Monday 24 September 2007

എങനെയുണ്ട് BSNL ന്റെ ബുദ്ധി?

സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേണാടില്‍ കയറിപ്പോയ മൂര്‍ഖന്‍പാമ്പിനേയാണെങ്കിലും ടാക്സിപിടിച്ചു ചെന്ന് എടുത്ത്‌ കഴുത്തിലിടുന്ന 'പോഴ'ന്മാരുടെ നാടാണു കേരളം.
കച്ചവടക്കാര്‍ക്കിതു നന്നായറിയാം.BSNL ഉം ഒരു കച്ചവടക്കാരനാണല്ലോ!
ഇനി, സംഭവം എന്താണെന്നുവച്ചാല്‍, പോസ്റ്റ്‌ പെയ്ഡ്‌ വരിക്കാര്‍ക്ക്‌ BSNL ഒരു ഓണക്കെണി ഒരുക്കി. 'ജോഡി'.
ഒരു സിം കൊണ്ടുതന്നെ പ്രയാസപ്പെടുന്നവനു ഒന്നുകൂടി ഫ്രീ.
'ചരക്ക്‌' ഒരു കൊറിയര്‍ കമ്പനി വഴി കൊടുത്തയച്ചു. തികച്ചും പ്രൊഫഷണലാണു കമ്പനി എന്നാണു വയ്പ്‌. സംഗതി 'ജോറാ'യി അവസാനിച്ചു. പകുതി പോഴന്മാര്‍ക്കും ഓണസമ്മാനം കിട്ടിയില്ല!!
കേരളം എതാണ്ട്‌ ഒരു വലിയ പട്ടണമായി മാറിക്കൊണ്ടിരിക്കുകയും, എല്ലായിടത്തും എഞ്ജിനിയറിംഗ്‌ കോളേജുകള്‍ പോലെ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടും സിംകാര്‍ഡ്‌ വിതരണത്തിനു എന്തിനാണു ഒരു കൊറിയര്‍ കമ്പനി എന്ന് ആരും ചോദിച്ചില്ല. അതാണു ബ്യൂറോക്രസിയുടെ ഒരു ടെക്കനിക്ക്‌! ബ്യൂറോക്രസിയില്‍ 'വരായ്കകള്‍ക്ക്‌' ഒരു സവിശേഷസ്ഥാനമുണ്ട്‌. അതറിയാത്തവരാണിത്തരം ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌.
പക്ഷെ അതിലെങ്കിലും ഒന്ന് പ്രൊഫഷണലായിക്കൂടെ? ആയി എന്നാണു BSNL ന്റെ അവകാശവാദം. 'വൈകിട്ടത്തെ പരിപാടിക്കുള്ള' സാധനം കിട്ടുന്ന കടപോലെ കേരളത്തിലെല്ലായിടത്തും ശാഖകള്‍ ഉള്ള ഒരു സ്ഥാപനത്തെയാണു വിതരണം ഏല്‍പ്പിച്ചതെന്നു അവര്‍ പറയും. അതുകൊണ്ടാണല്ലോ പകുതിപ്പേര്‍ക്കും സിം കിട്ടാതെ പോയത്‌.
കൊറിയറുകാരനെക്കുറിച്ച്‌ ദോഷം പറയരുതല്ലാ. ടി കമ്പനി വഴി ഇന്ന് സാധനമയച്ചാല്‍ നാളെകിട്ടുമെന്ന് കരുതിയിരിക്കുമ്പോള്‍ മറ്റന്നാളോ രണ്ട്‌ ദിവസം കഴിഞ്ഞോ സംഗതി 'തപാലില്‍' കിട്ടുമെന്ന് ഉറപ്പ്‌! നല്ല ബസ്റ്റ്‌ വിതരണക്കാര്‍.
ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചരിപ്പിച്ചാണല്ലോ 'ആഗോളീകരണ'കാലത്ത്‌ കൊറിയര്‍ കമ്പനികള്‍ കടന്നു വന്നതു. പോഴന്മാര്‍ക്ക്‌ ഇന്ത്യാപോസ്റ്റിനെ വിശ്വാസമില്ലെങ്കിലും കൊറിയരുകാര്‍ക്ക്‌ നല്ല വിശ്വാസമാണു. അതുകൊണ്ടാണല്ലോ പോസ്റ്റ്‌ വഴി അവര്‍ സാധനം എത്തിച്ചു തരുന്നത്‌. ഡെലിവറി ചെക്കന്മാര്‍ക്ക്‌ പെട്രോളടിക്കാന്‍ കാശുകൊടുക്കുന്നതിനേക്കാള്‍ ലാഭം ഇന്ത്യാപോസ്റ്റ്‌ തന്നെ!
സംഭവത്തിലേക്ക്‌ തിരിച്ചു വരാം.
ഒരു സിംകാര്‍ഡിന്റെ കൂടെ ഒന്നു കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു 'ഓഫര്‍'. ആശ്വാസായി!മലയാളി വളരെ ബിസിയാണല്ലോ. ഒരു സിം കാര്‍ഡുകൊണ്ടൊന്നും ജീവിച്ചുപോകാന്‍ പ്രയാസമാണു. ഓച്ചന്തുരുത്തിലാണു ജീവിക്കുന്നതെങ്കിലും സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്നവന്റെ ഭാവനയാണു മലയാളിക്ക്‌. അതാണു വികാസം. രണ്ട്‌ സിംകാര്‍ഡാണു പുരോഗതി.
ഫ്രീസാധനം വരുന്നെന്നറിഞ്ഞപ്പോഴെ ഒരാധിയായി.ചരക്കെപ്പോഴെത്തും? എന്താ അതിങ്ങ്‌ വരാത്തെ? ഏതെങ്കിലും പ്രൈവറ്റുകാരനാണെങ്കില്‍ എപ്പോ എത്തിയെന്ന് ചോദിച്ചാല്‍ മതി.
മലയാളിയുടെ ആശങ്ക അങ്ങനെ വളര്‍ന്നു.
ഈ മനഃശ്ശാസ്ത്രം നന്നായറിയാവുന്ന 'കൊറിയക്കാരന്‍' ഒരു നമ്പരിട്ടു. ഗ്രാമങ്ങളില്‍ വസിക്കുന്ന പോഴന്മാര്‍ക്ക്‌ ചരക്ക്‌ നേരിട്ടെത്തിച്ചു കൊടുക്കാനാവില്ല. കാരണം ഗ്രാമങ്ങളൊക്കെ 'റിമോട്ടാ'ണു. അവിടെയുള്ള പോഴന്മാര്‍ കമ്പനിയുടെ കടയില്‍ വന്ന് ചരക്ക്‌ വാങ്ങിക്കൊണ്ട്‌ പോകണം. അഥവാ കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങണം.
സാങ്കേതികമായി, 64 മുനിസിപ്പാലിറ്റികളും, 5 കോര്‍പ്പറേഷനുകളും കഴിഞ്ഞാല്‍ ബാക്കിയൊക്കെ ഗ്രാമങ്ങളാണു, കേരളത്തില്‍. ഗ്രാമങ്ങള്‍ ഗോസായിയുടെ ഭാഷയില്‍ ഗാവുകളാണു. ഗാവുകള്‍ എല്ലാം റിമോട്ട്‌ ആകുന്നു!!എങ്ങനെയുണ്ട്‌ കൊറിയര്‍ കമ്പനിയുമായി കരാറൊപ്പിട്ടവന്റെ ബുദ്ധി? ഓന്‍ കേരളം കണ്ടിട്ടുണ്ടോ? അതോ വല്ലതും തടഞ്ഞോ?
സാധനം വന്നോ എന്നന്വേഷിച്ച്‌ പോഴന്മാര്‍ അങ്ങോട്ട്‌ ചെന്ന് കൈപ്പറ്റണം. വെറുതെ ചെന്നാല്‍പ്പോരാ. ഇന്ത്യന്‍ പൗരനാണെന്നു തെളിയിച്ചു കൊടുക്കണം.
അതിനു രേഖകാണിക്കണം.
ആരെ?
കൊറിയര്‍ കമ്പനിയില്‍ മാസം 300 രൂപാ ശമ്പളത്തിനിരിക്കുന്ന പെങ്കൊച്ചിനെ.
എന്തു രേഖ?
ഇന്ത്യന്‍ പ്രസിഡന്റ്‌ അനുമിച്ച്‌, 24 ആരക്കാലുള്ള അശോകചക്രവും, 4 ഉണ്ടെങ്കിലും മൂന്നുസിംഹത്തെ മാത്രം കാണുന്നതുമായ സ്തംഭവും പതിച്ച പാസ്സ്പോര്‍ട്ട്‌.(കാണാത്ത ആ സിംഹത്തെ പറ്റിയൊരു കഥയുണ്ട്‌. ബ്യൂറോക്രസിയുടെ സ്വഭാവം വച്ചുനോക്കിയാല്‍ ടിയാന്‍ ലീവെടുക്കാതെ മുങ്ങിയതാവാനാണു സാധ്യത.)
പാസ്സ്പോര്‍ട്ടില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ബലേ ഭേഷ്‌! അതു കാട്ടിക്കൊടുക്കാന്‍ എന്തു യോഗ്യതയാണു കൊറിയര്‍ കമ്പനിയില്‍ ഇരിക്കുന്നവനുള്ളതു? അതാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതൊക്കെ കാണണമെന്നാവശ്യപ്പെടാനും ഒരു യോഗ്യതയൊക്കെ വേണം. ഭരണഘടന അനുശാസിക്കുന്ന യോഗ്യത. അത്‌ കൊറിയക്കാര്‍ക്കറിയില്ലല്ലോ. കൊറിയനറിയില്ലെങ്കിലും BSNL നെങ്കിലും അതറിയണമായിരുന്നു.
മേല്‍ വിലാസക്കാരനെ തേടിപ്പിടിച്ച്‌, ബോദ്ധ്യപ്പെട്ട്‌ ഉരുപ്പടി കൈമാറ്റം ചെയ്യലാണു കൊറിയന്റെ പണി. അതിനാണു രൂ.12 ഉളിപ്പില്ലാതെ വാങ്ങുന്നത്‌. എന്നിട്ട്‌ അത്‌ പറ്റില്ല എന്ന് പറയുന്നത്‌ നിയമലംഘനം. ഉരുപ്പടിയുമായി വീട്ടുകാരനെത്തേടിച്ചെല്ലുമ്പോള്‍ സംശയം തോന്നിയാല്‍ അയല്‍ക്കാരനോട്‌ ചോദിക്കാം. അല്ലെങ്കില്‍ പഞ്ചായത്താഫീസിലോ വില്ലേജാഫീസിലോപോയി ഉറപ്പുവരുത്തണം. അല്ലാതെ എമിഗ്രേഷന്‍ ഒഫീസറേപ്പോലെയോ, തിരഞ്ഞെടുപ്പുകമ്മീഷണറേപ്പോലെയോ പാസ്പോര്‍ട്ട്‌ കാണട്ടെ, തിരിച്ചറിയല്‍ കാര്‍ഡുകൊണ്ടുവരു എന്നല്ല പറയേണ്ടത്‌.
മനസിലാകേണ്ടവര്‍ക്ക്‌ ഇതൊക്കെ മനസ്സിലാകുമോ ആവോ?
പോഴന്‍ എന്നും പോഴന്‍ തന്നെ.
ശീര്‍ഷാസനത്തില്‍:
കേരളത്തിലെ എല്ലാപോസ്റ്റാഫീസുകളിലും ഇപ്പോള്‍ സ്പീഡ്‌ പോസ്റ്റ്‌ സൗകര്യമുണ്ട്‌. എന്നിട്ടും എന്താ ഇന്ത്യാപോസ്റ്റിനെ ഒഴിവാക്കി ഒരു കൊറിയര്‍ കമ്പനിയുമായി BSNL കരാറുണ്ടാക്കിയത്‌? എന്തെങ്കിലുമൊക്കെ വരായ്ക കാണുമായിരിക്കും അല്ലെ? ഒരു കാലത്ത്‌ ഈ BSNL ഉം INDIA POST ഉം ഒരൊറ്റസ്ഥാപനമായിരുന്നെന്നും മറന്നു പോയി.
മറവി ഒരുപാടുള്ള കാലമാണു.
എന്തിന്റെ മീതേയാണു പരുന്ത്‌ പറക്കില്ലാ എന്ന് പറയാറു? അതങ്ങ്‌ മറന്നു..............

24 comments:

അശോക് കർത്താ said...

സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേണാടില്‍ കയറിപ്പോയ മൂര്‍ഖന്‍പാമ്പിനേയാണെങ്കിലും ടാക്സിപിടിച്ചു ചെന്ന് എടുത്ത്‌ കഴുത്തിലിടുന്ന 'പോഴ'ന്മാരുടെ നാടാണു കേരളം.

വേണു venu said...

അശോക് ജീ,
പ്രതികരണ ശേഷിയും നിയമജ്ഞാനവും ഉള്ള പ്രബുദ്ധരായ നമുക്കു് കോടതിയെ സമീപിച്ചു കൂടേ.:)

അശോക് കർത്താ said...

പ്രതികരണം ഈ വഴിക്കും നിയമം ആ വഴിക്കും പോട്ടെ വേണുജീ.........

കിരണ്‍ തോമസ് തോമ്പില്‍ said...

എന്റെ കര്‍ത്താ സാറെ ഇതൊക്കെ ഒരു നമ്പറല്ലേ. മറ്റ് കമ്പനികളുമായി മത്സരിക്കുന്നില്ലാ എന്ന പരാതി തീര്‍ക്കാനായിരിക്കും ഈ ഫ്രീ പരിപാടി ഇറക്കിയത്. എന്നാല്‍ മണത്തറിഞ മറ്റ് പ്രൊവിഡേഷ്സ് കാണേണ്ടവരെ കണ്ടു. അപ്പോള്‍ ഇനിയെങനെ ഇത് പൊളിക്കാം എന്നായി. തപാല്‍ വഴി അയച്ചാല്‍ എല്ലാ പഹയന്മാര്‍ക്കും ഇത് കിട്ടും. കിട്ടാതിരിക്കാന്‍ എന്താ വഴി അത് ചെയ്തു. അത്രമാത്രം

നാട്ടിലുള്ള മറ്റേത് പ്രൊവിഡുടേയും പ്രീപെയിഡ് കാര്‍ഡ് ഏത് പെട്ടിക്കടയിലും കിട്ടും ബി.എസ്.എന്‍.എല്‍ ന്റെത് കിട്ടാന്‍ ഇത്തിരി പുളിക്കും. അവന്റെ പരീപെയിഡ് കിട്ടാന്‍ അപേക്ഷ നല്‍കണമത്ര. പിന്നെ കാത്തിരിക്കണം. എന്തൊരു ജാഡ്. എല്ലാ മുക്കിലും എക്ചെഞും അതിന്റെ മുകളില്‍ ഓരോ ടവരും ഉള്ളതാണ് ഇവന്മാരുടെ അഹങ്കാരം. മറ്റാര്‍ക്കും ഇല്ലാത്ത കവറേജ് ഇവന്മാര്‍ക്ക് ഉണ്ടത്ര. ഈ പൊതു മേഖല ഭീകരന്മാര്‍ നമുക്ക് ചെയ്തു തരുന്ന സേവനങള്‍ എത്ര മനോഹരം. വി.എസ്.എന്‍.എല്‍ ഇപ്പോള്‍ ടാറ്റയുടെ കൈയിലാണ് അവരുടെ നെറ്റ് കണക്ഷനാണ് ഞാന്‍ ഉപയോഗിക്കുന്നത് സത്യം പറയാമല്ലോ ഇത്രയും നല്ല കസ്റ്റമര്‍ സര്‍വ്വീസ് ഞാന്‍ കണ്ടിട്ടില്ലാ. ഇതെങ്ങാന്നും പൊതുമേഖലയില്‍ ആയിരുന്നെങ്കില്‍ എന്റെ ദൈവമ്മെ ആരുടെ ഒക്കെ ജാഡ കാണണമായിരുന്നു.

ഇനി

കുട്ടനാടന്‍ said...

കര്‍ത്താജിയുടെ പോസ്റ്റ് വായിച്ചോണ്ടിരുന്നപ്പോള്‍ മനോരമ ടിവിയില്‍ കണ്ട ഒരു വാര്‍ത്ത - ലീനാ വധക്കേസില്‍ ലീനയുടെ തല ഇതുവരെ കണ്ടു കിട്ടിയിട്ടില്ല ! എന്താ ചെയ്ക, ഈ ബി എസ് എന്‍ എലും പ്രൊഫനലും ഒക്കെ കൂടെ ചേര്‍ന്നാല്‍ അത് കണ്ടെടുത്ത് എത്തിച്ചു കൊടുക്ക്കരുതോ? കിട്ടിക്കഴിയൂമ്പോ അതിനു നമ്മുടെ ഛായയുണ്ടാകുമായിരിക്കും

Anonymous said...

എനിക്ക്‌ കിട്ടിയ ഉടന്‍ ഞാനൊരു പോസ്ടിട്ടു. ആരെങ്കിലുമൊക്കെ കണ്ട്‌ അന്വേഷിക്കട്ടെ എന്നു കരുതി. പിന്നെ അല്ല അറിയുന്നത്‌ പലര്ക്കുമ് കിട്ടിയില്ല എന്ന്‍.

krish | കൃഷ് said...

ബി.എസ്.എന്‍.എല്‍-ന് രാജ്യം മുഴുവന്‍ നല്ല കവറേജ് ഉണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ അവരുടെ ജാഡയാണ് സഹിക്കാന്‍ വയ്യാത്തത്. സെര്‍വീസ് വളരെ പതുക്കെയും.

അശോക് കർത്താ said...

ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചരിപ്പിച്ചാണല്ലോ 'ആഗോളീകരണ'കാലത്ത്‌ കൊറിയര്‍ കമ്പനികള്‍ കടന്നു വന്നതു. പോഴന്മാര്‍ക്ക്‌ ഇന്ത്യാപോസ്റ്റിനെ വിശ്വാസമില്ലെങ്കിലും കൊറിയരുകാര്‍ക്ക്‌ നല്ല വിശ്വാസമാണു

Anonymous said...

കിരണ്‍, ഞാന്‍ 2 കൊല്ലമായി ബാംഗ്ളൂരില്‍ ബി.എസ്.എന്‍.എല്ലിന്റെ ബ്രോഡ്‌ബാന്റ് കണക്ഷന്‍ ആണു ഉപയൊഗിക്കുന്നതു. സത്യം, റ്റാറ്റ, എയര്‍റ്റെല്‍ എന്നിവരെ അപേക്ഷിച്ചു പതി മടങ്ങു മെച്ചമാണ്‌ ബി.എസ്.എന്‍.എല്ലിന്റെ കസ്റ്റമര്‍ കെയര്‍. റിലയബിളിറ്റിയും വളരെ മെച്ചം തന്നെ. മൊബൈലിന്റെ കാര്യമണെങ്കില്‍ ഞാന്‍ ഇതു വരെ ബി.എസ്.എന്‍.എല്‍ ഉപയോഗിച്ചിട്ടില്ല. സിം കിട്ടാന്‍ കിരണ്‍ പറഞ്ഞ കാലതാമസം തന്നെ കാരണം. എന്നാല്‍ എയര്‍റ്റെല്ലും, ഹച്ചും(വൊഡാഫോണ്‍) കസ്റ്റമര്‍ കെയറിന്റെ കാര്യത്തില്‍ വളരെ മോശം ആണു. നമ്മള്‍ അറിയതെ കോളര്‍ ടോണ്‍ തുടങ്ങിയ പെയ്ഡ് ഫീച്ചരുകള്‍ തള്ളി വിടുന്ന പ്രവണതയുമുണ്ടു ഈ രണ്ടു പേര്‍ക്കും. ആദ്യം ഒരു മാസത്തേക്കു ഈ ജാതി സര്‍വീസുകള്‍ ഫ്രീ ആയി തന്നതിനു ശെഷം നമ്മള്‍ അറിയതെ പെയ്ഡ് ആക്കുന്ന റ്റെക്നിക്

Vish..| ആലപ്പുഴക്കാരന്‍ said...

:)

Kaithamullu said...

അറിഞ്ഞിരിക്കുന്നത് നല്ലത്!

കുട്ടിച്ചാത്തന്‍ said...

പ്രിയ സജി കുട്ടിച്ചാത്തന്‍ തല്ലു കൂടാന്‍ പോവാറില്ല എന്നാലും :) ബാംഗ്ലൂര്‍ ബി.എസ്.എന്‍.എല്ലിനെ ഇങ്ങനെ പൊക്കിപ്പറയുന്നത് കേള്‍ക്കുമ്പോള്‍ ഇത്തിരി ദണ്ഡമുണ്ട്..

ഒരു കണക്ഷന്‍ എടുക്കാ‍ന്‍ ഇന്ദിരാനഗര്‍ ഓഫീസില്‍ പോയതാ അവിടിരിക്കുന്ന സ്ത്രീ “ഇനി ഫെബ്രുവരിയിലേ കണക്ഷന്‍ കിട്ടാന്‍ ‘സാധ്യത’പോലുമുള്ളൂ”(സംഭവം ഒരു വര്‍ഷം പഴക്കമുണ്ട്) അതിനായി മക്കള്‍ കേറിയിറങ്ങീട്ട് ഒരു കാര്യവുമില്ലാ എന്ന ടൈപ്പിലുള്ള സംസാരമായിരുന്നു.. ഒരു മാതിരി വേണെല്‍ ഒരു ആപ്ലിക്കേഷന്‍ തന്നിട്ടുപോഡാ എനിക്കിതല്ല വേറേം പണീണ്ട് (ചുമ്മാ ഇരിക്കല്‍) എന്ന ടൈപ്പ്. ആചൂടിനാ പ്രൈവറ്റ് കണക്ഷന്‍ എടുത്തേ. ആദ്യം ടാറ്റാ ഇന്‍ഡികോം (എയര്‍ടെല്ലിനു അവിടെ പരിധിയില്ലായിരുന്നു) വീട് മാറിയപ്പോള്‍ എയര്‍ടെല്ലിലേക്ക് വിളിച്ചു. വീട് മാറിയ അതേ ദിവസം കണക്ഷന്‍!!!

നല്ല കസ്റ്റമര്‍ കെയറും 24/7!!! പുത്തരിയില്‍ തന്നെ കല്ലു കടിച്ച അനുഭവമായതോണ്ടാവും ബി.എസ്.എന്‍.എല്ലിനോട് ഒരു മമത കുറവ്..

പിന്നെ ഹച്ച് കോളര്‍ ടോണ്‍ അത് ഫ്രീആയി തന്നകാര്യം അറിഞ്ഞ ഉടനെ പോയി പറഞ്ഞ് എടുത്ത് ദൂരെ കളഞ്ഞു. (ഒരു DND (Donot disturb)അയച്ചശേഷം പിന്നെ നോ അനോയിങ് എസ് എം എസ്!!!)--- മൊബൈലു കളഞ്ഞ് പോയ പിറ്റേന്ന് ഡ്യൂപ്ലിക്കേറ്റ് സിം!! അതും പോലിസ് FIR um കുണ്ടാമണ്ടിയും ഒന്നുമില്ലാതെ...

ഇത് കാക്കയ്ക്കും തന്‍ കുഞ്ഞ് പൊങ്കുഞ്ഞ് എന്ന ടൈപ്പില്‍ എടുത്താ മതിയേ:)(എന്നോടെങ്ങനെ പെരുമാറുന്നോ അത് തിരിച്ചും കാണിക്കേണ്ട ബാധ്യതയില്ലേ ഈ സര്‍വീസുകളോട്- അവരെ ഇങ്ങനെ താഴ്ത്തിക്കെട്ടുന്നത് സഹിക്കാന്‍ പറ്റുവോ) ;)

Anonymous said...

Kuttichathan, I am no way an ardent BSNL fan. But my point was that BSNL is far better compared to the same old legacy public sector organization we all think of. I fully agree with the logistic issues faced while trying to get any connection from BSNL. But I think that is due to the enormous number of connections they are handling, compared to private providers. I was one of the first customers who took BSNL's dataone connection, and got it in 1 or 2 days. (I had a telephone connection prior to that).

Regarding the annoying promotional calls from Hutch, it didn't stop for me with 3 or 4 DND SMS's. I had to stop them in a hard way. And needless to tell about their poor coverage and reliability ( I have to call 2-3 times to get another hutch number most of the times) May be my ill feeling against Hutch is just akkarapacha May be BSNL is even worse:-)

Also agree with you that Airtel is better compared to other private providers at least in Karnataka for both Broadband and Mobiles.

കുട്ടിച്ചാത്തന്‍ said...

കോമ്പ്രമൈസ്-- വെള്ളക്കൊടി--- സജിച്ചേട്ടോ..you got better service from BSNL & I got same from Hutch

so we thought differently that is all :)

myexperimentsandme said...

നാട്ടിലെ ബി.എസ്.എന്‍.ല്‍ - ന്റെ ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍ നല്ലതാണെന്നും അവരുടെ കസ്റ്റമര്‍ സര്‍വീസുകൊണ്ട് ഇതുവരെ കുഴപ്പമൊന്നും വന്നില്ലെന്നും എന്തെങ്കിലും പരാതി പറഞ്ഞാല്‍ ഉടന്‍ തന്നെ അവര്‍ വീട്ടില്‍ വന്ന് നോക്കിയും മറ്റും ശരിയാക്കി തരുന്നുണ്ടെന്നും ഇതിനാല്‍ സാക്ഷ്യപ്പെടുത്തിയതുകൊണ്ട് ഭഗവാനേ, ഇനിമുതല്‍ കുളമാവല്ലേ.

ഒന്നും പ്രതീക്ഷിക്കാത്തതുകൊണ്ടാവും, ബി.എസ്.എന്‍.എല്‍-ന്റെ ഇന്റര്‍നെറ്റിന് അവരെ ആദ്യം സമീപിച്ചപ്പോള്‍ മുതല്‍ നല്ല സേവനമായിരുന്നു. ബില്ലിംഗിലെ പ്രശ്‌നങ്ങളൊക്കെ പ്രൊഫഷണല്‍ രീതിയില്‍ തന്നെയാണ് അവര്‍ ഇതുവരെ പരിഹരിച്ച് തന്നത്.

കുറച്ചൊക്കെ ബുദ്ധിമുട്ടുണ്ടാവാമെങ്കിലും ബി.എസ്.എന്‍.ല്‍ -നെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ എല്ലാവരോടും പറയാറുണ്ട്. അല്ലെങ്കില്‍ എന്‍‌റോണ്‍ എന്‍‌റോണ്‍... :)

അശോക് കർത്താ said...

പോരട്ടെ...ഇങനെ പോരട്ടെ

മൂര്‍ത്തി said...

ബി.എസ്.എന്‍.എല്‍ മൊബൈല്‍ മേഖലയിലേക്ക് കടന്നത് എന്തായാലും കസ്റ്റമേര്‍സിന്റെ നല്ല കാലം. 2000ത്തില്‍ ബി.എസ്.എന്‍.എല്‍ രൂപീകരിച്ചെന്കിലും മൊബൈല്‍ മേഖലയിലേക്ക് കടക്കാന്‍ അവരെ അനുവദിച്ചത് 2002ല്‍. ഞാന്‍ പണ്ടിട്ട ഒരു ബി.എസ്.എന്‍.എല്‍ പോസ്റ്റില്‍ തോമസ് ഇട്ട കമന്റില്‍ നിന്നൊരു ഭാഗം..

Once BSNL entered, the rates came down from Rs.16.49 per minute to the present 40 ps and even less in own networks. So, it is not the competition that brings down the rate, but is the presence of a public sector service provider that contributes to rate revision, added with fast development in technology. Had the PSU been not there, even the technological advantages would have been conrnered by the monopoly as profit without allowing rate reduction.

പോസ്റ്റ് മാന്‍ അര മണിക്കൂര്‍ വൈകിയാല്‍ തെറി പറയുന്ന നാം തന്നെ സ്വകാര്യ കൊറിയറില്‍ വരുന്ന കൊറിയര്‍ വാങ്ങാന്‍ അവരുടെ ഓഫീസില്‍ ചെല്ലും. ഒരു പരാതിയും ഇല്ലാതെ.

Anonymous said...

കലക്കി മൂര്‍ത്തിച്ചേട്ടാ, കലക്കി. പക്ഷെ കര്‍ത്തായുടെ പോസ്റ്റ് അവര്‍ പ്രൈവറ്റുകാരന്റെ ചൊല്‍പ്പടിക്കു തുള്ളുന്നു എന്നതിനേക്കുറിച്ചല്ലെ?

myexperimentsandme said...

അയല്‍‌ക്കാരനോടോ അടുത്ത പഞ്ചായത്തിലോ പോയി ആളെ തിരിച്ചറിയുന്നതിലും നല്ലതല്ലേ തിരിച്ചറിയല്‍ കാര്‍ഡ് വഴി അത് ചെയ്യുന്നത്?

തിരിച്ചറിയില്‍ കാര്‍ഡ് ആവശ്യപ്പെടുന്നതിനെ കുറ്റം പറയാന്‍ പറ്റുന്നില്ല. ആര്‍ക്കെങ്കിലും എടുത്ത് കൊടുത്ത് സാധനം നമുക്ക് കിട്ടിയില്ലെങ്കില്‍ നമ്മള്‍ ആ ആളിനെ തന്നെ കുറ്റം പറയും, ഉത്തരവാദിത്തബോധം കാണിക്കാത്തതിന്. മാത്രവുമല്ല, ചില സാധനങ്ങള്‍ അത് ആര്‍ക്കാണോ കിട്ടേണ്ടത് അവര്‍ക്ക് തന്നെ കിട്ടുകയും വേണം. ആര്‍ക്കെങ്കിലും കിട്ടിയാല്‍ പിന്നെ പൊല്ലാപ്പായാലോ?

പക്ഷേ എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് വേണം. ഒരു സിം കിട്ടുന്ന ആള്‍ക്ക് ഒരു തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാവേണ്ടതാണല്ലോ. അതുകൊണ്ട് അത്തരം കാര്‍ഡുകള്‍ തിരിച്ചറിവിനുവേണ്ടി ആവശ്യപ്പെടാന്‍ ആ കടയിലിരിക്കാനുള്ള യോഗ്യത പോരേ?

പക്ഷേ പാസ്‌പോര്‍ട്ട് മുതലായ രേഖകള്‍ കാണിക്കണമെങ്കില്‍ അതിന്റെ മാനദണ്ഡമെന്താണെന്നറിയില്ല (വിദേശത്ത് കള്ള് ഷാപ്പുകളിലും ഐഡന്റിഫിക്കേഷനായി ആള്‍ക്കാര്‍ കാണിക്കുന്നത് പാസ്‌പോര്‍ട്ടൊക്കെയാണെന്നത് വേറേ കാര്യം. അത് ചോദിക്കുന്നവര്‍ക്കുള്ള യോഗ്യത ചിലപ്പോള്‍ കള്ളെടുത്തു കൊടുക്കുക എന്നതും).

നന്ദു കാവാലത്തിന്റെ കഥ വായിച്ചതില്‍ പിന്നെ യോഗ്യതകളെപ്പറ്റി ചിന്തിക്കാന്‍ തന്നെ പേടി ::

Senu Eapen Thomas, Poovathoor said...

Masses are Asses. Pothujanam kazhutha thanne. Mughya manthri athu onnu thiruthi- Pozhan. Ithu Pozhanmarude kaalam. Sachara keralathile sundara Pozhanmar. Pozhanmarude swantham NAADU

KUTTAN GOPURATHINKAL said...

വേണാടും റ്റാക്സിയും മാത്രമാല്ല ആകാശത്തുകൂടി പോകുന്ന
--ണ്ണ, ഒരേണി സംഘടിപ്പിച്ച്‌ കയറിച്ചെന്ന് നന്നായി
ഒന്ന് --മ്പാനും മലയാളിക്കു മടിയില്ല, നാലു രോമം ഫ്രീ
ആയി കിട്ടുമെങ്കില്‍

അശോക് കർത്താ said...

ബി.എസ്.എന്‍.എല്ലിന്റെ ബുദ്ധി തെളിഞ്ഞു. ജോഡി സിം എക്സ്ചേഞ്ചുകള്‍ വഴി വിതരണമാരംഭിച്ചു.

DeaR said...

വേണുജീയെപോലെ പ്രതികരണശേഷിയുള്ളവരെയാണ്‍ നമുക്കിന്നു ആവശ്യം

Sabu Kottotty said...

പ്രൊഫഷണലായിത്തന്നെ സര്‍വ്വീസ് നടത്തുന്ന കമ്പനിയിലാണ് എന്റെ കൊറിയറുകള്‍ വരുന്നത്. മലപ്പുറത്തെ ഏറ്റവും മോശമായ സര്‍വ്വീസും അതുതന്നെ.

എന്തൊക്കെയോ മണക്കുന്നുണ്ട്...