളില്‍ അതിലും കൂടുതലായി കാണുന്നു. മൂന്നില്‍ രണ്ട് കുഞ്ഞുങ്ങളുടെ കുടലുകളിലും ഈ ബക്ടീരിയമുണ്ടാകും. വെറുതേയിരിയ്ക്കുമ്പോള്‍ മിക്കവരിലും ഇന്‍ഫക്ഷനുണ്ടാകില്ല.പക്ഷേ കാടടച്ച് വെടിവയ്ക്കുന്ന തരത്തിലുള്ള അന്റീബയോട്ടികുകള്‍ (broad-spectrum antibiotics )ഒരുപാട് കഴിച്ച് കുടലിലെ സാധാരണ ബാക്ടീരിയകളെല്ലാം ചാകുമ്പോള്‍ ഇവന്‍ മേല്‍ക്കൈ നേടും(നമ്മുടെ കുടലിലെന്നല്ല ശരീരത്ത് മുഴുവനും നമുക്ക് ഗുണം ചെയ്യുന്ന / നിര്‍ഗുണാന്മാരായ ഒരുപാട് ബാക്ടീരിയകളുണ്ട്. ബാക്ടീരിയകള്‍ ദോഷകാരികള്‍ മാത്രമല്ല)

വയറിളക്കം ഉണ്ടാകും. തിന്നുകൊണ്ടിരിയ്ക്കുന്ന ആന്റിബയോട്ടികുകള്‍ നിര്‍ത്തുകയാണ് ചികിത്സയുടെ ഒരു വഴി.
Metronidazole പോലെയുള്ള അന്റിബയോട്ടികുകള്‍ പകരം നല്‍കണം.

ലിങ്കുകള്‍
1) http://www.dh.gov.uk/en/Policyandguidance/Healthandsocialcaretopics/Healthcareacquiredinfection/Healthcareacquiredgeneralinformation/DH_4115800
2) http://www.hpa.org.uk/infections/topics_az/clostridium_difficile/C_diff_faqs.htm
3) http://en.wikipedia.org/wiki/Clostridium_difficile

നമ്മുടെ ആശുപത്രികളില്‍ ഒരു പരിശോധന നടത്തിയാല്‍ കിട്ടുന്നത് ഇതൊന്നുമാവില്ല. ലോകമൈക്രോബയോളജിസ്റ്റുകളുടെ പറുദീസയായി കേരളത്തിലെ ആശുപത്രികള്‍ അറിയപ്പെടും (സ്വകാര്യമടക്കം) സാമ്പിള്‍ ശേഖരിയ്ക്കാന്‍.
പറഞ്ഞ് വന്നത് ശമ്പള വര്‍ദ്ധനവാണല്ലോ.....അത് നടക്കട്ടേ..

അശോകേട്ടാ ക്ഷമിയ്ക്കൂ മുട്ടന്‍ കമന്റിന്..

Anonymous said...

ചിന്തിക്കാന്‍ വകനല്‍കുന്ന പോസ്റ്റ്..
നന്നായി അശോക്..ഒപ്പം വക്കാരിഷ്ടയുടെ കമന്റും...
ഏതു തൊഴില്‍മേഖലയാലും പണിയെടുക്കുന്നവര്‍ക്ക് ന്യായമായ കൂലി ലഭിക്കേണ്ടതു തന്നെ. അശോകിനോടു ഇക്കാര്യത്തില്‍ യോജിക്കുന്നു. എല്ലാ മാര്‍ഗ്ഗങ്ങളും അടഞ്ഞുകഴിയുമ്പോളാണല്ലോ സമരത്തിലേക്കു പോകുന്നത്.രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത ഒരു സമരമാര്‍ഗ്ഗം സ്വീകരിച്ചതില്‍ ഡോക്റ്റര്‍മാര്‍ മാതൃക കാട്ടിയത് വളരെ നല്ല കാര്യം തന്നെ.പക്ഷെ, പൊതുജനങ്ങള്‍ക്ക് ഇതിനോട് എത്രമാത്രം അനുഭാവമുണ്ടാകും?
മലയാളി മനസ്സിലാക്കുന്ന മറ്റു ചില കാര്യങ്ങളുമുണ്ട്.
അറ്റന്‍ഡര്‍ മുതല്‍ ആശുപത്രിസൂപ്രണ്ടിനു വരെ കൊടുക്കേണ്ട കൈക്കൂലിയുടെ കണക്ക്...
അവഗണന...
(രോഗികളില്‍ നിന്നു ചില്ലിക്കാശുവാങ്ങാത്തവരുണ്ട്..
സ്വകാര്യപ്രാക്റ്റീഉ തന്നെ വേണ്ടെന്നു വെച്ചവരും ഈ രംഗത്തുണ്ട്..)
മെഡിക്കല്‍ എത്തിക്സിന്റെ കാര്യത്തില്‍ പലപ്പോഴും ഡോക്റ്റര്‍മാരുടെ സംഘടനയുടെ നിലപാടുകള്‍ അത്ര അഭിലഷണീയമായി തോന്നിയിട്ടുമില്ല.
ഇതൊക്കെക്കൊണ്ടാകാം മലയാളി മറിച്ചു ചിന്തിച്ചുപോകുന്നതും..
-------------------------------
ആശുപതിജന്യമായ രോഗങ്ങളെപ്പറ്റി കൂടി പറഞ്ഞോട്ടെ..
ശ്രി. അംബി പറഞ്ഞപോലെ, ആരൊഗ്യമുള്ളവരില്‍ സാധാരണകാണാറുള്ള ഒരു ബാക്റ്റീരിയയാണ് MRSA.എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ അത് സെപ്റ്റിസീമിയ, ന്യുമോണിയ ഇവക്കു കാരണമാകാം.മരണനിരക്ക് 15%.യു.കെ-യിലെ
എന്‍.എച്.എസ് ആശുപത്രികളില്‍ നിന്നും നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റുകളില്‍ 1000-ല്‍ 2 എണ്ണത്തില്‍ മരണകാരണം MRSA.Office of National Statistics കണക്കു പ്രകാരം 2004-ല്‍ MRSA ബാധമൂലം1168 മരണം.ഇതു തന്നെയാണ് ക്ലൊസ്ട്രിഡിയം ഡെഫിസിലിന്റെയും സ്ഥിതി.
5% പെരിലും കുടലില്‍ ഇവനുണ്ടാകും. എന്നാലത് കുഴപ്പമുണ്ടാക്കുന്നില്ല.
പ്രതിരോധശേഷി കുറഞ്ഞവരില്‍ രക്തസ്രാവഅവും തുടര്‍ന്ന് മരണത്തിനും കാരണമായേക്കാം.
ഈ രണ്ടു രോഗാണുമൂലമുള്ള പ്രശ്നങ്ങള്‍ ഏറ്റവും അലട്ടുന്നത് ഇവിടുത്തെ സര്‍കാര്‍ ആശുപത്രികളെത്തന്നെ. കാരണം,നമ്മുടെ നാട്ടിലെപ്പോലെ അവഗണന. ആവശ്യത്തിനു പണമില്ല..ഡോക്റ്റര്‍മാരും..അംബിക്കും നന്ദി.

അശോക് കർത്താ said...

പ്രകാശ് എം ജേക്കബ്ബ് എഴുതുന്നു.....
i have read your atricle abt govt doctors..i can not agree yur typical argument against private sector.people go for treatment where they get service.in my life i have visited a govt hospital only one time.the same day i have taken a strong descsion..Never i go to a govt hospital..it was horrible..please write against the political mafia..the
stupid politics..the politics should be for the service to the people of the state not to their families only or not to their party.please write about clean cities,good roads.good services,against bribe..
പ്രകാശ് എം ജേക്കബ്ബിന്റെ ഐ ഡി
http://www.orkut.com/Profile.aspx?uid=10925687935106607861

Anonymous said...

Good..A different point of view of a problem that's worrying Kerala...A subject to really think upon..thanks for sharing it..

കുപ്പിച്ചില്ല് said...

തികച്ചും ആലങ്കാരികമായ ഒരു പ്രയോഗമാണ് ആദ്യമായി സ്പര്‍ശിച്ച കൈകള്‍ എന്നത്. വാസ്തവമതല്ല. ഇന്ന് പലയിടത്തും ഡോക്ടര്‍മാരല്ല പ്രസവമെടുക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയിലെ കാര്യമാണു പറഞ്ഞത്. നഴ്സുമാരോ ചിലപ്പോള്‍ നഴ്സിംഗ് അസിസ്റ്റന്റുമാരോ ഒക്കെയാണ് ഇക്കാര്യം നിര്‍വഹിക്കുന്നത്. നേരിട്ട് അറിവുള്ളതാണ് ഇക്കാര്യം. ഏതെങ്കിലും നൂലാമാലകള്‍ ഉണ്ടാകുന്ന പക്ഷമേ ഡോക്ടര്‍ നേരിട്ട് ഇടപെടാറുള്ളു. സിസേറിയന്‍ പോലുള്ള സമയങ്ങളില്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ അതിനുള്ള സൌകര്യം കുറവുമാണ്. പണ്ടാണെങ്കില്‍ പ്രത്യേക പരിശീലനം ലഭിച്ച സ്ത്രീകളാണ് പ്രസവത്തിനു നില്‍ക്കാറ്. അവര്‍ തന്നെയാകും കുഞ്ഞിനെ ആദ്യമായി സ്പര്‍ശിക്കുന്നതും.
രണ്ട്, സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ഒരു സംഘടനയായ കെ.ജി.എം.ഒ. ആണ് സമരത്തിലുള്ളത്. ഈ സംഘടനയെ കേരളീയര്‍ ധാരാളം കേട്ടിട്ടുള്ളതാണ്. മതിയാ‍യ ചികിത്സ നല്‍കാതെ രോഗികള്‍ മരണപ്പെട്ട മുഴുവന്‍ കേസുകളിലും ഡോക്ടര്‍മാര്‍ക്കനുകൂലമായി അഭിപ്രായം പറഞ്ഞ പാരമ്പര്യമാണ് അതിനുള്ളത്. കോടതിപോലും ഇടപെട്ട കേസുകളില്‍ അന്യായമായി പക്ഷം ചേര്‍ന്നിടത്തു നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനാവില്ലല്ലോ. രോഗികളെ ബുദ്ധിമുട്ടിക്കാതെയാണ് ഡോക്ടര്‍മാരുടെ സമരം എന്നതും ശരിയല്ല. ഡ്യൂട്ടി സമയം കഴിഞ്ഞുള്ള അധിക പരിശോധന നിര്‍ത്തിവെച്ചുള്ള ചട്ടപ്പടി സമരമാണ് നടക്കുന്നത്. ഇപ്പോള്‍ മറ്റു ജീവനക്കരേയും കൂടി അനുഭാവം പ്രകടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായും വാര്‍ത്തകള്‍ വരുന്നു. കഴിഞ്ഞ പള്‍സ് പോളിയോ പ്രതിരോധകാലത്തും ഇവര്‍ സമരരംഗത്തായിരുന്നു. അന്ന് മറ്റു ജീവനക്കാരെ ഉപയോഗപ്പെടുത്തിയാണ് സര്‍ക്കാര്‍ പള്‍സ് പോളിയോ യജ്ഞം വിജയിപ്പിച്ചത്. അമ്പേ പരാജയപ്പെട്ട ആ സമരത്തിന്റെ ഓര്‍മ്മകള്‍ വേട്ടയാടുന്നതു കൊണ്ടാകാം ഇത്തവണ മറ്റു ജീവനക്കാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത്.

കുപ്പിച്ചില്ല് said...

മറ്റൊന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വേതനത്തെ കുറിച്ചാണ്. സംഗതി വശാല്‍ കുറഞ്ഞ വേതനമേ ലഭിക്കുന്നുള്ളു എന്നതു ശരിതന്നെ. എന്നാല്‍ സ്വകാര്യ പ്രാക്ടീസിനുള്ള സൌകര്യം അവര്‍ക്കു നല്‍കിയത് വിസ്മരിക്കരുത്. അതുവഴി ദിവസേന 3000 മുതല്‍ മുകളിലേക്ക് ഡോക്ടര്‍മാര്‍ക്ക് സ്വരൂപിക്കാനാവുന്നുണ്ട്. ഇത്രയും പോരാ എന്നാണൊ താങ്കള്‍ പറയുന്നത്..? സാമാന്യജനത്തിന്റെ നികുതിപ്പണം കൊണ്ടാണ് ഇന്നു മേനി പറയുന്ന പലരും പഠിച്ചതെന്നൊന്നും ഓര്‍ക്കാതിരിക്കുന്നത് എന്തിനാണാവോ..? ഗൈനകോളജിസ്റ്റിനെ പ്രസവത്തിനു സമീപിച്ചാല്‍ വീട്ടില്‍ പോയി 500 ക കൈമടക്കായി നല്‍കണം. പ്രസവം നിര്‍ത്തുന്നതിന് ഇത് 1000 ക ആണ്. ആദ്യമായി സ്പര്‍ശിക്കുന്നതിന്റെ കൂലി ലജ്ജയില്ലാതെ ചോദിച്ചു വാങ്ങുന്ന എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും കാണിക്കാനാവും. ഇനി പറയൂ ആരാണ് നന്ദികേടു കാട്ടുന്നത്..? വിശദാമായി അടുത്ത ദിവസം ആകാം.

കുപ്പിച്ചില്ല് said...

മറ്റൊന്ന് സര്‍ക്കാര്‍ ആശുപത്രിയെ തകര്‍ക്കുന്നത് പുറമെ നിന്നുള്ളവരല്ല. പുറത്തു നിന്നുള്ള ആക്രമണത്തിന് പരിമിതിയുണ്ട്. ഉദാഹരണങ്ങള്‍ പറയാം. സര്‍ക്കാര്‍ ആശുപത്രികളിലെ എക്സറേ, ലാബ് സൌകര്യങ്ങള്‍ ഡോക്ടര്‍മാര്‍ പരിഗണിക്കാറില്ല. അവര്‍ നിര്‍ദ്ദേശിക്കുന്നിടത്തു നിന്നല്ലാതെ പരിശോധിച്ചതിന്റെ റിസല്‍റ്റ് പോലും നോക്കാറില്ലാത്ത എത്രയോ പേരെ കാണാനാവും. റിസല്‍റ്റ് ശരിയല്ലാന്നു പറഞ്ഞ് മടക്കി അയച്ച സംഭവത്തില്‍ ഇടപെട്ട് വിഷയമാക്കിയതില്‍ നേരിട്ടു പങ്കെനിക്കുണ്ട്. സ്വകാര്യ ലാബുടമകളും മറ്റും നല്‍കുന്ന കമ്മീഷന്‍ കൈപറ്റിയാണ് ഇതൊക്കെ ചെയ്യുന്നത്. വാടകയ്ക്ക് താമസിക്കുന്ന മിക്ക ഡോക്ടര്‍മാരുടേയും വാടക, ടെലിഫോണ്‍, വൈദ്യുതി ചാര്‍ജ്ജുകള്‍ അടവാക്കുന്നത് മിക്കപ്പോഴും മെഡിക്കല്‍ ഷോപ്പുകാരോ ലാബുടമകളോ ആണ്. മരുന്നു കമ്പനിക്കാര്‍ നല്‍കുന്നതാകട്ടെ വിലപ്പെട്ട സമ്മാനങ്ങളാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് വരുന്നവരെയും പിഴിയാതെ ഇക്കൂട്ടര്‍ വിടാറില്ല. കരിമീന്‍ സംഭവം ഓര്‍ക്കുമല്ലോ. എല്ലാ നിലയ്ക്കും ഉന്നതമായ ജീവിതം നയിക്കുന്നവര്‍ തന്നെയാണ് കേരളത്തിലെ ഡോക്ടര്‍മാര്‍. ഇപ്പോള്‍ നടത്തുന്നത് അനുചിതവും അനാവശ്യവുമായ ഒരു സമരമാണ്. ജനങ്ങളുടെ സുരക്ഷയ്ക്കു മേല്‍ കുതിരകയറി തങ്ങളുടെ ഡിമാന്റുകള്‍ നേടിയെടുക്കാം എന്നത് വ്യാമോഹം മാത്രമാണ്. ഇക്കൂട്ടരെ വെള്ളപൂശാനുപയോഗിച്ച ഊര്‍ജ്ജം മറ്റെന്തെങ്കിലും നന്മകള്‍ക്കുപയോഗിക്കു കര്‍ത്താചേട്ടാ.

അശോക് കർത്താ said...

താങ്കളുടെ മൂന്നാമത്തെ പോസ്റ്റിനോട് യോജിപ്പില്ല. ആരോഗ്യരംഗം തകര്‍ക്കുന്നതില്‍ സ്വകാര്യ വ്യക്തികളോട് പങ്കു ചേരുന്നത് ഡോക്ടറന്മാറേക്കാള്‍ കൂടുതല്‍ മാദ്ധ്യമങ്ങള്‍ഊം ജനപ്രതിനിധികളുമാണു. 90% ഡോക്ടറന്മാരും ആത്മാര്‍ത്ഥമായി സേവനമനസ്ഥിതിയോടെ തന്നെ ജോലിചെയ്യുന്നുണ്ട്. സ്വകാര്യപ്രാക്ടീസ് താണ്‍കള്‍ പറയുന്ന പോലെ എല്ലാവര്‍ക്കും ഇല്ല. 3000 പ്രതിദിനം കിട്ടുന്ന വിധത്തില്‍. exceptions, genalarise ചെയ്യുകയാണു താങ്കള്‍.

അശോക് കർത്താ said...

ആയിരക്കണക്കിനു ഡോക്ടറന്മാര്‍ നെറ്റിലുണ്ടായിട്ടും ഒരാള്‍ പോലും പ്രതികരിക്കാന്‍ തയ്യാറാകാത്തതില്‍ ദുഃഖം തോന്നുന്നു. ഇതു യേശുദാസിനെ പിന്തുണയ്ക്കാന്‍ പോയപോലെ ആയി........

Suraj said...

ഡോക്ടര്‍മാരുടെ ഇപ്പോഴുള്ള സമരത്തില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അവരുടെ (ഞങ്ങളുടെ) ആവശ്യത്തില്‍ കഴമ്പുണ്ട് എന്നറിഞ്ഞിട്ടും സര്‍ക്കാര്‍ ശമ്പളസ്കെയിലിന്റെ കാര്യത്തില്‍ മുട്ടുമടക്കാത്തത് ഈ രാഷ്ട്രീയ നിലപാടുമൂലം തന്നെ. ഇടതുമുന്നണി ഗവണ്മെന്റ്റ് അധികാരത്തില്‍ വരാനിടയായ തിരഞ്ഞെടുപ്പിന്റ്റെ പ്രചാരണ കാലത്ത് ഐ.എം.ഏ എന്ന ഡോക്ടര്‍മാരുടെ ഏറ്റവും വിപുലമായ സംഘടനയുടെ മുഖപത്രം ഇടതുമുന്നണിക്കെതിരേ “എന്തോ ആപത്തുവരാന്‍ പോകുന്നേ” എന്ന മട്ടിലുള്ള ലേഖനങ്ങളും മുഖപ്രസംഗങ്ങളുമൊക്കെ വച്ചു കാച്ചിയത് ഈ രഷ്ട്രീയത്തിന്റെ വെളിച്ചപ്പെടലാണ്. കെ.ജി.എം.ഓ.ഏ യുടെ നിലപാടുകളും ഏതാണ്ടിതുതന്നെയാണ്. ഇതിനിടെ, ഇടത് ആഭിമുഖ്യമുള്ള ചില ഡോക്ടര്‍മാര്‍ സര്‍ക്കരില്‍ സ്വാധീനം ചെലുത്തി(തിരുവനന്തപുരം കേന്ദ്രീകരിച്ച്) ഒരു ആശ്വാസ ഉടമ്പടി ഉണ്ടാക്കി സമരം ഒത്തുതീര്‍പ്പാകാന്‍ ശ്രമിക്കുന്നുണ്ട്.

പിന്നെ, സര്‍ക്കാര്‍ ആശുപത്രികളെ നശിപ്പിച്ചെടുക്കാന്‍ ഒരു നിശ്ശബ്ദ കാമ്പെയിന്‍ ഇവിടെ നടക്കുന്നുവെന്നത് സത്യമാണ്. വിശേഷിച്ചും അവയ്ക്കുചുറ്റുമുള്ള പ്രൈവറ്റ് ആശുപത്രികളുടെയും ലാബുകളുടെയും കാര്‍മ്മികത്വത്തില്‍.
തിരുവനന്തപുരം ജനറലാശുപത്രിയില്‍ വളരെ നല്ല സര്‍ജറി ഡിപ്പാര്‍ട്ടുമെന്റും, മെഡിസിന്‍, പീഡിയട്ട്രിക്സ് ഡിപ്പാര്‍ട്ടുമെന്റും ഉണ്ടായിട്ടും ഇന്നേവരെ അവിടെയൊരു സ്കാന്‍ യന്ത്രം വന്നിട്ടില്ല. പണ്ടെങ്ങാണ്ട് വന്ന ഒരൂ അള്‍ട്ട്രാസൌണ്ട് സ്കാന്‍ യന്ത്രം ഇന്നും സുഖ നിദ്രയില്‍ തന്നെ. കാരണം? ചുറ്റുവട്ടത്തെ ലാബുകള്‍ തന്നെ.! അല്ലെങ്കില്‍ ഡോക്റ്റര്‍മാര്‍ക്കു കൈക്കൂലി നല്‍കി രോഗികളെ സ്വന്തം സ്കാന്‍ സെന്ററുകളിലേയ്ക്കു വരുത്തിക്കുന്ന കച്ചവടതാല്‍പ്പര്യങ്ങള്‍.

ഡോക്റ്റര്‍മാരുടെ ശമ്പളം - അതു സര്‍ക്കര്‍ സ്കെയിലിലായാലും പ്രൈവറ്റുസ്കെയിലിലായാലും തുച്ഛമാണ്. ഒന്നാമത് അവര്‍ ചെയ്യുന്ന സേവനം വളരെയധികം സാങ്കേതികവും അതേ സമയം റിസ്കുള്ളതുമാണ്. ഒരു ഡോകറ്റര്‍ ഒരു രോഗിയെ അഡ്മിറ്റുചെയ്താല്‍ ആ മനുഷ്യനെ ഏതു പാതിരാത്രിയായാലും വന്നു പരിശോധിക്കാനും കണ്ടീഷന്‍ മോശമായാല്‍ വേണ്ട ചികിത്സ നല്‍കാനും ഡോക്റ്റര്‍ക്കു ബാധ്യതയുണ്ട്. ഡ്യൂട്ടി ഡോക്റ്ററാണു രാത്രി വന്നു നോക്കുന്നതെങ്കിലും,പ്രശ്നങ്ങളുണ്ടായാല്‍ അഡ്മിറ്റുചെയ്ത ഡോക്റ്ററെ ഏതു പാതിരാത്രിക്കും വിളിച്ചുണര്‍ത്തേണ്ടി വരും. ഇങ്ങനെ ക്യത്യമായ ഒരു സമയ നിഷഠയില്ലാത്ത ഏതു പ്രഫഷനാണു വേറേയുള്ളത്?
ഒരു ദിവസം ഓ.പിയില്‍ ഒരു ഹൌസ് സര്‍ജ്ജനായിരിക്കുമ്പോള്‍ പോലും 60 മുതല്‍ 100 പേരെ വരെ രാവിലെ 8 മണിക്കും ഉച്ചക്കു 1.30 നും ഇടയില്‍ നോക്കെണ്ടിവന്നിട്ടുണ്ട് ഈയുള്ളവന്. പല വിദേശരാജ്യങ്ങളിലും 20-30 രോഗികളെ മാത്രം നോക്കിയാല്‍ മതിയെന്നു സര്‍ക്കരുകളും നിയന്ത്രണ കൌണ്‍സിലുകളുമൊക്കെ നിഷ്കര്‍ഷിച്ചിരിക്കുമ്പോഴാണ് ഇവിടെയീ ട്രപ്പീസുകളി... രോഗി വായതുറക്കും മുന്‍പേ മരുന്നു കുറിച്ചു തുടങ്ങും...മരുന്ന് എങ്ങനെയൊക്കെ കഴിക്കണമെന്നു പറയാന്‍ പോലും സാവകാശം കിട്ടില്ല...വിശ്വസിക്കാവുന്ന ലാബ് റ്റെസ്റ്റുകളില്ല,റിപ്പോര്‍ട്ടുകളില്ല...ആരോഗ്യ സംരക്ഷണമെന്ന ഉദ്ദേശ്യത്തോടെ ഒരു വസ്തുപോലും രോഗിയോട് പറയാന്‍ - ഉദാഹരണത്തിനു ചിക്കുന്‍ ഗുന്യക്കാലത്തെ കൊതുകുവലയുടെ പ്രാധാന്യം/പരിസര ശുചിത്വത്തിന്റെ കാര്യം തുടങ്ങിയവ - ഒരു നിമിഷത്തെ ഇട പോലും കിട്ടില്ല.
പനിക്ക് പാരസെറ്റമോള്‍ ഇഞെക്ഷന്‍ മുതല്‍ സ്റ്റീറോയ്ഡ് ഇഞ്ചക്ഷന്‍ വരെ ചോദിച്ചു കൊണ്ട് ആളുകള്‍ വന്നു കഷ്വലിറ്റി നിറയുമ്പോള്‍ “നില്ല് നില്ല്,ഈ പനിയൊന്ന് ചാര്‍ട്ടുചെയ്യട്ടെ എന്നോ, നെറ്റിയില്‍ നനഞ്ഞ തുണിവച്ച്തുടച്ചാല്‍മതി“ യെന്നോ ഒന്നും മിണ്ടാന്‍ പോലും പറ്റില്ല.

പിന്നെ മെഡിക്കല്‍ കോളജ ആശുപ്ത്രികളില്‍ കൊണ്ടുവരുന്ന കേസുകളില്‍ നല്ലൊരു പങ്ക് പ്രൈവറ്റിലിട്ട് ഒരു പരുവമായി, രക്ഷയില്ലതെ കൊണ്ട് വരുന്നതാണ്. ഇതില്‍ ഏറ്റവും പ്രധാനം
പ്രസവാനന്തര ബ്ലീഡിംഗ്, നവജാത അണുബാധ, ആക്സിഡന്റു കേസുകള്‍ എന്നിവയാണ്. ഒരു ഡോക്ടറും സിനിമകളില്‍ കാണുന്ന വില്ലന്മാരെപോലെ മരണക്കിടക്കയിലിട്ട് രോഗിയോടു വിലപേശില്ല. തീര്‍ച്ച.കാരണം എന്തെങ്കിലും പിഴവുണ്ടായാല്‍ സ്വന്തം പ്രതിഛായയും പ്രഫഷണല്‍ ഭാവിയും തന്നെയാണു നശിക്കുന്നതെന്നു എല്ല ഡോക്ടര്‍മാര്‍ക്കും അറിയാം...പിന്നെ മരുന്നുമാറി കുത്തിവെച്ച സംഭവങ്ങള്‍ - ഇത് ഒരു പൊതു തെറ്റിദ്ധാരണയില്‍ നിന്നും വരുന്നതാണ്. ഒരു ഇഞ്ചക്ഷന്റെ കുപ്പി (vial)പൊട്ടിച്ചാല്‍ അതിലെ ഒരു ഭാഗം ചിലപ്പോള്‍ ആദ്യ ഗഡുവായി കുത്തിവയ്ക്കുകയും രണ്ടാമത്തെ ഗഡു പിന്നീട് (ചിലപ്പോള്‍ ആദ്യത്തേതു ഫലിക്കാതെ വരുമ്പോള്‍) നല്‍കുന്ന പതിവുണ്ട് - പ്രത്യേകിച്ചു അപസ്മാരം, ആസ്മ, കടുത്ത പനി, ഹ്യദയസ്തംഭനം തുടങ്ങിയ കേസുകളില്‍. മരണത്തോട് മല്ലിടുന്ന രോഗിയുടെ ബന്ധുക്കള്‍ പലപ്പോഴും ഇഞ്ചക്ഷന്‍ കുപ്പിയില്‍ ബാക്കി വരുന്ന മരുന്നു തന്നെയാണ് ഈ രണ്ടാമതു നല്‍കിയതെന്നു ശ്രദ്ധികാതെ രോഗി മരിച്ചത് ഇഞ്ചക്ഷന്‍ മാറി നല്‍കിയിട്ടാണെന്ന് പറഞ്ഞതാണ് കേരളത്തില്‍ ഉണ്ടായിട്ടുള്ള 99% മെഡിക്കല്‍ അനാസ്ഥാ-കേസുകളിലേയും സത്യാവസ്ഥ.

ഇങ്ങനെയൊക്കെയുള്ള പരിതാപകരമായ പരിതസ്ഥിതിയില്‍ 10,000 വും 15,000 വും വാങ്ങിക്കൊണ്ട് ജോലിചെയ്യേണ്ടിവരുന്നത് കഷ്ടമാണ്.
ഞങ്ങള്‍ വെറുതേ ഫയലു നോക്കി കോറിയിട്ടുവിടുന്ന പണിയല്ല ചെയ്യുന്നതെന്ന് കുറച്ചു പേര്‍ക്കെങ്കിലും മനസ്സിലാക്കികൊടുക്കാന്‍ അശോക് കര്‍ത്തയുടെ ഈ പോസ്റ്റ് ഉപകരിക്കും എന്നു പ്രത്യാശിക്കുന്നു.

Anonymous said...

hi sir,
good post.i am a govt doctor who has spent the best years of my life taking care of the poor.i am ashamed to say what my salary is(not even what u have said).and i dont have a private practice because i dont think it is right.it is really very tough to go on like this with this salary ,in a far away place away from family,with interference from the politicians,very little resources and sometimes even being beaten up for no fault of ours!! only a very few percentage of govt doctors have good private practice.it is not right to think that everybody makes 3000 Rs per day!we too need to live a decent life isnt it?even after years of govt service i could not make enough for the survival of my family.so i am resigning soon and going abroad,though i would prefer work in my country.no other way,sir!

അഹങ്കാരി... said...

മാഷേ,
ഓ.ടോ . ഡോ. സൂരജ് എന്റെ ബ്ലോഗില്‍ വന്നു പറഞ്ഞ പ്രകാരമാണ് താങ്കളെ പരിചയ്യപ്പെടാന്‍ സാധിച്ചത്.
ഭാരതത്തിന്റെ തനതു പാരമ്പര്യത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു തുടക്കക്കാരനാണ് ഞാന്‍. അതിനെ അറിയണമെന്നുള്ള ആഗ്രഹത്തോടെ ഒരു വിവരക്കേടു കാട്ടി, നെറ്റിലുള്ള സമാനമനസ്കരെ കണ്ടെത്താനaഅയുള്ള പരക്കം പാ‍ാച്ചിലില്‍ ഒരു ബ്ലോഗ് തുടങ്ങി.

ദാ വരുന്നു,സൂരജടക്കമുള്ള പുലികള്‍ എനിക്കു നേരെ.ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞതേ ഉള്ളൂ.

ഇപ്പൊ ദാ ഒരു പതു പതിനാറ് ചോദ്യം ചോദിച്ചിരിക്കുന്നു.

ഒന്നു സഹായിക്കാമോ?

sasthamcotta@gmail.com

if this is a disturbance,please forgive me

സൂരജ് മാഷേ ,എനിക്കും നിലനില്‍ക്കണ്ടേ?

Suraj said...

പ്രിയ ആത്മാന്വേഷീ,

ദാ വരുന്നു,സൂരജടക്കമുള്ള പുലികള്‍ എനിക്കു നേരെ.ഞാന്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ പറഞ്ഞതേ ഉള്ളൂ. ഇപ്പൊ ദാ ഒരു പതു പതിനാറ് ചോദ്യം ചോദിച്ചിരിക്കുന്നു....സൂരജ് മാഷേ ,എനിക്കും നിലനില്‍ക്കണ്ടേ?

നേരത്തേ വേറൊരു കമന്റില്‍ പറഞ്ഞു ഞാനൊരു “കമ്മ്യൂണിസ്റ്റ് നിരീശ്വരവാദിയാണ്” എന്ന്. ഇപ്പോള്‍ പറയുന്നു “പുലി” എന്ന്....ഹ ഹ ഹ!
കമ്മ്യൂണിസ്റ്റുകാര്‍ കേട്ടാല്‍ അന്വേഷിയെ വെറുതേ വിടില്ല :)

പിന്നെ,
വായിച്ച അറിവു വച്ച് “കാര്യങ്ങള്‍” പറയുന്നതൊക്കെ നല്ലതു തന്നെ.പക്ഷേ സയന്‍സിന്റെ വാലുപിടിച്ച് വിഗ്രഹത്തില്‍ നിന്നും ഇലക്ട്രോമാഗ്നെറ്റിക് തരംഗമൊക്കെ ഉത്സര്‍ജ്ജിക്കുമെന്നെല്ലാം അടിച്ചു വിട്ടാല്‍ ആത്മാന്വേഷി പഠിച്ച വേവ് മെക്കാനിക്സു വരെ തോണ്ടി പുറത്തിടാന്‍ ബൂലോകത്ത് ആളുണ്ട്... :))
കര്‍ത്താവു സാര്‍ അനുഗ്രഹിക്കുമെന്നു വിചാരിക്കുന്നു.
ആശംസകള്‍.

Mr. K# said...

"ഒരു ദിവസം ഓ.പിയില്‍ ഒരു ഹൌസ് സര്‍ജ്ജനായിരിക്കുമ്പോള്‍ പോലും 60 മുതല്‍ 100 പേരെ വരെ രാവിലെ 8 മണിക്കും ഉച്ചക്കു 1.30 നും ഇടയില്‍ നോക്കെണ്ടിവന്നിട്ടുണ്ട് ഈയുള്ളവന്."

കാശു കൂടുതല് കിട്ടിയാല് 100 പേരെ 5:30 മണിക്കൂര് കൊണ്ടു നോക്കിത്തീര്ത്തോളാമ് എന്നാണോ സൂരജേ ഉദ്ദേശിച്ചത്?

ആരാ മാഷേ ചുമ്മാ ഫയല് നോക്കി കോറിയിട്ടു വിടുന്ന പണി ചെയ്യുന്നത്?

Suraj said...

കുതരവട്ടന്‍ ജീ,

ചോദ്യത്തിലെ cheap ദുസ്സൂചന മനസ്സിലായി. എന്റെ ആദ്യകമന്റില്‍ പറഞ്ഞത് കാശുകൂട്ടി കിട്ടിയാല്‍ ഇതൊക്കെ സഹിച്ചോളാം എന്നാണോ ?

അങ്ങനെയേ ആ കമന്റു വായിക്കൂ എന്നാണെങ്കില്‍ സോറി..എനിക്ക് താങ്കളുടെ തലയില്‍ കയറി ചിന്തിക്കാനാവില്ലല്ലോ.

പിന്നെ, ഹൌസ് സര്‍ജ്ജന്‍സിക്ക് ഏതു പണി എത്ര നേരം തന്നെ ചെയ്താലും മാസം 4000 (ഇപ്പോള്‍ 5200 )രൂപയേ സ്റ്റൈപ്പന്റ് കിട്ടൂ എന്നു കൂടി അറിഞ്ഞു വച്ചോ.

പിന്നെ, "ഞങ്ങള്‍ വെറുതേ ഫയലു നോക്കി കോറിയിട്ടുവിടുന്ന പണിയല്ല ചെയ്യുന്നതെന്ന്.." എന്നാണ് ഞാനെഴുതിയത്. ഫയലു നോക്കി കൊറിയിട്ടു വിടുന്നപണി ചെയ്യുന്നു എന്നു ഏതെങ്കിലും വിഭാഗത്തെ ആക്ഷേപിച്ചോ ? ഇല്ലല്ലോ?

എഴുതാപ്പുറം വായന ഇപ്പോഴും ഉണ്ടല്ലോ അല്ലേ..ഗുഡ്!

Mr. K# said...

"ചോദ്യത്തിലെ cheap ദുസ്സൂചന മനസ്സിലായി. എന്റെ ആദ്യകമന്റില്‍ പറഞ്ഞത് കാശുകൂട്ടി കിട്ടിയാല്‍ ഇതൊക്കെ സഹിച്ചോളാം എന്നാണോ ?"

പ്രിയ സൂരജ് ജീ, ആ ചോദ്യത്തില് സൂചന ഒന്നും ഇല്ലല്ലോ. വ്യക്തമായല്ലേ ചോദിച്ചത്? അതിന്റെ കൂടെ ഒരു 'ദു' വും 'ചീപും' ചേര്ത്തത് വളരെ മോശമായിപ്പോയി. പിന്നെ ഓരോരുത്തരുടെ സംസാരരീതി എന്നല്ലാതെ എന്താ പറയുക. ഒന്നു നന്നാക്കാന് നോക്കാമായിരുന്നില്ലേ?

"എഴുതാപ്പുറം വായന ഇപ്പോഴും ഉണ്ടല്ലോ അല്ലേ..ഗുഡ്!"

ഇതെവിടന്നു പഠിക്കുന്നു മാഷേ ഇത്തരം ഭാഷ? എഴുതാപ്പുറം വായന പണ്ടു ഉണ്ടെന്ന ധ്വനി. ഛേ..വൃത്തികേട്... ഇതൊക്കെ ഒന്നു നേരെ ചൊവ്വേ പറഞ്ഞു പഠിക്കൂ.

പിന്നെ ദാസാ, MBBS അത്ര വലിയ ഡിഗ്രി ഒന്നും അല്ല. എഞ്ചിനീയറിംഗ് കഴിഞ്ഞും പിള്ളേര് ട്രയിനീ ആയി സ്റ്റൈപെന്ഡ് വാങ്ങിയും അല്ലാതെയും ജോലി ചെയ്യുന്നുണ്ട്. കുറച്ചു കഴിയട്ടെ ശമ്പളം കൂടുതല് കിട്ടുംട്ടോ.

Suraj said...

പിന്നെ ദാസാ, MBBS അത്ര വലിയ ഡിഗ്രി ഒന്നും അല്ല. എഞ്ചിനീയറിംഗ് കഴിഞ്ഞും പിള്ളേര് ട്രയിനീ ആയി സ്റ്റൈപെന്ഡ് വാങ്ങിയും അല്ലാതെയും ജോലി ചെയ്യുന്നുണ്ട്. കുറച്ചു കഴിയട്ടെ ശമ്പളം കൂടുതല് കിട്ടുംട്ടോ

ഓ...തന്നേ ? ഇപ്പോ മനസിലായല്ലോ “ദു:സൂചന” എന്നത് വെറുതേ പറഞ്ഞതല്ലാ എന്ന്. പോസ്റ്റിന്റെ വിഷയമെന്താന്നു കൂടി അറിന്ത് പേശ് ചേട്ടാ...

ഈ പോസ്റ്റ് ഇട്ട കര്‍ത്താ മാഷിനോട് എഞ്ചിനിയര്‍മാ‍രുടെ സ്ഥിതിയേപ്പറ്റി കൂടെ ഒരു പോസ്റ്റിടാന്‍ പറയാം. അപ്പോള്‍ ഇതുതന്നെ എടുത്ത് ഒട്ടിക്കാമല്ലോ ല്ലേ :)

Suraj said...

പിന്നെ,
“ ഓരോരുത്തരുടെ സംസാരരീതി എന്നല്ലാതെ എന്താ പറയുക. ഒന്നു നന്നാക്കാന് നോക്കാമായിരുന്നില്ലേ?“

നന്നാവില്ലാന്ന് പണ്ടേ മനസ്സിലായില്ലേ ?

Suraj said...

അദ്ദാണ് !
അത്രേയുള്ളൂ വിജയാ...

:-))

കുറുമാന്‍ said...

ആരാണു വിജയന്‍,ആരാണു ദാസന്‍ എന്ന കണ്‍ഫ്യൂഷനിലാ കമന്റ്റുകള്‍ വായിച്ചു കഴിഞ്ഞപ്പോള്‍.

എല്ലാ ജോലിക്കും അതിന്റേതായ ധര്‍മ്മമുണ്ട്, വ്യക്തിത്വമുണ്ട്, വിലയുമുണ്ട്. പക്ഷെ ആ വില സൌന്ദര്യം കാണുന്നവന്റെ കണ്ണിലെന്ന പോലെ ആയി പോകുന്നു എന്ന ഒരു വിത്യാസം ഉണ്ടു (ഉണ്ടില്ലെങ്കിലും കുഴപ്പമില്ല).

കര്‍ത്ത സാറിന്റെ ലേഖനം കാര്യമായ പ്രസക്തിയുള്ളതാണ്. അതിനെ മികച്ച ഒരു ചര്‍ച്ചയില്ലേക്ക് നയിക്കേണ്ടുന്നതിനു പകരം ആരും വഴിതെറ്റിക്കരുതേ.

Sabu Kottotty said...

മലയാളിയ്ക്ക് എളുപ്പം മനസ്സിലാവും, പക്ഷേ ഉറക്കം നടിച്ചു കിടക്കും !!!