Saturday 14 July 2007

മലയാളത്തെ വിട്, അതെങ്ങനെങ്കിലും അങ്ങ് പിഴച്ചോളും

"മലയാളഭാഷകൊണ്ട്‌ ഉപജീവനം നേടുകയും വളരുകയും പ്രശസ്തിനേടുകയും ചെയ്ത പലപ്രമുഖരുടേയും മക്കള്‍ക്ക്‌ മലയാളം അറിയില്ല!"
അക്ഷരജാലകത്തില്‍ എം.കെ.ഹരികുമാര്‍.
ഇതൊരു ദുര്‍വ്വാശിയാണല്ലോ ഹരികുമാര്‍.കാര്യമറിയാതെ ഇങ്ങനെയൊക്കെ എഴുതിയാലോ? മലയാളത്തില്‍ എഴുതുന്നവരുടെ മക്കള്‍ മലയാളം പഠിക്കണമെന്ന് പറയുന്നതിലെന്തര്‍ത്ഥം. ഡി.പി.ഇ.പി നടപ്പാക്കിയ വിദ്വാന്മാരുടെ മക്കളും കൊച്ച്‌ മക്കളും പൊതുപള്ളിക്കുടത്തില്‍ പോയി പഠിക്കുമോ?അത്‌ കള! പള്ളിവേറെ പള്ളിക്കുടം വേറെ.
പാരമ്പര്യത്തെ തകര്‍ക്കാനും ഭൗതികവിജയം നേടാനും ഉപദേശിച്ചവരല്ലെ മലയാളികള്‍? മലയാളം പഠിച്ചിട്ട്‌ എന്തോന്ന് നേടും സാര്‍?
എല്ലാം വെട്ടിപ്പിടിച്ചിട്ടല്ലെ ഭാരതപ്പുഴ നേര്‍ത്ത്‌ പോയതില്‍ സേതു(കാലം) ഖേദിക്കുന്നത്‌? വിഗ്രഹഭഞ്ജകനായ അരവിന്ദന്‍(ഡല്‍ഹി) റിട്ടയര്‍മന്റ്‌ കാലത്ത്‌ എസ്റ്റാബ്ലിഷ്മെന്റിന്റെ ചക്രം തിരിക്കുന്നത്‌ കാണാന്‍ രസമില്ലെ? കൃത്രിമമായ അസ്തിത്വദുഃഖമൊക്കെ അനുഭവിച്ച രവി(ഖസാക്ക്‌ P.O) എവിടെച്ചെന്നാണു മുക്തി നേടിയതെന്ന് നാം കണ്ടു. 'മറിയമേ മെഴുകുതിരിപോലെ ....' എന്ന് അലറിപ്പാടിയ കവി സ്ത്രീദുഃഖങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടാന്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ നിറഞ്ഞ്‌ നില്‍ക്കുകയാണു.ഹരഹരോഹര!
മലയാളം കാര്യക്കാരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞ അനന്തരതലമുറ മലയാളം വേണ്ടെന്ന് വച്ചെങ്കില്‍ അത്‌ അവരുടെ നന്മ! മുന്‍ തലമുറയെപ്പോലെ കാപട്യം കാണിക്കാന്‍ അവര്‍ തയ്യാറായില്ലല്ലോ! അത്രയും നന്ന്.
എന്തിനു ഇതൊക്കെ പറയണം? തൊട്ടടുത്ത പേജില്‍( കലാകൗമുദി-1662,പേജ്‌58) ഹരികുമാര്‍ തന്നെ മലര്‍ന്നടിച്ച്‌ വീഴുന്നുണ്ടല്ലോ! 'ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇല്ലിച്ചിന്റെ മരണം എന്ന കഥയുടെ അടുത്തെങ്ങും എത്താന്‍ നമ്മുടെ ആഖ്യാനകല വളര്‍ന്നിട്ടില്ല' ഭാരതത്തിന്റെ കഥാഖ്യാനരീതിയെ വളരെ ബഹുമാനമുള്ളതുകൊണ്ടായിരിക്കുമല്ലോ കഥാസരിത്ത്‌ സാഗരമൊക്കെ വിട്ട്‌ റഷ്യന്‍ സാഹിത്യം തന്നെ കയറിപ്പിടിച്ചത്‌. എന്തിനും ഏതിനും പടിഞ്ഞാട്ട്‌ നോക്കിയിരിക്കുന്നവര്‍ക്ക്‌ മലയാളത്തെ വിമര്‍ശ്ശിക്കാന്‍ എന്തവകാശം?

9 comments:

അശോക് കർത്താ said...

എന്തിനും ഏതിനും പടിഞ്ഞാട്ട്‌ നോക്കിയിരിക്കുന്നവര്‍ക്ക്‌ മലയാളത്തെ വിമര്‍ശ്ശിക്കാന്‍ എന്തവകാശം?

myexperimentsandme said...

അടച്ചാക്ഷേപിക്കുന്നില്ലെങ്കിലും ഞാനുള്‍പ്പടെയുള്ള പല മലയാളികളുടെയും കാപട്യം നിത്യജീവിതത്തിലും കണ്ടുകൊണ്ടിരിക്കുന്നു. വാക്കൊന്ന്, പ്രവൃത്തി മറ്റൊന്ന്. പലപ്പോഴും പല കാര്യങ്ങള്‍ക്കും രോഷം കൊള്ളുന്ന മലയാളി ആവശ്യപ്പെടുന്നത് താനൊഴിച്ചുള്ളവര്‍ എങ്ങിനെ വേണമെന്ന് മാത്രം. തന്റെ കാര്യം വരുമ്പോള്‍ ഈ പറഞ്ഞതിനൊക്കെ നേരേ വിപരീതം ചെയ്യുന്നതില്‍ യാതൊരു മടിയും അവന്‍ കാണിക്കാറില്ല.

ഗംഭീര ചര്‍ച്ചകളിലൊക്കെ അവര്‍ അങ്ങിനെ ചെയ്യാന്‍ പാടില്ലായിരുന്നു, അതായിരുന്നു ആ പ്രശ്‌നത്തിന്റെ കാരണം, അത് അങ്ങിനെ തന്നെയാണ്, അത് ഇങ്ങിനെതന്നെയാണ് എന്നൊക്കെ ഭൂതകാലത്തില്‍ ആഴ്‌ന്നിറങ്ങി കാര്യകാരണസഹിതം സമര്‍ത്ഥിക്കുന്ന നമ്മള്‍ ഇനി അങ്ങിനെ വരാതിരിക്കാന്‍/സംഭവിക്കാതിരിക്കാന്‍/ചെയ്യാതിരിക്കാന്‍ എന്ത് വേണം എന്ന കാര്യത്തില്‍ മാത്രം വലിയ താത്‌പര്യം കാണിക്കാറില്ല. കാരണം ഭാവിയെപ്പറ്റി പറയുമ്പോള്‍ ഈ രോഷം കൊള്ളുന്നയാളും എന്തെങ്കിലും കോണ്‍‌ട്രിബ്യൂട്ട് ചെയ്യേണ്ടി വരും. ആ ഒരു കമിറ്റ്‌മെന്റ് സൌകര്യപൂര്‍വ്വം അവന്‍ ഏറ്റെടുക്കില്ല.

വാചകത്തിന് നമ്മളോളം മിടുക്കര്‍ കുറവാണെന്ന് തോന്നുന്നു (എന്റേതായ നിരീക്ഷണം-എല്ലാവരും അങ്ങിനെയാണെന്നല്ല).

അശോക് കർത്താ said...

ഇഷ്ടാ, വക്കാരിമഷ്ടാ പറഞ്ഞതത്രയും കറക്ട്

Unknown said...

കര്‍ത്താ മാഷേ കൊട് കൈ!

അശോക് കർത്താ said...

ദില്‍ബാസുര്‍ജി പിടി കൈ

കെ said...

കൊട് അടുത്ത കൈ. ഇനി പിടി വിട്...
എം കൃഷ്ണന്‍‍‍‍‍‍‍ നായര്‍‍‍‍‍‍‍‍‍ അവര്‍‍‍‍‍‍‍‍‍‍കള്‍‍‍‍‍‍‍‍‍ എഴുതി ഫലിപ്പിച്ച സാഹിത്യവാരഫലത്തിന്റെ വിദൂര പാരഡിയാണ് ഹരികുമാറിന്റെ അക്ഷരജാലകം. അക്ഷരജാഡകം അന്നു പറയുന്നതാവും ശരി. പാശ്ചാത്യ എഴുത്തുകാരെ ചാരി ഇവിടുത്തെ എഴുത്തുകാരെ അടിക്കുന്ന നിരൂപണജാല വിദ്യയാണിതും. അതോളം ആയില്ല ഇത് എന്നൊക്കെ വച്ചു കീറുന്പോള്‍‍‍‍‍‍‍‍‍‍‍ ഇവനാളൊരു പുലിതന്നെഡേ എന്നൊക്കെ ആളുകള്‍‍‍‍‍‍‍‍‍ക്ക് തോന്നുമെന്നാണ് ഹരികുമാറിന്റെ വിചാരം. തദ്വാരാ മലയാള സാഹിത്യത്തില്‍‍‍‍‍‍‍‍ വലിയ പുളളിയാകാമെന്നും.

സ്വന്തമായി ഒന്നുമെഴുതാനായില്ലെങ്കില്‍‍‍‍‍‍‍‍ പിന്നെ കൈവയ്ക്കാവുന്ന മേഖലയാണ് നിരൂപണം. ആ വരി ഗംഭീരം. ഈ വരി വികാരോജ്വലം. മറ്റേ ഖണ്ഡിക ഭാവബന്ധുരം. കൃതി മൊത്തം മലീമസം. ഇമ്മതിരിയൊരു എഴുത്തറിയാമെങ്കില്‍‍‍‍‍‍‍‍ ഏവനും ഹരികുമാറാകാം.

കര്‍‍‍‍‍‍‍‍‍ത്താവിനും, സോറി, കര്‍‍‍‍‍‍‍‍ത്തയ്ക്കും വേണേല്‍‍‍‍‍‍‍‍‍‍‍‍‍‍ ആ വഴിയ്ക്ക് ശ്രമിക്കാവുന്നതാണ്.

മുക്കുവന്‍ said...

enikkonnum pidikittiyilley!

malayalam or english or any other language, for me no problem. what ever language gives me the best living income, I support that. right now english is providing me that and I learned few words here and there and living comfortably.

വിനയന്‍ said...

കാപട്യത്തിന്റെ മൂര്‍ത്തിമത് ഭാവമാണ് മലയാളി.ചെയ്തതെന്തെന്നല്ല ഇപ്പോള്‍ പറയുന്ന വിഷയം എന്താണെന്നതാണ് കാര്യം.ഇന്നത്തെ മലയാളിയെ സംബന്ധിച്ചേടത്തോളം എല്ലാം വയറ്റിപിഴപ്പാണ് എന്നതാണ് സത്യം..അവന് എഴുത്തും, വായനയും, നിരൂപണവും,പത്രപ്പ്രവര്‍ത്തനവും എല്ലാം കഞ്ഞി കുടിക്കാനുള്ളതാ‍ണ്.ആരെങ്കിലും പത്തോ നൂറോ കൊടുക്കാമെന്ന് പറഞ്ഞാല്‍ അവന്‍ ഈ മണ്ണും വില്‍ക്കും.വേണമെങ്കില്‍ പിന്നീട് ഫ്ലോറിഡയിലോ, പാരീസിലോ ഒക്കെ ചെന്ന് സെറ്റില്‍ ചെയ്യാമല്ലോ.

അനിലൻ said...

ഹരികുമാറിനെ നമുക്ക് വെറുതേ വിടാം അശോക് കര്‍ത്താ.
കലാകൌമുദിയില്‍ കൂടാതെ കഥാമാസികയിലും കാണാറുണ്ട് വിമര്‍ശനമെന്ന പേരില്‍ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഹരികുമാരസംഭവം.

പാവം ജീവിച്ചു പൊയ്ക്കോട്ടെ.