Sunday, 23 November 2008

വിശ്വാസികള്‍ക്ക് നേരെ ആക്രമണം - പള്ളിയില്‍ വെടി വയ്പ്. ഒരാള്‍ മരിച്ചു

സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍തഡോക്സ്‌ ക്നാനായ പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കെത്തിയവര്‍ക്ക്‌ നേരെ വെടിവയ്പ്‌. ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 200ഓളം പേര്‍ വി.കുര്‍ബ്ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണു വെടിയുതിര്‍ത്തത്‌. അക്രമി ഒളിവില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : http://www.npr.org/templates/story/story.php?storyId=96444169&sc=emaf

Wednesday, 23 July 2008

അണുവഴി - പുതിയ പെരുവഴി?

എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല എന്തു വിശ്വാസമാണു ഗവണ്‍മന്റ്‌ നേടിയിരിക്കുന്നത്‌? സാങ്കേതികമായി കാര്യം ശരിയായിരിക്കാം. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ സഭ. അതില്‍ ഭൂരിപക്ഷം ഒരു വിഭാഗത്തിനു കിട്ടി. അത്രയും ശരിയാണു. പക്ഷെ അത്‌ ജനത്തിന്റെ മനോഗതമാണോ?
ആണവനിലയങ്ങളേക്കുറിച്ചോ അണുശക്തിയെക്കുറിച്ചോ അറിയുന്നവര്‍ എത്ര പേര്‍ കാണും? 100 കോടിയാണു ഇന്ത്യയുടെ ജനസംഖ്യ. അതില്‍ അണുശക്തിയെക്കുറിച്ച്‌ അറിവുള്ളവര്‍ എത്ര പേരുണ്ട്‌? അവര്‍ തന്നെ അഭിപ്രായഭിന്നതയിലാണു. ഇന്നലെ നാം അത്‌ കണ്ടു.
വ്യക്തിപരമായി എനിക്ക്‌ ഈ അണുനിലയങ്ങളെ പേടിയാണു. കാരണം വലിയ അപകടസാധ്യതയുള്ള സാധനമാണു അതെന്നാണു പറയുന്നത്‌. ചെലപ്പോള്‍ അത്‌ ശരിയല്ലായിരിക്കും. ഒട്ടും അപകടം കാണില്ല. ആരെങ്കിലും നമ്മെ പറഞ്ഞ്‌ പേടിപ്പിക്കുന്നതായിരിക്കും. നമുക്ക്‌ ഉപകാരപ്പെടുന്നതും വ്യവസായ മത്സരങ്ങള്‍ കാരണം തെറ്റിദ്ധരിപ്പിക്കപ്പെടുന്നതുമായിരിക്കും അണുനിലയങ്ങള്‍. പ്രധാനമന്ത്രി അങ്ങനെയാണല്ല്ലോ പറയുന്നത്‌. ആണവനിലയങ്ങള്‍ സ്ഥാപിച്ച്‌ കഴിഞ്ഞാല്‍ ഭാരതത്തിന്റെ ഊര്‍ജ്ജ പ്രതിസന്ധി പരിഹരിച്ചു എന്നാണു അദ്ദേഹം നല്‍കുന്ന ഉറപ്പ്‌. അത്‌ സത്യമാകട്ടെ.
പിന്നെ അവശേഷിക്കുന്നത്‌ ചെര്‍ണൊബില്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവാനിടയുണ്ടെന്നാണു. നാം അത്‌ വിശ്വസിക്കണ്ട. വിധിവിശ്വാസികളാണു ഇന്ത്യാക്കാരില്‍ ഭൂരിഭാഗവും. വരാനുള്ളത്‌ വഴിയില്‍ തങ്ങില്ല. പൊട്ടിത്തെറിക്കാനുള്ള ആണവനിലയങ്ങളാണെങ്കില്‍ പൊട്ടിത്തെറിച്ചിരിക്കും.
ശുദ്ധജലം കിട്ടാതെയും വേണ്ടത്ര ഭക്ഷണമില്ലാതെയും മരിക്കുന്ന ഇന്ത്യക്കാരെത്രയാ? സ്വയം അപകടം വരുത്തി വയ്ക്കുന്നവരേക്കുറിച്ചാണെങ്കില്‍ തീവണ്ടിക്ക്‌ മുകളിലിരുന്ന് യാത്രചെയ്യുന്നവരെത്ര? രാഷ്ട്രീയക്കാരും മതമേലദ്ധ്യക്ഷന്മാരും സന്യാസിമാരും പറഞ്ഞിട്ട്‌ തെരുവിലിറങ്ങി തലതല്ലി ചാകുന്നവര്‍? മദ്യപിച്ചും പുകവലിച്ചും പാന്‍ ചവച്ചും മരിക്കുന്നവര്‍. അങ്ങനെ ചെയ്യുമ്പോള്‍ നാം നികുതിയായും കച്ചവടക്കാരന്റെ ലാഭം വഴി തെരഞ്ഞെടുപ്പ്‌ ഫണ്ടായും എത്ര കോടികളാണു നമ്മുടെ ജനകീയ ജനാധിപത്യ നേതൃത്വത്തിനു മടക്കിക്കൊടുക്കുന്നത്‌?
അപ്പോള്‍ മരിക്കാന്‍ അവര്‍ നമുക്ക്‌ പുതിയൊരു സംവിധാനം - അണുശക്തി - ഒരുക്കിത്തരുമ്പോള്‍ അവരോട്‌ നന്ദി പറയുകയല്ലെ വേണ്ടത്‌? അതിലൂടെ നാം അവര്‍ക്ക്‌ കടപ്പെട്ടിരിക്കുന്ന നികുതി എത്രയും വേഗം തിരികെ നല്‍കി ഈ മായയില്‍ നിന്ന് മോചിതമാകുകയല്ലെ വേണ്ടത്‌?അതിനിടയില്‍ വിശ്വാസം തേടാനുള്ള ചെലവ്‌ ദുര്‍വ്യയമായിപ്പോയി. അതൊഴിവാക്കാനുള്ള സന്മസ്‌ കാണിക്കേണ്ടിയിരുന്നു.

Saturday, 10 May 2008

മാനസിക രോഗികളാകുന്ന സ്ത്രീകള്‍

പ്രസവാനന്തരം കേരളത്തിലെ 10% സ്ത്രീകള്‍ എന്തു കൊണ്ട് മാനസിക രോഗത്തിനു വിധേയമാകുന്നു?

സ്വാമി നിര്‍മ്മലാനന്ദ ഗിരിയുടെ പ്രഭാഷണം ക്ലിക്കാസ്റ്ററില്‍ തുടരുന്നു http://www.clickcaster.com/nirmalanandam

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കമന്റുകളായി രേഖപ്പെടുത്താന്‍ താല്പര്യം.

Tuesday, 9 October 2007

ആദ്യമായി സ്പര്‍ശ്ശിച്ച ആ കൈകള്‍.........

ഈ ലോകത്തിലേക്ക്‌ കടന്നുവന്നപ്പോള്‍ ആദ്യമായി സ്പര്‍ശിച്ച ആ കൈകള്‍ ഓര്‍മ്മയുണ്ടോ?
ഇല്ല. കാണില്ല.
ഉണ്ടായിരുന്നെങ്കില്‍ മലയാളി ഈ നന്ദികേട്‌ കാണിക്കുമായിരുന്നില്ല!
1930 മുതല്‍ തിരുവിതാംകൂറിലും സ്വാതന്ത്ര്യാനന്തരം കേരളത്തിലുടനീളവും നിലവില്‍ വന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടറന്മാര്‍ ന്യായമായ വേതനം ആവശ്യപ്പെട്ടു കൊണ്ട്‌ സമരത്തിലാണു. അതും മര്യാദാപൂര്‍വ്വം. ആശുപത്രികള്‍ അടച്ചിട്ടല്ല അവര്‍ സമരം ചെയ്യുന്നത്‌. രോഗികള്‍ക്ക്‌ ചികിത്സ നല്‍കിക്കൊണ്ടും എന്നാല്‍ രാഷ്ട്രീയക്കാരുടെ വിടുപണി ഒഴിവാക്കിക്കൊണ്ടുമാണാ ആ സമരം. കേരളത്തിലെ ജനങ്ങളിലെ 60% ത്തേയും ആദ്യമായി സ്പര്‍ശിച്ച കരങ്ങളുടെ പാരമ്പര്യം പേറുന്ന അവര്‍ക്ക്‌ ഒരു അഭിവാദ്യം അര്‍പ്പിക്കാന്‍ പോലും നാം തയ്യാറായില്ല. തികഞ്ഞ നന്ദികേടല്ലാതെ എന്താണിത്‌?
സര്‍ക്കാര്‍ ആശുപത്രിയേയും സര്‍ക്കാര്‍ ഡോക്ടറന്മാരേയും തകര്‍ക്കുന്ന ഒരു അജന്‍ഡ 1980 കള്‍ മുതല്‍ കേരളത്തില്‍ ദൃശ്യമായിത്തുടങ്ങിയിരുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു PH സെന്റര്‍ ഉണ്ടെങ്കില്‍ അടുത്ത്‌ ഒരു സ്വകാര്യ ആശുപത്രി പച്ച പിടിക്കാന്‍ പ്രയാസമാണു.
ഡോക്ടറന്മാര്‍ക്ക്‌ പകരം അബ്കാരികളും തോട്ടം മുതലാളിമാരും രാഷ്ട്രീയക്കാരുടെ ബിനാമികളും ആശുപത്രികള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണു സര്‍ക്കാര്‍ ആശുപത്രികളുടെ ശനിദശ.
ആദ്യപ്രചരണം സര്‍ക്കാര്‍ ആശുപത്രികളില്‍ ആധുനിക സൗകര്യങ്ങള്‍ ഇല്ലെന്നായിരുന്നു. അതിനെ പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കവുമുണ്ടായില്ല. ബിസിനസ്സുകാര്‍ക്ക്‌ വശഗരായി കൈയ്യും കെട്ടി നിന്നു കൊടുക്കാന്‍ സര്‍ക്കാര്‍ മടിച്ചില്ല. സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടിയുമെടുത്തില്ല.
പിന്നെ ഡോക്ടറന്മാര്‍ക്കെതിരേയായി അവരുടെ ആക്രമണം.
സര്‍ക്കാര്‍ ഡോക്ടറന്മാര്‍ കഴിവുകെട്ടവരും അഴിമതിക്കാരും ആണെന്ന പ്രചരണം അഴിച്ചു വിട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മാദ്ധ്യമങ്ങളും അതില്‍ പങ്കുചേര്‍ന്നു. മാദ്ധ്യമമുതലാളിമാരില്‍ പലര്‍ക്കും സ്വന്തമായി ആശുപത്രികള്‍ ഉള്ളപ്പോള്‍ അവര്‍ക്ക്‌ വിട്ടുനില്‍ക്കാനാവില്ലല്ലോ. എന്നിട്ടും ആരോഗ്യകേന്ദ്രങ്ങള്‍ പിടിച്ചുനിന്നു. കേരളത്തിലെ പകുതിയിലേറെ ജനങ്ങളും അവിടെ നിന്ന് സേവനം നേടിക്കൊണ്ടിരുന്നു.
സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യപരിപാലനം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഏറ്റവും പുതിയ പദ്ധതിയാണു ഈ വാഗ്ദാനലംഘനം.
22 വയസ്സുള്ള ഒരു എഞ്ജിനിയര്‍ക്ക്‌ തുടക്കത്തില്‍ 30,000ഉം 40,000 ഉം ശമ്പളം കിട്ടുമ്പോള്‍ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക്‌ 15,000 ല്‍ത്താഴെ മാതൃമേ കിട്ടു.
ഒരു ഡോക്ടറെത്തന്നെ കരാര്‍ അടിസ്ഥാനത്തില്‍ ഏടുക്കുമ്പോള്‍ PSC മുഖേന കയറുന്ന ഡോക്ടറേക്കാള്‍ 10,000 കൂടുതല്‍ കൊടുക്കാന്‍ സര്‍ക്കാരിനു മടിയില്ല.
സ്വകാര്യാശുപത്രികള്‍ യുവഡോക്ടറന്മാര്‍ക്ക്‌ ലക്ഷങ്ങളും കമ്മീഷനും വച്ചു നീട്ടുമ്പോള്‍ സര്‍വ്വീസില്‍ നിന്ന് പിരിയാറാകുന്ന ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക്‌ കിട്ടുന്നതോ 30,000 ത്തിനടുത്ത്‌.
ഇതിന്റെ ഒക്കെ പിന്നില്‍ ഒരൊറ്റലക്ഷ്യമേയുള്ളു.
ആരോഗ്യരംഗത്തെ സര്‍ക്കാര്‍ സംവിധാനം തകര്‍ക്കണം.
സ്വകാര്യ ആശുപത്രികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ക്കും അത്‌ കയ്യടക്കണം.
ഇന്നത്തെ പരിതസ്ഥിതിയില്‍ അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണു സര്‍ക്കാര്‍ ഡോക്ടറന്മാരുടെ ആത്മവീര്യം കെടുത്തുക എന്നത്‌. അതിനു ആധുനിക മാനേജുമന്റ്‌ വിദഗ്ദരുടെ കണ്ടുപിടുത്തമാണു അന്തരം വര്‍ദ്ധിപ്പിക്കല്‍. ഇതൊരു മനഃശ്ശാസ്ത്രപരമായ ആയുധമാണു.
ഒരേ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ വരുമാനത്തില്‍ അന്തരമുണ്ടാകുമ്പോള്‍ അസൂയയും സ്പര്‍ദ്ധയും ഉണ്ടാകും. തൊഴിലിനോടുള്ള താല്‍പ്പര്യം നഷ്ടപ്പെടും. ആ മേഖലയില്‍ അസ്വസ്തത തലപൊക്കും. പുതുതലമുറ ആ രംഗം പതുക്കെ ഉപേക്ഷിക്കാന്‍ തുടങ്ങും.
ഇന്ന് IAS പ്രലോഭനീയമല്ലാതെ ആയിക്കൊണ്ടിരിക്കുന്നപോലെ.
ഒടുവില്‍, സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ തകരും. അതു കാത്തിരിക്കുന്നവരുണ്ട്‌. മേഷയുദ്ധത്തിലെ കുറുക്കനേപ്പോലെ.
സമരം ചെയ്യുന്ന ഡോക്ടറന്മാരോട്‌ അനുഭാവം പ്രകടിപ്പിക്കാതെ മാറിനില്‍ക്കുന്ന മലയാളി തന്റെ തനി സ്വഭാവം കാണിക്കുകയാണു.
പകര്‍ച്ചപ്പനി വ്യാപകമായപ്പോള്‍ സര്‍ക്കാര്‍ ഡോക്ടറന്മാര്‍ ആത്മാര്‍ത്ഥതയോടെ രാവും പകലും ചികിത്സിച്ചത്‌ നാം കണ്ടു. ആ സന്ദര്‍ഭത്തില്‍ അവരുടെ കാര്യക്ഷമതയും സേവനമനസ്ഥിതിയും നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. പരിമിതമായ സൗകര്യങ്ങളിലും അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ലക്ഷക്കണക്കിനു രോഗികളാണു രക്ഷപ്പെട്ടത്‌.
സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് കിട്ടിയ ചികിത്സ കുറഞ്ഞചെലവിലുള്ളതായിരുന്നുവെന്ന് നാം മറന്നുപോകരുത്‌.
അതേ രോഗത്തിനു സ്വകാര്യാശുപത്രികളില്‍ പോയവര്‍ പതിനായിരങ്ങള്‍ മുടക്കിയാണു തിരിച്ചിറങ്ങിയത്‌. അതും വേണ്ടതും വേണ്ടാത്തതുമായ മരുന്നുകള്‍ക്കും ടെസ്റ്റുകള്‍ക്കും വിധേയരായിക്കൊണ്ട്‌. കേരളത്തിലെ ഭൂരിപക്ഷം പാവങ്ങള്‍ക്ക്‌ അത്‌ താങ്ങാനാവില്ല.
അവരുടെ ആശ്രയം ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളാണു. അതിനെ നശിപ്പിക്കരുത്‌.
അതു കൊണ്ട്‌ ഡോക്ടറന്മാരുടെ ആത്മാഭിമാനം തകരാന്‍ ഇടയാക്കാത്ത ഒരൊത്തുതീര്‍പ്പ്‌ ഉണ്ടാവണം.
അതിനു എത്രകോടികള്‍ ചെലവായാലും നഷ്ടമാവില്ല.
മറിച്ചൊരു നീക്കമുണ്ടാവുകയും കേരളത്തിലെ സര്‍ക്കാര്‍ ആരോഗ്യരംഗം തകരുകയും ചെയ്താല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരന്റെ ശാപത്തീ സകല ബിസിനസ്സ്‌ സങ്കല്‍പങ്ങളേയും അതിനു അരുനിന്നുകൊടുക്കുന്നവരേയും പിന്തുടര്‍ന്ന് ദഹിപ്പിക്കാതെ പോവില്ല.
മലയാളിക്ക്‌ ഇത്‌ മനസ്സിലാകുമോ?

Monday, 24 September 2007

എങനെയുണ്ട് BSNL ന്റെ ബുദ്ധി?

സോപ്പുപെട്ടിയെങ്കിലും ഫ്രീകിട്ടുമെന്നറിഞ്ഞാല്‍, വേണാടില്‍ കയറിപ്പോയ മൂര്‍ഖന്‍പാമ്പിനേയാണെങ്കിലും ടാക്സിപിടിച്ചു ചെന്ന് എടുത്ത്‌ കഴുത്തിലിടുന്ന 'പോഴ'ന്മാരുടെ നാടാണു കേരളം.
കച്ചവടക്കാര്‍ക്കിതു നന്നായറിയാം.BSNL ഉം ഒരു കച്ചവടക്കാരനാണല്ലോ!
ഇനി, സംഭവം എന്താണെന്നുവച്ചാല്‍, പോസ്റ്റ്‌ പെയ്ഡ്‌ വരിക്കാര്‍ക്ക്‌ BSNL ഒരു ഓണക്കെണി ഒരുക്കി. 'ജോഡി'.
ഒരു സിം കൊണ്ടുതന്നെ പ്രയാസപ്പെടുന്നവനു ഒന്നുകൂടി ഫ്രീ.
'ചരക്ക്‌' ഒരു കൊറിയര്‍ കമ്പനി വഴി കൊടുത്തയച്ചു. തികച്ചും പ്രൊഫഷണലാണു കമ്പനി എന്നാണു വയ്പ്‌. സംഗതി 'ജോറാ'യി അവസാനിച്ചു. പകുതി പോഴന്മാര്‍ക്കും ഓണസമ്മാനം കിട്ടിയില്ല!!
കേരളം എതാണ്ട്‌ ഒരു വലിയ പട്ടണമായി മാറിക്കൊണ്ടിരിക്കുകയും, എല്ലായിടത്തും എഞ്ജിനിയറിംഗ്‌ കോളേജുകള്‍ പോലെ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ഉണ്ടായിരിക്കുകയും ചെയ്തിട്ടും സിംകാര്‍ഡ്‌ വിതരണത്തിനു എന്തിനാണു ഒരു കൊറിയര്‍ കമ്പനി എന്ന് ആരും ചോദിച്ചില്ല. അതാണു ബ്യൂറോക്രസിയുടെ ഒരു ടെക്കനിക്ക്‌! ബ്യൂറോക്രസിയില്‍ 'വരായ്കകള്‍ക്ക്‌' ഒരു സവിശേഷസ്ഥാനമുണ്ട്‌. അതറിയാത്തവരാണിത്തരം ചോദ്യങ്ങളൊക്കെ ചോദിക്കുന്നത്‌.
പക്ഷെ അതിലെങ്കിലും ഒന്ന് പ്രൊഫഷണലായിക്കൂടെ? ആയി എന്നാണു BSNL ന്റെ അവകാശവാദം. 'വൈകിട്ടത്തെ പരിപാടിക്കുള്ള' സാധനം കിട്ടുന്ന കടപോലെ കേരളത്തിലെല്ലായിടത്തും ശാഖകള്‍ ഉള്ള ഒരു സ്ഥാപനത്തെയാണു വിതരണം ഏല്‍പ്പിച്ചതെന്നു അവര്‍ പറയും. അതുകൊണ്ടാണല്ലോ പകുതിപ്പേര്‍ക്കും സിം കിട്ടാതെ പോയത്‌.
കൊറിയറുകാരനെക്കുറിച്ച്‌ ദോഷം പറയരുതല്ലാ. ടി കമ്പനി വഴി ഇന്ന് സാധനമയച്ചാല്‍ നാളെകിട്ടുമെന്ന് കരുതിയിരിക്കുമ്പോള്‍ മറ്റന്നാളോ രണ്ട്‌ ദിവസം കഴിഞ്ഞോ സംഗതി 'തപാലില്‍' കിട്ടുമെന്ന് ഉറപ്പ്‌! നല്ല ബസ്റ്റ്‌ വിതരണക്കാര്‍.
ഇന്ത്യാപോസ്റ്റിന്റെ താമസവും ഉത്തരവാദക്കുറവും പ്രചരിപ്പിച്ചാണല്ലോ 'ആഗോളീകരണ'കാലത്ത്‌ കൊറിയര്‍ കമ്പനികള്‍ കടന്നു വന്നതു. പോഴന്മാര്‍ക്ക്‌ ഇന്ത്യാപോസ്റ്റിനെ വിശ്വാസമില്ലെങ്കിലും കൊറിയരുകാര്‍ക്ക്‌ നല്ല വിശ്വാസമാണു. അതുകൊണ്ടാണല്ലോ പോസ്റ്റ്‌ വഴി അവര്‍ സാധനം എത്തിച്ചു തരുന്നത്‌. ഡെലിവറി ചെക്കന്മാര്‍ക്ക്‌ പെട്രോളടിക്കാന്‍ കാശുകൊടുക്കുന്നതിനേക്കാള്‍ ലാഭം ഇന്ത്യാപോസ്റ്റ്‌ തന്നെ!
സംഭവത്തിലേക്ക്‌ തിരിച്ചു വരാം.
ഒരു സിംകാര്‍ഡിന്റെ കൂടെ ഒന്നു കൂടി വാങ്ങാന്‍ തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു 'ഓഫര്‍'. ആശ്വാസായി!മലയാളി വളരെ ബിസിയാണല്ലോ. ഒരു സിം കാര്‍ഡുകൊണ്ടൊന്നും ജീവിച്ചുപോകാന്‍ പ്രയാസമാണു. ഓച്ചന്തുരുത്തിലാണു ജീവിക്കുന്നതെങ്കിലും സാന്‍ഫ്രാന്‍സിസ്കോയില്‍ കഴിയുന്നവന്റെ ഭാവനയാണു മലയാളിക്ക്‌. അതാണു വികാസം. രണ്ട്‌ സിംകാര്‍ഡാണു പുരോഗതി.
ഫ്രീസാധനം വരുന്നെന്നറിഞ്ഞപ്പോഴെ ഒരാധിയായി.ചരക്കെപ്പോഴെത്തും? എന്താ അതിങ്ങ്‌ വരാത്തെ? ഏതെങ്കിലും പ്രൈവറ്റുകാരനാണെങ്കില്‍ എപ്പോ എത്തിയെന്ന് ചോദിച്ചാല്‍ മതി.
മലയാളിയുടെ ആശങ്ക അങ്ങനെ വളര്‍ന്നു.
ഈ മനഃശ്ശാസ്ത്രം നന്നായറിയാവുന്ന 'കൊറിയക്കാരന്‍' ഒരു നമ്പരിട്ടു. ഗ്രാമങ്ങളില്‍ വസിക്കുന്ന പോഴന്മാര്‍ക്ക്‌ ചരക്ക്‌ നേരിട്ടെത്തിച്ചു കൊടുക്കാനാവില്ല. കാരണം ഗ്രാമങ്ങളൊക്കെ 'റിമോട്ടാ'ണു. അവിടെയുള്ള പോഴന്മാര്‍ കമ്പനിയുടെ കടയില്‍ വന്ന് ചരക്ക്‌ വാങ്ങിക്കൊണ്ട്‌ പോകണം. അഥവാ കാശുകൊടുത്ത്‌ കടിക്കുന്ന പട്ടിയെ വാങ്ങണം.
സാങ്കേതികമായി, 64 മുനിസിപ്പാലിറ്റികളും, 5 കോര്‍പ്പറേഷനുകളും കഴിഞ്ഞാല്‍ ബാക്കിയൊക്കെ ഗ്രാമങ്ങളാണു, കേരളത്തില്‍. ഗ്രാമങ്ങള്‍ ഗോസായിയുടെ ഭാഷയില്‍ ഗാവുകളാണു. ഗാവുകള്‍ എല്ലാം റിമോട്ട്‌ ആകുന്നു!!എങ്ങനെയുണ്ട്‌ കൊറിയര്‍ കമ്പനിയുമായി കരാറൊപ്പിട്ടവന്റെ ബുദ്ധി? ഓന്‍ കേരളം കണ്ടിട്ടുണ്ടോ? അതോ വല്ലതും തടഞ്ഞോ?
സാധനം വന്നോ എന്നന്വേഷിച്ച്‌ പോഴന്മാര്‍ അങ്ങോട്ട്‌ ചെന്ന് കൈപ്പറ്റണം. വെറുതെ ചെന്നാല്‍പ്പോരാ. ഇന്ത്യന്‍ പൗരനാണെന്നു തെളിയിച്ചു കൊടുക്കണം.
അതിനു രേഖകാണിക്കണം.
ആരെ?
കൊറിയര്‍ കമ്പനിയില്‍ മാസം 300 രൂപാ ശമ്പളത്തിനിരിക്കുന്ന പെങ്കൊച്ചിനെ.
എന്തു രേഖ?
ഇന്ത്യന്‍ പ്രസിഡന്റ്‌ അനുമിച്ച്‌, 24 ആരക്കാലുള്ള അശോകചക്രവും, 4 ഉണ്ടെങ്കിലും മൂന്നുസിംഹത്തെ മാത്രം കാണുന്നതുമായ സ്തംഭവും പതിച്ച പാസ്സ്പോര്‍ട്ട്‌.(കാണാത്ത ആ സിംഹത്തെ പറ്റിയൊരു കഥയുണ്ട്‌. ബ്യൂറോക്രസിയുടെ സ്വഭാവം വച്ചുനോക്കിയാല്‍ ടിയാന്‍ ലീവെടുക്കാതെ മുങ്ങിയതാവാനാണു സാധ്യത.)
പാസ്സ്പോര്‍ട്ടില്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡായാലും മതി. ബലേ ഭേഷ്‌! അതു കാട്ടിക്കൊടുക്കാന്‍ എന്തു യോഗ്യതയാണു കൊറിയര്‍ കമ്പനിയില്‍ ഇരിക്കുന്നവനുള്ളതു? അതാരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇതൊക്കെ കാണണമെന്നാവശ്യപ്പെടാനും ഒരു യോഗ്യതയൊക്കെ വേണം. ഭരണഘടന അനുശാസിക്കുന്ന യോഗ്യത. അത്‌ കൊറിയക്കാര്‍ക്കറിയില്ലല്ലോ. കൊറിയനറിയില്ലെങ്കിലും BSNL നെങ്കിലും അതറിയണമായിരുന്നു.
മേല്‍ വിലാസക്കാരനെ തേടിപ്പിടിച്ച്‌, ബോദ്ധ്യപ്പെട്ട്‌ ഉരുപ്പടി കൈമാറ്റം ചെയ്യലാണു കൊറിയന്റെ പണി. അതിനാണു രൂ.12 ഉളിപ്പില്ലാതെ വാങ്ങുന്നത്‌. എന്നിട്ട്‌ അത്‌ പറ്റില്ല എന്ന് പറയുന്നത്‌ നിയമലംഘനം. ഉരുപ്പടിയുമായി വീട്ടുകാരനെത്തേടിച്ചെല്ലുമ്പോള്‍ സംശയം തോന്നിയാല്‍ അയല്‍ക്കാരനോട്‌ ചോദിക്കാം. അല്ലെങ്കില്‍ പഞ്ചായത്താഫീസിലോ വില്ലേജാഫീസിലോപോയി ഉറപ്പുവരുത്തണം. അല്ലാതെ എമിഗ്രേഷന്‍ ഒഫീസറേപ്പോലെയോ, തിരഞ്ഞെടുപ്പുകമ്മീഷണറേപ്പോലെയോ പാസ്പോര്‍ട്ട്‌ കാണട്ടെ, തിരിച്ചറിയല്‍ കാര്‍ഡുകൊണ്ടുവരു എന്നല്ല പറയേണ്ടത്‌.
മനസിലാകേണ്ടവര്‍ക്ക്‌ ഇതൊക്കെ മനസ്സിലാകുമോ ആവോ?
പോഴന്‍ എന്നും പോഴന്‍ തന്നെ.
ശീര്‍ഷാസനത്തില്‍:
കേരളത്തിലെ എല്ലാപോസ്റ്റാഫീസുകളിലും ഇപ്പോള്‍ സ്പീഡ്‌ പോസ്റ്റ്‌ സൗകര്യമുണ്ട്‌. എന്നിട്ടും എന്താ ഇന്ത്യാപോസ്റ്റിനെ ഒഴിവാക്കി ഒരു കൊറിയര്‍ കമ്പനിയുമായി BSNL കരാറുണ്ടാക്കിയത്‌? എന്തെങ്കിലുമൊക്കെ വരായ്ക കാണുമായിരിക്കും അല്ലെ? ഒരു കാലത്ത്‌ ഈ BSNL ഉം INDIA POST ഉം ഒരൊറ്റസ്ഥാപനമായിരുന്നെന്നും മറന്നു പോയി.
മറവി ഒരുപാടുള്ള കാലമാണു.
എന്തിന്റെ മീതേയാണു പരുന്ത്‌ പറക്കില്ലാ എന്ന് പറയാറു? അതങ്ങ്‌ മറന്നു..............

Friday, 10 August 2007

മോളേ പഠിക്കുന്നതെവിടെയാ? ബാംഗ്ലൂരിലാണോ?

'തരവഴികേടുകാണിക്കുമ്പോള്‍ തലേന്നേ പറയണ' മെന്ന് നാട്ടിമ്പുറത്തെ പഴയകാരണവന്മാര്‍ പറയാറുണ്ട്‌.(കു)പ്രസിദ്ധമായ ഒരു വനിതാ പ്രസിദ്ധീകരണത്തില്‍ ഈ ചൊല്ല് ഓര്‍മ്മപ്പെടുത്തുന്ന ഒരു ലേഖനം കാണാം.'ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്‌' എന്നു താലികെട്ടിയാണു അതുപ്രസിദ്ധീകരിച്ചിരിക്കുന്നത്‌.അതുവായിച്ചാല്‍ അക്ഷരാര്‍ദ്ധത്തില്‍ നാം ഞെട്ടും.ലേഖനത്തിലെ വിഷയമോര്‍ത്താവില്ല ആ ഞെട്ടല്‍.ലൈംഗികാഭാസം എഴുതിയും അച്ചടിച്ചും വൈകാരികമൂര്‍ഛ അനുഭവിക്കുന്ന പുതിയ മാദ്ധ്യമതലമുറയെക്കണ്ടാകും ആ ഞെട്ടല്‍ ഉണ്ടാവുക.
ലേഖനത്തിലെ വിഷയത്തിനു പറയത്തക്ക പുതുമയൊന്നുമില്ല.ബാംഗ്ലൂര്‍,മംഗലാപുരം,കോയമ്പത്തൂര്‍,ചെന്നൈ തുടങ്ങിയ അയല്‍സംസ്ഥാന നഗരങ്ങളിലേക്ക്‌ പഠനത്തിനും പണിക്കുമായി പോകുന്ന യുവതീയുവാക്കള്‍ ലൈംഗിക അരാജകത്വത്തിലേക്ക്‌ കൂപ്പുകുത്തുന്നു എന്നാണു ലേഖകന്റെ കണ്ടെത്തല്‍.അതിനുള്ള സാഹചര്യവും വഴിയും വിശദമായി കൃതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഒരു വഴികാട്ടിപോലെ ആര്‍ക്കുമതുപയോഗിക്കാം.പ്രസിദ്ധീകരണം കാശുകൊടുത്തുവാങ്ങിയാല്‍ അങ്ങനെയൊരു ഗുണമുണ്ട്‌.
ഏതാണ്ട്‌ പത്തുവര്‍ഷമായി ഈ വിഷയം ജനത്തിന്റെ മനസിലുള്ളതാണു.ഈ ദിശയിലേക്ക്‌ വിരല്‍ചൂണ്ടുന്ന കേസുകള്‍ പലതും മാദ്ധ്യമങ്ങള്‍ അലക്കിത്തീര്‍ത്തതുമാണു.കോടതിയുടെ ഇടപെടല്‍ ഉള്ളതുകൊണ്ടും ഈ ലേഖകന്റെയത്ര അമര്‍ത്തിവയ്ക്കപ്പെട്ട കാമം അതൊക്കെ റിപ്പോര്‍ട്ട്‌ ചെയ്ത പശുക്കള്‍ക്ക്‌ ഇല്ലാതെപോയതുകൊണ്ടും ആ വാര്‍ത്തകള്‍ ഇതുപോലെ പൊട്ടിത്തെറിച്ചില്ല!
മറുനാട്ടിലേക്കു വണ്ടികയറിപ്പോകുന്ന കൗമാരക്കാര്‍ തമ്മില്‍ കണ്ടാലുടന്‍ കിടക്കവിരിച്ചുകിടന്നുകളയും എന്നാണു ലേഖകന്‍ പറയുന്നത്‌.ഇതുവായിക്കുന്ന അമ്മയച്ഛന്മാരുടെ ചങ്കുകാളിയില്ലെങ്കിലേ അത്ഭുതമുള്ളു.'വന്ദ്യവയോധിക'യുടെ ചെറുമകളുടെ താളില്‍ ഇതൊക്കെ കാണുമ്പോള്‍ വിശ്വസിക്കാനൊരു പ്രത്യേകചോദനയും ഉണ്ടാകും.അവര്‍ ചെയ്യുന്നത്‌ എന്തെന്ന് അവര്‍ അറിയുന്നില്ലല്ലോ!ഒരു ന്യൂനപക്ഷം കൗമാരക്കാര്‍ക്കിടയില്‍ അങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്‌.ആ ലേഖനം അച്ചടിച്ചുവന്ന പ്രസിദ്ധീകരണം വായിക്കുന്ന സമൂഹത്തിലെ ശ്രേണിയില്‍ ആണു അതുവ്യാപകമെന്നതു നമുക്ക്‌ കാണാം. പത്തുമുപ്പതുകൊല്ലമായി അവര്‍ വഴികാട്ടിയപ്പോള്‍ സ്ത്രീസമൂഹം പച്ചയായ ലൈംഗികാഭസത്തിലേക്കാണു എത്തിച്ചേര്‍ന്നതെന്നതില്‍ അവര്‍ക്ക്‌ അഭിമാനിക്കാം.
ഒരുകോപ്പിയെങ്കിലും മുന്നില്‍ നിര്‍ത്തണമെന്ന വാശി രൂക്ഷമാകുമ്പോള്‍ ആ പ്രസിദ്ധീകരണം ഇനിയും ഇതുപോലുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ അച്ചടിക്കും.അതു ചിലപ്പോള്‍ കേരളത്തിനുപുറത്തുള്ള സഭാപ്രവര്‍ത്തകരേക്കുറിച്ചോ കന്യാസ്ത്രീകളേക്കുറിച്ചോ ആയാലും അത്ഭുതപ്പെടാനില്ല!പണത്തിനുമീതേ എന്ത്‌ സഭ! എന്തു മതം!!പണം വാരാന്‍ കാമത്തിനപ്പുറം ഒരു 'മദ'മില്ല.
പക്ഷെ അത്‌ അച്ചടിച്ചിട്ട്‌ വായിക്കുമ്പോള്‍ പാവം വായനക്കാരന്റെ മനസിലുണ്ടാകുന്ന പ്രാക്ക്‌ ആരു ഏറ്റുവാങ്ങും?പ്രസിദ്ധീകരണത്തിലെ തിളങ്ങിയിരുന്ന ചില ലേഖകരെങ്കിലും അകാലത്തില്‍ മരിച്ചത്‌ ഇത്തരം പ്രാക്കുകൊണ്ടാണെന്ന് പറഞ്ഞാല്‍ അത്‌ അന്ധവിശ്വാസമാകും.നിര്‍ഭാഗ്യവശാല്‍ ഞാനൊരു അന്ധവിശ്വാസിയായിപ്പോയി.
സ്ത്രീസമൂഹത്തിന്റെ വഴികാട്ടിമാത്രമല്ല സുഹൃത്തുകൂടിയാണാപ്രസിദ്ധീകരണം.ഈ 'സുഹൃത്ത്‌' രണ്ടുകൊല്ലം മുമ്പ്‌ 'ഡേറ്റിങ്ങി'നെ അനുകൂലിച്ചുകൊണ്ടൊരു ലേഖനവും ഇന്റര്‍വ്യൂവും പ്രസിദ്ധീകരിച്ചിരുന്നത്‌ ഓര്‍ക്കുന്നുണ്ടാകുമോ?
സകല പത്രപ്രവര്‍ത്തനമര്യാദയും ലംഘിച്ചുകൊണ്ടാണത്‌ വന്നത്‌.തയ്യാറാക്കിയ ലേഖകന്റെ പേരില്ല!അനോണിമസ്സ്‌ ആര്‍ട്ടിക്കിള്‍!നിങ്ങള്‍ക്കതിന്റെ വിശദീകരണം ആരോടും തേടാനാവില്ല.കാരണം ലേഖകനില്ലാതെയാണത്‌ വന്നിരിക്കുന്നത്‌.
അച്ഛനില്ലാത്ത കുട്ടിയേപ്പോലെ.
പത്രനിയമമനുസരിച്ച്‌ അതാരണെഴുതിയതെന്ന് വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിക്കാനാവില്ല.അന്നു ഉത്തേജിപ്പിച്ചവര്‍ ഇന്ന് നടുങ്ങുന്നത്‌ എന്തിനായിരിക്കും?
ചിലസംശയങ്ങള്‍ പ്രബലമാണു.ഏഴെട്ടു വര്‍ഷം മുമ്പുള്ള വിദ്യാഭ്യാസാവസ്ഥയല്ല ഇന്നു കേരളത്തില്‍.അനവധി എഞ്ജിനിയറിംങ്ങ്‌ മെഡിക്കല്‍ കോളേജുകള്‍ കേരളത്തിലുണ്ട്‌.എഞ്ജിനിയറിംഗിനും പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കും പലപ്പോഴും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു.വിദ്യാഭ്യാസനയത്തിന്റെ കാര്യത്തില്‍ ഗവണ്മെന്റിന്റെ പിടിപ്പുകേടുകൂടിയായപ്പോള്‍ കുട്ടികളുടെ ഭാവിയില്‍ ഉല്‍കണ്ഠാകുലരായ രക്ഷിതാക്കള്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടി അയല്‍സംസ്ഥാനങ്ങളിലേക്ക്‌ പോയിട്ടുണ്ട്‌.
അതു പ്രധാനമായും ബാധിക്കുന്നത്‌ കേരളത്തിലെ സ്വകാര്യവിദ്യാഭ്യാസക്കച്ചവടക്കാരേയാണു.അതില്‍ പള്ളിയും പട്ടക്കാരനും നായരും ഈഴവനും മറുനാടന്‍ മലയാളിയും മദ്യക്കച്ചവടക്കാരനുമൊക്കെയുണ്ട്‌.പണം ലക്ഷ്യമാക്കിയിറങ്ങിയിരിക്കുന്ന അവര്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ മറുനാട്ടിലേക്ക്‌ ഒഴുകിപ്പോകുന്നത്‌ നഷ്ടമുണ്ടാക്കും.
അതിനൊരു തടയിടണം.സമൂഹത്തെ ഒന്നു ഞെട്ടിച്ചാല്‍ ഈ ഒഴുക്ക്‌ തടയാം.വ്യാജസദാചാരം വച്ചുപുലര്‍ത്തുന്ന മലയാളിയെ വെടിവെച്ചിടാന്‍ പറ്റിയ സാധനം ലൈംഗികതയാണു.
വിശ്വാസ്യതയുള്ള ഒരു മാദ്ധ്യമത്തിലൂടെ അതുനടത്തിയാല്‍ മലയാളി കുറച്ചുകാലത്തേക്കെങ്കിലും ഒന്ന് തരിച്ചുനില്‍ക്കും.
പണത്തിനു ആര്‍ത്തിയുള്ളതും മാദ്ധ്യമമര്യാദകളില്ലാത്തതുമായ ഒരു സ്ഥാപനം ഇതില്‍ ചാടിവീണില്ലെങ്കിലേ അത്ഭുതമുള്ളു.
ഇനി,സുഹൃത്തുംവഴികാട്ടിയുമായ പ്രസിദ്ധീകരണം വായിക്കുന്ന ഒരുവള്‍ തന്റെ സ്നേഹിതയുടെ മകനോ മകളോ മറുനാട്ടിലാണു പഠിക്കുന്നതെങ്കില്‍ അവരെ കാണുന്നത്‌ ഏത്‌ കണ്ണുകൊണ്ടായിരിക്കും?
നല്ല ബന്ധങ്ങള്‍ നിലനില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ അവധിക്കാലങ്ങളിലൊക്കെ ഒരുമിച്ച്‌ യാത്രചെയ്യാറുണ്ട്‌.ഇനി അതൊക്കെ ചിത്രീകരിക്കപ്പെടുക ഏതുവിധത്തിലായിരിക്കും?
പല വിവാഹങ്ങളും ഇനി മാറിപ്പോകില്ലെ?
കാശുള്ള കാമാതുരന്മാര്‍ ഇനി മറുനാട്ടിലേക്ക്‌ വിമാനം കയറില്ലെ?നല്ല തൊട്ടാല്‍ പൊട്ടുന്ന ഇണകള്‍ക്കായി.കേരളത്തിലാണെങ്കില്‍ അതിനൊക്കെ എന്തൊരു ടെന്‍ഷനാണു.ചിലപ്പോള്‍ പെണ്‍ വാണിഭം വരെ അതൊക്കെ എത്തിക്കൂടെന്നില്ല!ബാംഗ്ലൂരിലേക്കോ, ചെന്നെയിലേക്കോ പോയാല്‍ നോ പ്രോബ്ലം!
ഇത്രയുമൊക്കെ വരുത്തി വച്ചിട്ടാണു ലേഖകന്‍ പറയുന്നത്‌,'നമ്മുടെ മക്കള്‍ക്ക്‌ ഈ ഗതിവരാതിരിക്കട്ടെ'യെന്ന്.ഇവിടെയാണു ഈ കുറിപ്പിന്റെ തുടക്കത്തിലെ വരിയുടെ പ്രസക്തി.
ഈ ലേഖനം വായിച്ചാല്‍ പ്രസിദ്ധീകരണത്തിന്റെ കാരണവരായാല്‍പ്പോലും അത്‌ പറയും.പക്ഷെ ഏതുപത്രമുതലാളിയാണു സ്വന്തം പത്രം വായിക്കുന്നത്‌?
നമ്മുടെ ജീവിതത്തേയും സമൂഹത്തേയും പുഴുക്കുത്തേല്‍പ്പിക്കുന്ന ഇത്തരം മാദ്ധ്യമകീടങ്ങളെ എത്‌ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാല്‍ നശിപ്പിക്കാന്‍ കഴിയും? നാം അതാലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നുതോന്നുന്നു.അത്തരം എന്തെങ്കിലും നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ ദയവായി പറഞ്ഞു തരു.വളര്‍ന്നുവരുന്ന ഒരു മകള്‍ എനിക്കുമുണ്ട്‌.
മലയാളിപ്പെങ്കുട്ടികള്‍ ചാരിത്ര ബോധമില്ലാത്തവരാണെന്നു സ്ഥാപിച്ചുകഴിഞ്ഞാല്‍ ഇനി അടുത്ത ബിസിനസ്സ്‌ നേരിട്ട്‌ ചെയ്യാം.സെക്സ്‌ ടൂറിസം.
ആഗോളീകരണത്തിന്റെ വക്താക്കള്‍ക്ക്‌ അതില്‍ മനഃസാക്ഷിക്കുത്തുണ്ടാകേണ്ട കാര്യമില്ലല്ലോ.അതിനായൊരു പാക്കേജും അതിന്റെ കൂപ്പണ്‍ പ്രസാദ്ധീകരണം വഴിയും നല്‍കാവുന്നതേയുള്ളു.ഫ്രിഡ്ജും ടീവിയും സാരിയുമൊക്കെ ഇപ്പോള്‍ തന്നെ കിട്ടുന്നുണ്ടല്ലോ.ന്യായമായും മറ്റുചരക്കുകളിലേക്കും പ്രവേശിക്കാം.(ദൈവമേ,ഇതു അവര്‍ കാണല്ലെ.ഇനി ഇങ്ങനെ ഒരു പദ്ധതി അവരുടെ മനസ്സില്‍ ഇല്ലായെങ്കില്‍ ഇതുകണ്ട്‌ ഉത്തേജിതരായാല്‍ അതിന്റെ പാപം എന്റെ തലയില്‍ വീഴില്ലെ)
ഇനി,കണ്ടുമുട്ടുന്ന ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ ഒരു ചോദ്യമുണ്ടാകും. 'വൈകിട്ടെന്താ പരിപാടി' പോലെ
"മോളെവിടെയാ പഠിക്കുന്നത്‌?ബാംഗ്ലൂരിലാണോ?"
സുഹൃത്തും വഴികാട്ടിയുമായ പ്രസിദ്ധീകരണം നമ്മുടെ സ്ത്രീസമൂഹത്തെ ആ ദിശയിലേക്കാണു നയിക്കുന്നത്‌ എന്നുതോന്നുന്നു.
എന്താ നിങ്ങടെ അഭിപ്രായം?
വക്രഗതി:
ഒരു വനിതയെ മറ്റൊരു വനിത നശിപ്പിച്ചാല്‍ അവളെ തല മൊട്ടയടിച്ച്‌ തെരുവിലൂടെ നടത്തണമെന്ന് മനുസ്മൃതി. ഇന്ന് നിലനില്‍ക്കുന്ന കോഡ്‌ മനുസ്മൃതിയായിരുന്നെങ്കില്‍ വനിതാപ്രസിദ്ധീകരണങ്ങളുടെ പത്രാധിപമാരുടെ തലയൊക്കെ മൊട്ടയായിരുന്നേനെ.തെരുവില്‍ നിന്ന് ആപ്പീസില്‍പോകാന്‍ നേരവും കിട്ടില്ല. ഈ പ്രസിദ്ധീകരണങ്ങള്‍ നോക്കി അതില്‍ പറയുന്നപോലെ മക്കളെ വളര്‍ത്തുന്ന അമ്മമാരുടെ കാര്യവും തഥൈവ.കുട്ടികളില്‍ ലൈംഗിക അരാജകത്വം വളര്‍ന്നെങ്കില്‍ അതിനു ഉത്തരവാദി അമ്മമാര്‍ മാത്രമാണു.അവര്‍ക്കുള്ള ശിക്ഷ മനുസ്മൃതി മാത്രം പോര ഗരുഡപുരാണം കൂടി നോക്കി കൊടുക്കണം.
ഇതിത്ര താമസിച്ചുപോയതില്‍ ക്ഷമിക്കണം.മനഃപൂര്‍വ്വമാണു.ടി ലക്കം ന്യൂസ്‌ സ്റ്റാന്റില്‍ നിന്ന് ഒഴിഞ്ഞിട്ടു വേണം ഈ കുറിപ്പുവരേണ്ടതെന്ന് നിര്‍ബ്ബന്ധമുണ്ടായിരുന്നു.അല്ലെങ്കില്‍ മുഴുവന്‍ ലേഖനവും വായിക്കാന്‍ 'സംഗതി' കാശുകൊടുത്തുമേടിക്കാനിടയുണ്ട്‌.അതുപാടില്ല.നമ്മളായിട്ട്‌ അതിന്റെ പേരില്‍ 10 പൈ അവര്‍ക്ക്‌ ഉണ്ടാക്കിക്കൊടുക്കരുത്‌.ഇനിയിപ്പോള്‍ 10 രൂപക്ക്‌ 5 മാസിക എന്ന നിലയില്‍ അതു വാങ്ങാന്‍ കിട്ടും. വേണമെങ്കില്‍ വാങ്ങി നോക്കിക്കോളൂ. പക്ഷെ വായിച്ചിട്ട്‌ ഉടന്‍ തന്നെ സാധനം നശിപ്പിക്കണം.അമ്മപെങ്ങന്മാര്‍ ഉള്ള വീട്ടില്‍ കയറ്റാന്‍ കൊള്ളുന്നതല്ല സംഗതി.

Friday, 20 July 2007

മാധവിക്കുട്ടി എന്ന കമലാസുരയ്യ

"...ഇക്കാലമത്രയും മടിയില്‍ തലവച്ചുറങ്ങിയവെനെ എങ്ങനെ ഡിവോഴ്സ്‌ ചെയ്യാനാകും? I hate this feminism......"


മാധവിക്കുട്ടി എന്ന കമലാസുരയ്യ.
ഉണ്മ മാസികയില്‍ ജി.ഹരി നീലഗിരി എഴുതിയ കുറിപ്പ്

(ഉദ്ധരണി കൈരളി സംപ്രേക്ഷണത്തില്‍ നിന്ന്)

ഇതിനൊരു കമന്റിട്ടാല്‍ നിങ്ങള്‍ തല്ലിയില്ലെങ്കില്‍ ഞാന്‍ തന്നെ ഗുണ്ടകളെ സംഘടിപ്പിച്ച് എന്നെ തല്ലിക്കും?


NO COMMENTS

Tuesday, 17 July 2007

ശരീരത്തിന്റെ ആഘോഷം

"ശരീരത്തേയും അതിന്റെ സ്വകാര്യാവശ്യങ്ങളേയും......."

"കൂടുതല്‍......ശരീരാധിഷ്ഠിതവുമായ നിര്‍വ്വചനങ്ങളിലൂടെ....."

"ശരീരങ്ങളുടെ ആനന്ദം അനുഭവിച്ചാഹ്ലാദിക്കാനും ഏറ്റവും നന്നായി സാധിക്കുന്ന ഒരു ലൈംഗികസംവിധാനം....."

"നഗ്നതയെ ആഹ്ലാദത്തോടെ അംഗീകരിക്കാനും ആസ്വദിക്കാനും...."

"നമ്മുടെ തന്നെ മാംസം കൊണ്ട്‌ ആ ഉന്മാദത്തെ അറിയുക...."

ശരീരം മരണമുള്ള ദൈവം എന്ന ലേഖനത്തില്‍ എസ്‌.ശാരദക്കുട്ടി.

(മാതൃഭൂമി ആഴ്ചപ്പതിപ്പ്‌.2007 ജൂലൈ 22)

മനഃക്കണക്ക്: ഒരു കോളം 17 സെന്റീമീറ്ററില്‍ കിടന്ന് പിടയ്ക്കുന്ന ശരീരം ഇത്ര. മൊത്തം 21 കോളം, 7 പേജുകളിലായി അപ്പോഴെത്ര?

ആദ്ധ്യാത്മിക വ്യവസായത്തിലേക്കും ആള്‍ദൈവങ്ങളിലേക്കും സ്ത്രീകള്‍ ആകര്‍ഷിക്കപ്പെടുന്നത് ശരീരങ്ങളുടെ ആഘോഷം ഇല്ലാത്തതു കൊണ്ടാണെന്നാണു ലേഖികയുടെ വാദം.
ഇന്നത്തെക്കാലത്ത് ആഘോഷിക്കാന്‍ പറ്റിയ ശരീരമെവിടിരിക്കുന്നു?
സകലമാനകൃത്രിമ ഭക്ഷണവും കഴിച്ച്‌ ഉടല്‍ ഏതാണ്ട്‌ ബ്രോയിലര്‍ പരുവത്തിലായിട്ടുണ്ട്‌.

പലരുടേയും അടുത്തുചെന്നാല്‍ കോഴിക്കൂട്ടില്‍ പോയിനില്‍ക്കുന്ന മണമാണു!

അതു മറയ്കാന്‍ കത്തിക്കാളുന്ന ഡിയോഡറന്റുകള്‍ വാരിപ്പൂശും.

രണ്ടുംകൂടിച്ചേരുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ തോന്നും!

ശാരദക്കുട്ടി പറയുന്ന ‘മാംസത്തിന്റെ ഉന്മാദത്തിലെത്തണ‘മെങ്കില്‍ 2 ലാര്‍ജ്ജ്‌ പിന്നെ, കൂടുതല്‍ അടിക്കണം. എന്തൊരു പാഴ്ചെലവു! അതൊരു സ്ഥിരം ശീലമായാല്‍ പിന്നെ നിവര്‍ന്ന് നില്‍ക്കാനാവില്ല.

പത്തുനാല്‍പത്‌ വയസാകുമ്പോഴേക്കും സ്ത്രീ ഏതാണ്ട്‌ വിരമിക്കും. മിക്കതിനും ഏതെങ്കിലും അംഗത്തില്‍ ട്യൂമറോ കാന്‍സറോ വരും. പിന്നെ അതിന്റെ ദുര്‍ഗന്ധവും ചികിത്സയുമായി കാലം കഴിയും.

അപ്പോഴെങ്ങനെയാ 'ശരീരങ്ങളുടെ ആനന്ദം അനുഭവിച്ചാഹ്ലാദി'ക്കുക?

ചികിത്സക്കിടയില്‍ മിക്ക സ്ത്രീകളും വികലാംഗരുമാകും. ഒട്ടുമിക്കതിനും ഗര്‍ഭപാത്രം കാണില്ല. കുറേപ്പേര്‍ ശൂര്‍പ്പണഖമാരായി നടക്കും.

പിന്നെ എങ്ങനെ'നഗ്നതയെ ആഹ്ലാദത്തോടെ അംഗീകരിക്കാനും ആസ്വദിക്കാനും' പറ്റും?

അപ്പോള്‍ കാമം ഉടലില്‍ മാത്രമല്ല എന്നൊരു തിരിച്ചറിവുണ്ടായി ആള്‍ദൈവങ്ങളിലേക്കും ആദ്ധ്യാത്മികതയിലേക്കും മാറിപ്പോയാല്‍ അവരെ കുറ്റം പറയാമോ?

ആണുങ്ങളുടെ അവസ്ഥയും വ്യത്യസ്ഥമല്ല.പ്രഷറും ഷുഗറും ഹാര്‍ട്ടുമായി കട്ടപ്പുറത്തിരിക്കുന്ന പരുവത്തിലാണു മിക്ക ആണുങ്ങളും. ഇന്റര്‍നെറ്റും ക്രെഡിറ്റ്‌ കാര്‍ഡുമുള്ളതുകൊണ്ട്‌ രക്ഷപ്പെട്ടുപോകുന്നുവെന്ന് മാത്രം.

ഈയൊരു സാഹചര്യത്തില്‍ വേറിട്ടോരു അന്വേഷണത്തിനു ശാരദക്കുട്ടി മുതിര്‍ന്നിരുന്നെങ്കില്‍ നന്നായേനെ. ഇപ്പോഴത്തെ നിലയില്‍ ഈ ലേഖനം കൂടുതല്‍ ലൈംഗികത്തൊഴിലാളികളെ സൃഷ്ടിക്കാന്‍ മാത്രമെ സഹായകരമാകു. 'തുറന്ന'ലോകം ആഗ്രഹിക്കുന്നതും അതാണല്ലോ!.

നാണുഗുരുവിനേക്കുറിച്ചൊരു പരാമര്‍ശം ഇതിനിടയില്‍ കണ്ടു.

സ്വാമിക്ക്‌ പെണ്ണിനെ പേടിയായിരുന്നു പോലും!

തങ്ങള്‍ക്ക്‌ വഴങ്ങാത്ത ആണുങ്ങളെപ്പറ്റി ചന്തപ്പുറത്ത്‌ നിന്ന് ചില പെണ്ണുങ്ങള്‍ ഇതു പോലൊക്കെ പറയാറുണ്ട്. ലേഖികയും അത്തരത്തില്‍ താഴ്ന്നുപോയതില്‍ ഖേദിക്കുന്നു.

ഈ ശരീരം കൊണ്ട്‌ ഉന്മാദാവസ്ഥയില്‍ എത്താന്‍ പോയിരുന്നെങ്കില്‍ ഗുരുവിനെ, ഒരു സൂരിനമ്പൂതിരിപ്പാടായിപ്പോലും ഇന്നാരും ഓര്‍മ്മിക്കുമായിരുന്നില്ല. അഷ്ടാംഗഹൃദയവും ശാങ്കരദര്‍ശനവും ആഴത്തില്‍ പഠിച്ച ഗുരുവിനു സ്ത്രീശരീരത്തിന്റെ മാറ്റും വിലയും ശാരദക്കുട്ടി പറഞ്ഞുകൊടുത്തിട്ടുവേണമോ അറിയേണ്ടത്‌? നാരായണനില്‍ സ്ത്രീകള്‍ ആകര്‍ഷിക്കപ്പെട്ടില്ലെങ്കില്‍ അതു അദ്ദേഹത്തിന്റെ രൂപത്തിലും ശബ്ദത്തിലും കൈകാര്യം ചെയ്ത വിഷയത്തിലും സ്ത്രീയ്ക്ക്‌ ആകര്‍ഷണീയമായവ ഒന്നും ഇല്ലാത്തത്‌ കൊണ്ടാവും. അല്ലെങ്കില്‍ ഏത്‌ സ്ത്രീയാണു ലോകതത്ത്വം അറിയാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിട്ടുള്ളത്‌?ഒരു ഗാര്‍ഗിയോ മറ്റോ ഒഴികെ.



ശീര്‍ഷാസനത്തില്‍ കണ്ടത്‌:

ഇന്ന് കര്‍ക്കടകം 1, ആരോ രാമായണം വായിക്കുന്നു......



“കൈലാസാചലേ സൂര്യകോടിശോഭിതേ, വിമ-
ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ടം
ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം
നീലലോഹിതം നിജഭര്‍ത്താരം വിശ്വേശ്വരം
വന്ദിച്ച്‌ വാമോത്സംഗേ വാഴുന്ന ഭഗവതി
സുന്ദരി ഹൈമവതി ചോദിച്ചുഭക്തിയോടെ"

“എന്താണു നാഥാ ലോകതത്ത്വം?"

ഫാലലോചനന്‍ ഒറ്റവാചകത്തില്‍ അതിനു മറുപടി നല്‍കി :

"രാമതത്ത്വമാണു ലോകതത്ത്വം"

നമ്മുടെ പൂര്‍വികരുടെ മാതൃക ഇതാണു. വിവാഹമൊക്കെ കഴിഞ്ഞ്‌ ദമ്പതികളാകുമ്പോള്‍ അവര്‍ അന്വേഷിക്കുന്നത്‌ ശാരീരികസുഖമോ പണമോ അല്ല. ലോകതത്ത്വം എന്താണെന്നാണു. ജീവിക്കാന്‍ ആഹാരവും കാമത്തിനു പരിപൂര്‍ത്തിയും എല്ലാജീവജാലങ്ങള്‍ക്കുമുണ്ട്‌. പക്ഷെ അറിവു മനുഷ്യനു മാത്രമേയുള്ളു. അത് അന്വേഷിക്കുന്നതിനു പകരം ശരീരം കൊണ്ടാഘോഷിക്കാന്‍ ഉപദേശിക്കുന്നത് നന്നല്ല. വലിയ അറിവിലെ വളരെച്ചെറിയൊരു ഖണ്ഡമാണു ദമ്പതിക്രിയ. ഏറ്റവും ചെറിയൊരുകാലത്തേക്കുമാത്രം ചോദന നിലനില്‍ക്കുന്ന സംഭവവും. ബാക്കിയൊക്കെ അതിനേപ്പറ്റി ഭാവനചെയ്തുണ്ടാക്കുന്ന കഥകളാണു. അതിനുവേണ്ടി ശാരദക്കുട്ടി ഇത്രയധികം സമയവും കടലാസും ചെലവഴിക്കെണ്ടതുണ്ടായിരുന്നോ?

Sunday, 15 July 2007

ഒരു വയനാടന്‍ വീരേന്ദ്രഗാഥ***(വീരന്റെ ദുഃഖം-ഒരു വടക്കന്‍ വീരഗാഥ)

"...1942 സപ്തംബര്‍ 13നു ദേശാഭിമാനിയില്‍ പി.കൃഷ്ണപ്പിള്ള ഒരു ലേഖനമെഴുതി. ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി കൃഷി ചെയ്യാന്‍ ബ്രിട്ടീഷുകാരില്‍ നിന്ന് ഭൂമിപരമാവധി ഏറ്റെടുക്കണമെന്നായിരുന്നു ആഹ്വാനം. കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനായ എന്റെ അച്ഛന്‍ ദേശാഭിമാനിയില്‍ പറഞ്ഞ വാക്കുകള്‍ കേട്ടാണു ഭൂമി ഏറ്റെടുത്തത്‌."

എം.പി.വീരേന്ദ്രകുമാര്‍.എം.പി
വാര്‍ത്ത മാതൃഭൂമിയില്‍.2007ജൂലൈ15.

അപ്പോ അതാണു സംഗതി!

'ഉല്‍പ്പാദനം കൂട്ടാന്‍ വേണ്ടിയാ ഈ ഭൂമിയൊക്കെ നമ്മള്‍ കൈവശം വച്ചിരിക്കുന്നത്‌. അല്ലാതെ ജന്മിയാ പണക്കാരനാ എന്നു പറയിക്കാനൊന്നുമല്ല'.

ഇതിനു എന്തിനാ പട്ടയം? ഇതു വല്ലതുമാണോ കയ്യേറ്റം?

ഭൂമിയൊക്കെ ബ്രിട്ടിഷുകാരുടെ കയ്യിലല്ലായിരുന്നോ.അപ്പോഴാ കൃഷ്ണപിള്ള പറഞ്ഞത്‌. നമുക്കത്‌ കേക്കാതിരിക്കാന്‍ പറ്റുമോ?
കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനായിപ്പോയില്ലെ!
കാണുന്നത്ര ഭൂമി നമ്മളിങ്ങ്‌ എടുത്തു.
അല്ലാതെ കാപ്പീം കുരുമുളകും നട്ട്‌ കാശുണ്ടാക്കാനൊന്നുമല്ല. അല്ലെങ്കില്‍ ഇതൊക്കെ വിറ്റാ എന്നാ കിട്ടും? വിലയൊക്കെ ഗാട്ടിന്റെ കാണാച്ചരടില്‍ കുടുങ്ങിക്കിടക്കുകയല്ലെ!

പിന്നെ, നമ്മളായിട്ടും നമ്മുടെ മകനായിട്ടും കമ്മ്യൂണിസ്റ്റ്‌ സഹയാത്രികനെന്നുള്ള ആ പാരമ്പര്യം ഇപ്പോഴും കളഞ്ഞുകുളിച്ചിട്ടില്ല. അല്ലെങ്കില്‍ അവരുടെ ചെലവില്‍ ഈ എം.പി പണിയും എം.എല്‍.എ പണിയും ഏറ്റെടുക്കുമായിരുന്നോ? വേറേ ബിസിനസ്സ്‌ എന്തൊക്കെ കിടക്കുന്നു.നമുക്കിനി ഇതൊന്നും വേണ്ടായെ!

ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ ഉല്‍പ്പാദനം കൂട്ടാന്‍ ഏറ്റെടുത്ത കൃഷിഭൂമി തിരിച്ചങ്ങ്‌ കൊടുക്കണ്ടതല്ലെ?

അപ്പഴാ കവി പാടിയത്‌:
“നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ...” എന്ന്.
കമ്മ്യൂണിസ്റ്റ്‌ കവിയായത്‌ കൊണ്ട്‌ അതും അനുസരിച്ചു.
ഇക്കണ്ടവയലൊക്കെ നമുക്ക്‌ ഒറ്റക്ക്‌ കൊയ്യാന്‍ പറ്റുമോ? അതു കൊണ്ട് ആളെ നിര്‍ത്തിച്ച്‌ കൊയ്യിക്കുന്നു. അത്രേയുള്ളു.

അതിനി തിരിച്ച്‌ കൊടുക്കാമെന്ന് വിചാരിച്ചാല്‍ ആര്‍ക്ക്‌ കൊടുക്കും?

1947ല്‍ ആ രാജാജിയുടെ കയ്യില്‍ തിരിച്ച്‌ കൊടുക്കാന്‍ പറ്റുമായിരുന്നോ?അങ്ങോരാരാ? സ്വതന്ത്രാപാര്‍ട്ടിക്കാരന്‍.കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍. അയാളുടെ കയ്യില്‍ വച്ചുകൊടുക്കാന്‍ വീരന്റെ കുടുംബക്കാരെ കിട്ടില്ല!

പിന്നെ 57ല്‍ ഈയെം വന്നു.
ആടിനറിയുമോ അങ്ങാടിവാണിഭം! നമ്പൂരാരു ഇതൊക്കെ പിച്ചിച്ചീന്തി ഇക്കണ്ട ആദിവാസികള്‍ക്കൊക്കെ കൊടുക്കില്ലെ? പിന്നെ ഉല്‍പ്പാദനത്തിന്റെ കാര്യം കുന്തം.
ആദിവാസിക്ക്‌ നമ്മുടെ കൃഷിവല്ലതുമറിയാമോ?

ഇനി, കോണ്‍ഗ്രസ്സുകാര്‍!
കണികാണാന്‍ കൂടി കൊള്ളാത്ത വര്‍ഗ്ഗം.എന്തു ഏല്‍പ്പിച്ച്‌ കൊടുത്താലും വിറ്റ്‌ തുലക്കും. കോണ്‍ഗ്രസ്സുകാരെ ഏല്‍പ്പിച്ച്‌ കൊടുക്കാന്‍ വേറെ ആളെ നോക്കണം.

ഇപ്പോ പിടികിട്ടിയില്ലേ ഈ ഭൂമിയെങ്ങനെയാ നമ്മുടെ കയ്യില്‍ കിടക്കുന്നതെന്ന്?

അതിനിപ്പം ഈ ജേസീബിയൊക്കെ എന്തിനാന്നാ മനസിലാകാത്തത്‌!
വീരന്റെ ദുഃഖം ആര്‍ക്കും മനസിലാകില്ല!!
കോട്ടയത്തെ ആ മാത്തുക്കുട്ടിച്ചായനുപോലും കാണുമോ ഇതുപോലുള്ള ദുഃഖങ്ങള്‍?
ശീര്‍ഷാസനത്തില്‍ കണ്ടത്‌:
"പി.കൃഷ്ണപിള്ള പറഞ്ഞപ്പോ നമ്മുടെ അപ്പനപ്പൂപ്പന്മാര്‍ക്കെന്താ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കണമെന്ന് തോന്നാതിരുന്നതു,സഖാവേ?"
"ഓരോന്നിനുനും അതിന്റേതായ സമയമുണ്ട്‌ ദാസാ"
"അതു കൊണ്ടാണോ ഈ പറട്ട ലോട്ടറിയൊക്കെ എടുക്കേണ്ടി വന്നത്‌?"
"----"
------------------------------------------------------------------------------------------------കുറിപ്പ്: ***
പ്രശസ്തപത്രപ്രവര്‍ത്തകനായ പദ്മനാഭന്‍ നമ്പൂതിരിയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ഈ പോസ്റ്റിന്റെ പേരു ‘വീരന്റെ ദുഃഖം- ഒരു വടക്കന്‍ വീരഗാഥ‘ എന്നുള്ളത് ‘ഒരു വയനാടന്‍ വീരേന്ദ്രഗാഥ’ എന്ന് മാറ്റിയിരിക്കുന്നു.

Saturday, 14 July 2007

മലയാളത്തെ വിട്, അതെങ്ങനെങ്കിലും അങ്ങ് പിഴച്ചോളും

"മലയാളഭാഷകൊണ്ട്‌ ഉപജീവനം നേടുകയും വളരുകയും പ്രശസ്തിനേടുകയും ചെയ്ത പലപ്രമുഖരുടേയും മക്കള്‍ക്ക്‌ മലയാളം അറിയില്ല!"
അക്ഷരജാലകത്തില്‍ എം.കെ.ഹരികുമാര്‍.
ഇതൊരു ദുര്‍വ്വാശിയാണല്ലോ ഹരികുമാര്‍.കാര്യമറിയാതെ ഇങ്ങനെയൊക്കെ എഴുതിയാലോ? മലയാളത്തില്‍ എഴുതുന്നവരുടെ മക്കള്‍ മലയാളം പഠിക്കണമെന്ന് പറയുന്നതിലെന്തര്‍ത്ഥം. ഡി.പി.ഇ.പി നടപ്പാക്കിയ വിദ്വാന്മാരുടെ മക്കളും കൊച്ച്‌ മക്കളും പൊതുപള്ളിക്കുടത്തില്‍ പോയി പഠിക്കുമോ?അത്‌ കള! പള്ളിവേറെ പള്ളിക്കുടം വേറെ.
പാരമ്പര്യത്തെ തകര്‍ക്കാനും ഭൗതികവിജയം നേടാനും ഉപദേശിച്ചവരല്ലെ മലയാളികള്‍? മലയാളം പഠിച്ചിട്ട്‌ എന്തോന്ന് നേടും സാര്‍?
എല്ലാം വെട്ടിപ്പിടിച്ചിട്ടല്ലെ ഭാരതപ്പുഴ നേര്‍ത്ത്‌ പോയതില്‍ സേതു(കാലം) ഖേദിക്കുന്നത്‌? വിഗ്രഹഭഞ്ജകനായ അരവിന്ദന്‍(ഡല്‍ഹി) റിട്ടയര്‍മന്റ്‌ കാലത്ത്‌ എസ്റ്റാബ്ലിഷ്മെന്റിന്റെ ചക്രം തിരിക്കുന്നത്‌ കാണാന്‍ രസമില്ലെ? കൃത്രിമമായ അസ്തിത്വദുഃഖമൊക്കെ അനുഭവിച്ച രവി(ഖസാക്ക്‌ P.O) എവിടെച്ചെന്നാണു മുക്തി നേടിയതെന്ന് നാം കണ്ടു. 'മറിയമേ മെഴുകുതിരിപോലെ ....' എന്ന് അലറിപ്പാടിയ കവി സ്ത്രീദുഃഖങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടാന്‍ ദൃശ്യമാദ്ധ്യമങ്ങളില്‍ നിറഞ്ഞ്‌ നില്‍ക്കുകയാണു.ഹരഹരോഹര!
മലയാളം കാര്യക്കാരുടെ വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള വൈരുദ്ധ്യം തിരിച്ചറിഞ്ഞ അനന്തരതലമുറ മലയാളം വേണ്ടെന്ന് വച്ചെങ്കില്‍ അത്‌ അവരുടെ നന്മ! മുന്‍ തലമുറയെപ്പോലെ കാപട്യം കാണിക്കാന്‍ അവര്‍ തയ്യാറായില്ലല്ലോ! അത്രയും നന്ന്.
എന്തിനു ഇതൊക്കെ പറയണം? തൊട്ടടുത്ത പേജില്‍( കലാകൗമുദി-1662,പേജ്‌58) ഹരികുമാര്‍ തന്നെ മലര്‍ന്നടിച്ച്‌ വീഴുന്നുണ്ടല്ലോ! 'ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇല്ലിച്ചിന്റെ മരണം എന്ന കഥയുടെ അടുത്തെങ്ങും എത്താന്‍ നമ്മുടെ ആഖ്യാനകല വളര്‍ന്നിട്ടില്ല' ഭാരതത്തിന്റെ കഥാഖ്യാനരീതിയെ വളരെ ബഹുമാനമുള്ളതുകൊണ്ടായിരിക്കുമല്ലോ കഥാസരിത്ത്‌ സാഗരമൊക്കെ വിട്ട്‌ റഷ്യന്‍ സാഹിത്യം തന്നെ കയറിപ്പിടിച്ചത്‌. എന്തിനും ഏതിനും പടിഞ്ഞാട്ട്‌ നോക്കിയിരിക്കുന്നവര്‍ക്ക്‌ മലയാളത്തെ വിമര്‍ശ്ശിക്കാന്‍ എന്തവകാശം?

Friday, 13 July 2007

ശിക്ഷിക്കല്ലെ പ്രൊഫസര്‍

"നമ്മുടെ നാട്ടില്‍ റിസര്‍ച്ച്‌ പേപ്പറുകള്‍ ആരും വായിക്കാറില്ല......."
ഡോ.എംജി.എസ്‌.നാരായണന്‍, ചരിത്ര ഗവേഷകന്‍.
മലയാളിക്ക്‌ വിവരമുണ്ടെന്ന് ഇനിയെങ്കിലും ചരിത്രത്തില്‍ രേഖപ്പെടുത്തിക്കൂടേ എം.ജി.എസ്‌?. മാത്യു മറ്റത്തിന്റേയൊ, ജോയിസിയുടേയോ, സി.വി.നിര്‍മ്മലയുടെയോ ബൗദ്ധിക യത്നം പോലും ഒരു ഗവേഷണപ്രബന്ധത്തിനില്ലെന്ന് മലയാളി മനസിലാക്കിയിരിക്കുന്നു. അതു കൊണ്ടല്ലേ ഗവേഷണപ്രബന്ധങ്ങള്‍ക്ക്‌ പകരം 'സ്പാനിഷ്വില്ല' 'പവിത്രജയിലിലാണു'മൊക്കെ മലയാളി വായിച്ച്‌ രസിക്കുന്നത്‌! കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ സമൂഹത്തിനു പ്രയോജനപ്പെടുന്ന 10 പ്രബന്ധങ്ങളെങ്കിലും എം.ജി.എസ്സിനു ചൂണ്ടിക്കാണിച്ച്‌ തരാനാകുമോ? ഒരു ഡോക്ടറേറ്റ്‌ 'തരാക്കാ'നുള്ള തത്രപ്പാടില്‍ പടച്ചുണ്ടാക്കുന്ന ചരക്കല്ലെ ഈ ഗവേഷണസാഹിത്യം? അതൊക്കെ വായിക്കണമെങ്കില്‍ മലയാളി രണ്ട്‌ ലാര്‍ജ്ജ്‌ കൂടുതല്‍ അടിക്കേണ്ടി വരും. ആ ഒരു പാഴ്ച്ചിലവിനു ആരും തയാറല്ല. ഇനി സ്വന്തമായി അച്ചടിച്ച്‌ വീട്ടില്‍ കൊണ്ട്‌ തന്നാല്‍പ്പോലും!

Sunday, 8 July 2007

രണ്ടാം വിമോചനസമരം സിന്ദാബാദ്

“ വേണ്ടി വന്നാല്‍ രണ്ടാം വിമോചന സമരം നടത്തും”

മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ്.

ഇപ്പോള്‍ എല്ലാം രണ്ടാം തരത്തിന്റെ കാലമാണു. രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹം കഴിഞ്ഞു. രണ്ട് കോടിയുടെ വിവാദം. ഇതാ ഇപ്പോള്‍ രണ്ടാം വിമോചന സമരം!!

ഇതൊക്കെ കാണുമ്പോള്‍ മാര്‍ക്സ് പറഞ്ഞത് തെറ്റല്ലന്ന് തോന്നുന്നു.
‘ചരിത്രം ഒരു ചുറ്റ് കോവേണിയാണു. ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും അത് ആവര്‍ത്തിക്കും’
ഇപ്പോള്‍ പ്രഹസനത്തിനുള്ള തയ്യാറെടുപ്പിലാണു പള്ളിയും പട്ടക്കാരും. ന്യൂനപക്ഷപദവി ഇരന്ന് സമ്പാദിച്ചപ്പോഴെ ഉള്ളില്‍ ഒരു മോഹമുണ്ടായിരുന്നു. പണം വാരണം. കോളേജും സ്കൂളുമൊക്കെ അതിനു പറ്റിയ ബിസിനസ്സാ. അഡ്മിഷനു കാശ്, അദ്ധ്യാപക നിയമനത്തിനു കാശ്! ദൈവരാജ്യം വരാന്‍ പിന്നെ എന്തു വേണം. മെത്രാന്മാരൊക്കെ സംസാരിക്കുന്നത് കേട്ടിട്ടില്ലെ? തനി അംബാനി മാരെപ്പോലെ. കാശു വരവിനു തടസ്സമുണ്ടായാല്‍ എന്ത് പ്രഹസനത്തിനും പള്ളി തയ്യാറാകും. രണ്ടാം വിമോചനസമരമെങ്കില്‍ രണ്ടാം വിമോചന സമരം. ഇന്നിപ്പോള്‍ അതിനു സി.ഐ.എയുടെ പണമൊന്നും ആവശ്യമില്ല. വേണ്ടത്ര സമ്പാദിച്ചത് കയ്യിലുണ്ടല്ലോ! അതു മതി. മനസിലാകാത്ത ഒരു കാര്യം അച്ചന്മാര്‍ വെരട്ടുമ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെന്തിനാ വെരളുന്നതു?അത്രേയുള്ളു പാര്‍ട്ടി?

ഡോക്ടറോ തീവ്രവാദിയോ?

“ സ്കോട്ട് ലന്‍ഡിലെ ഗ്ലാസ്ക്കൊ വിമാനത്താ‍വളത്തിലേക്ക് സ്ഫോടകവസ്തുക്കളുമായി വാഹനം ഓടിച്ച് പോയത് ഇന്ത്യന്‍ ഡോക്ടറാണെന്ന് അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ സ്ഥിതീകരിച്ചു.”

(വാര്‍ത്ത പ്രമുഖ ദിനപ്പത്രങ്ങളില്‍)

കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയുടെ സജീവ ശ്രദ്ധ പതിയേണ്ട വിഷയമാണിത്. തൊഴിലില്ലായ്മയാണു മനുഷ്യനെ തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഡോക്ടറന്മാരുടെ എണ്ണം പരിഗണിച്ചാല്‍ തീവ്രവവാദത്തിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. 900 രോഗികള്‍ക്ക് ഒരു തീവ്രവാദി വീതം ഇപ്പോഴുണ്ട്. പള്ളിക്കാരും പട്ടക്കാരുമൊക്കെ ശ്രമിച്ച് അത് 400നു ഒന്ന് വീതമാക്കാനുള്ള ശ്രമത്തിലാണു. അത്രക്കങ്ങ് വേണോ ?
ഭര്‍ത്തൃഹരി ഡോക്ടറന്മാരെപ്പറ്റി പണ്ടേ പറഞ്ഞിട്ടുള്ളത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. കൊള്ളക്കാരനാണെങ്കില്‍ ധനം മാത്രമേ അപഹരിക്കു. വൈദ്യനാണെങ്കിലോ സ്വത്തും ജീവനും ഒന്നിച്ചാണപഹരിക്കുക! ഇതു വരെ അത് മരുന്ന് കൊടുത്താണു ചെയ്തിരുന്നതെങ്കില്‍ ഇപ്പോഴത് നേരിട്ടായി. സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്!!
ദൈവമേ!!!

Saturday, 7 July 2007

വോട്ട് ഫോര്‍ താജ്

താജ്‌ മഹല്‍, അത് എന്താണ്‌ ?
മാര്‍ബളില്‍ കൊത്തിയ കവിതയോ ?
രണ്ട്‌ റോയല്‍ ശവങ്ങളുടെ ഖബറോ ?
സഞ്ചാരികള്‍ അന്തംവിടുന്നൊരിടമോ ?
എന്തായലുംഅതൊരു വിനോദസഞ്ചാരകേന്ദ്രമാണ്‌.
ശില്‍പശാസ്ത്രത്തിന്റെ ചേതോഹരമായ മാതൃകയാണു.
യമുനയുടെ തീരത്തെ ആ പ്രേമകുടീരം ആരാലും വാഴ്ത്തപ്പെടുന്ന കലാസൃഷ്ടിയാണ്‌.
അജ്ഞാതരായ ഒരുപാടു ജന്മങ്ങളുടെ ചോരയും വിയര്‍പ്പും ഭാവനയുമാണ്‌.
ഒരു ശില്‍പിയുടെ കരങ്ങള്‍ ചോദിച്ചു വാങ്ങിയ രാജകീയമായ ഒരു അഹങ്കാരത്തിന്റെ സ്മരണയാണു.
ഷാജഹാന്റെ ആര്‍ഭാടപൂര്‍ണമായ പ്രണയത്തിന്റെ മൂര്‍ത്തമായ ആവിഷ്കാരമാണു.
അനേകം കവിഹൃദയങ്ങളില്‍ ഭാവന വിരിയിച്ച കാവ്യബിംബമാണു.
അതൊരു അത്ഭുതം തന്നെ.
അതിനു ഇനി ആരുടെ സെര്‍റ്റിഫികേറ്റ്‌ വേണം ?
എന്തിനും ഏതിനും സായിപ്പിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്ന മദ്ധ്യമ ഭാരതീയന്റെ അടിമ മനോഭാവം, ലജ്ജാവഹം തന്നെ. താജ്‌ നേരില്‍ കണ്ടിട്ടില്ലാത്ത ഭാവനാശാലികള്‍ ചേര്‍ന്നു വോട്ട്‌ ചെയ്യുന്ന പ്രഹസന മഹോത്സവം.കൂടെ മൊബയില്‍ കമ്പനിയുടെ പരസ്യവും. അതാണു പ്രധാനം!അല്ല ലോകത്തു ആകെ ഏഴെ ഏഴു അത്ഭുതങ്ങളേ ഉള്ളു ?
ഏഴില്‍ ഒന്നായില്ലെങ്കില്‍ അത്ഭുതം അത്ഭുതമല്ലാതെയാകുമോ ?

മരണം വിലയ്ക്ക് വാങ്ങുന്ന മലയാളി

മലയാളിക്ക്‌ ഒരുപാട്‌ കാര്യങ്ങള്‍ അറിയാം.
എന്നാല്‍ ആവശ്യമുള്ളതു പലപ്പോഴും അവനറിയില്ല.

ഒരു പുതിയ സാരി വാങ്ങുമ്പോള്‍ എന്തൊക്കെയാണു നമ്മുടെ സ്ത്രീകള്‍ നിരീക്ഷിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലാഭം നോക്കും. സ്റ്റഫ്‌ നല്ലതാണോ എന്നു നോക്കും. ഏതു കമ്പനിയുടേതാണു? ഏതു കടയില്‍ നിന്നാണു വാങ്ങേണ്ടതു. ഒക്കെ നല്ല ശ്രദ്ധയാണു!
പോച്ചമ്പള്ളിയോ ഭൂതാരിയോ മെച്ചം? ഇഴയടുപ്പെം എങ്ങനെ? ബോര്‍ഡര്‍ നന്നായിട്ടുണ്ടോ? ബോഡിക്കളറുമായി മാച്ച്‌ ചെയ്യുമോ? എന്തൊക്കെയാ ചര്‍ച്ചകള്‍?

എന്നാല്‍ ഒരു ഹോട്ടലില്‍ കയറി ഫുഡ്‌ ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഇങ്ങനെ വല്ല ശ്രദ്ധയുമുണ്ടോ? അവിടെ ഭക്ഷണം എങ്ങനെയാണൂ ഉണ്ടാക്കുന്നതു എന്ന് ആരെങ്കിലും അന്വേഷിക്കാറുണ്ടോ?
മാവും വെജിറ്റബള്‍സുമൊക്കെ നല്ലതായിരുന്നോ?
ഇറച്ചിയെടുത്ത മൃഗത്തിനു പേയോ വസന്തയോ മറ്റോ ഉണ്ടായിരുന്നോ?
അടുക്കളയുടെ വൃത്തി എങ്ങനെയുണ്ട്‌?
ഭക്ഷണം ഉണ്ടാക്കുന്നവനു എന്തെങ്കിലും അസുഖമുണ്ടോ?(മിക്ക കുശിനിക്കാര്‍ക്കും കുഴിനഖമെങ്കിലും കാണും)
ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കറിക്കൂട്ടുകള്‍ കാന്‍സര്‍ പോലുള്ള വ്യാധികള്‍ ഉണ്ടക്കുമോ?
ആരും ഇതൊന്നും അന്വേഷിച്ചിട്ടല്ല ഭക്ഷണം കഴിക്കുന്നത്‌. ചുമ്മാതങ്ങ്‌ തട്ടും.

ഒരു കമ്മലോ ഇട്ടാല്‍ പത്തു ദിവസം കഴിയുമ്പോള്‍ കീറിപ്പോകുന്ന സാരിയോ വാങ്ങുമ്പോഴുള്ള അന്വേഷണത്വരയുടെ നാലിലൊന്നു പോലും ഈ ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം വാങ്ങുമ്പോള്‍ നാം കാണിക്കാറില്ല.
ആവശ്യമുള്ള കാര്യത്തില്‍ മലയാളിക്ക്‌ വിവേകമില്ല.
അതവനെ വിചിത്രമായ ഒരു അവസ്ഥയിലാണു കൊണ്ടെത്തിച്ചിരിക്കുന്നതു. ജീവിക്കാന്‍ വേണ്ടുന്ന ഭക്ഷണം കഴിച്ച്‌ രോഗങ്ങള്‍ സമ്പാദിച്ച് മരണം വരിക്കുന്ന ഒരു സമൂഹം!
മലയാളികളേപ്പോലെ ഇങ്ങനെ ഒരു വര്‍ഗ്ഗത്തെ ലോകത്തില്‍ വേറെങ്ങും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
കാശുകൊടുത്ത്‌ ആരോഗ്യം നഷ്ടപ്പെടുത്താനും രോഗം വാങ്ങാനും ഒരു മലയാളിയേ ഉള്ളു.
അതാണല്ലോ നമ്മുടെ സവിശേഷത!

വേലിയില്‍ ഇരിക്കുന്ന പാമ്പ്!

രോഗം വരുമ്പോഴും, ജീവിതത്തിനു എന്തെങ്കിലും പാളിച്ച പറ്റുമ്പോഴും നമ്മള്‍ ക്ഷണിച്ചു വരുത്തുന്ന ഒരു വിപത്തുണ്ട്‌.
ജോത്സ്യന്‍! അഥവാ വേലിയില്‍ ഇരിക്കുന്ന പാമ്പ്‌..!
വീട്ടില്‍ ഒരാള്‍ക്ക്‌ രോഗം വന്നു. കുറച്ചു കാലം ചികിത്സിച്ചിട്ടും ഭേദമായില്ല. അല്ലെങ്കില്‍ ബിസ്സിനസ്സില്‍ ഒരു പരാജയം സംഭവിച്കു. ജോലിയില്‍ പ്രശ്നമുണ്ടായി.. അങ്ങനെ സ്വാഭാവികമായി സംഭവിക്കാവുന്ന എന്തെങ്കിലുമൊക്കെ ജീവിതത്തില്‍ ഉണ്ടാകുമ്പോള്‍ അതിനെ ധൈര്യം കൊണ്ടോ പാരസ്പര്യം കൊണ്ടോ പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം നേരെ ചെല്ലുന്നത്‌ ജോത്സ്യന്റെ അടുത്തേക്കാണു.
അവരാണെങ്കില്‍ ഒരിര വന്ന് വീഴാന്‍ നോക്കിയിരിക്കുകയാണു. കവടി നിരത്തി ഒന്ന് പിടിച്ചു വച്ചാല്‍ മതി അയാള്‍ എല്ലാം കാണുകയായി...എന്തൊക്കെ ദോഷങ്ങളാണു അയാള്‍ കണ്ടുപിടിക്കുന്നത്‌....
അത്‌ വരെ ഒരു കുഴപ്പവും ഇല്ലാതിരുന്ന വീടാണു. പെട്ടെന്ന്, ഒരു ദിവസം, ചൊവ്വയും ശനിയും ശുക്രനും സര്‍പ്പവുമൊക്കെ അവരുടെ സകലപണിയും നിര്‍ത്തിവച്ക്‌ ആ വീടിനേയും വീട്ടുകാരേയും ശല്യപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്നു.
അതാണു രോഗത്തിനു കാരണം!! അതു കൊണ്ടാണു ബിസ്സിനസ്സ്‌ പൊട്ടിയത്!!! ജോലിയുടെ കാര്യം പ്രത്യേകം പറയണോ? ശനിയുടെ ദൃഷ്ടിയുണ്ട്‌...അല്ലെങ്കില്‍ ചൊവ്വയുടെ സ്ഥാനം ശരിയല്ല.. അല്ലാതെ നമ്മുടെ പ്രവൃത്തികൊണ്ടാണെന്ന് സമ്മതിക്കാന്‍ നമുക്ക്‌ പ്രയാസ്സമാണു.

ആ കുടുംബത്തിന്റേയും വീട്ടുകാരുടെയും ചരിത്രമെടുത്ത്‌ നോക്കിയാല്‍ പത്തറുപതു കൊല്ലം നല്ല നിലയില്‍ കഴിഞ്ഞു പോന്നതാണു. കൃഷിയും കച്ചവടവുമൊക്കെ തരക്കേടില്ലാതെ ചെയ്തു പോന്നിട്ടുണ്ട്‌. എന്നിട്ടാണു ജ്യോതിഷി പറയുന്നത്‌, ദാ ചന്ദ്രന്‍ നോക്കുന്നു, വീടിന്റെ സ്ഥാനം ശരിയല്ല, മുറ്റത്ത്‌ നില്‍ക്കുന്ന കായിക്കുന്ന മാവ്‌ രണ്ടും വെട്ടെണം, തെക്കോട്ട്‌ വാതില്‍ പാടില്ല, നടക്ക്‌ താഴെ പഞ്ചശിരസ്സ്‌ സ്ധാപിക്കണം, അങ്ങനെ...അങ്ങനെ...എല്ലാം കൂടി ഒരു ഉശ്ശിരന്‍ കച്ചവടത്തിനു സ്കോപ്പുണ്ട്‌ ജ്യോതിഷിക്ക്‌. നഷ്ടത്തിനു മീതേ മറ്റൊരു നഷ്ടക്കച്ചവടത്തിനു വഴിമരുന്നിടുകയാണു വീട്ടുകാരന്‍.
നാല്‍പ്പതോ അമ്പതോ വയസ്സുള്ള ജ്യോത്സ്യനാണു ഇതൊക്കെ പറയുന്നത്. അയാള്‍ കുത്തിയിരിക്കുന്ന പലകയ്ക്ക്‌ കാണും അതിനേക്കാള്‍ പ്രായം. അതു ആ വീട്ടില്‍ ആയുസ്സറ്റുപോകാതെ കിടക്കുമ്പോഴാണു അതിലിരുന്ന് അയാളുടെ ഒരു പ്രവചനം! ആയുസ്സിനെപ്പറ്റി!!
ജ്യോത്സ്യന്‍ വെണ്ടക്കയിലോ വഴുതനങ്ങയിലോ ഇരിക്കുന്ന കാലത്ത്‌ പ്രകൃതി മുളപ്പിച്ച മാവാണു മുറ്റത്ത്‌ നില്‍ക്കുന്നതു. അതു വെട്ടണം പോലും!!
സ്ഥലത്തെ വിവരമുള്ള ആശാരി സ്ഥാനം കണ്ട്‌ ഇപ്പോഴത്തെ ജ്യോത്സ്യന്റെ അപ്പുപ്പന്‍ ജ്യോത്സ്യന്‍ സമയം കുറിച്ചു കൊടുത്ത നേരത്ത്‌ പത്തറുപത്‌ വര്‍ഷം മുമ്പ്‌ പണിയിച്ച വീടിനുള്ളിലിരുന്നാണു അയാള്‍ ഇതൊക്കെ തട്ടിവിടുന്നതു..ആ വീട്ടില്‍ താമസ്സിക്കുന്നവര്‍ ഒരു പുരുഷായുസ്സ്‌ മുഴുവന്‍ ജീവിക്കുമെന്ന് അങ്ങോരു പ്രവിച്ചതൊക്കെ തട്ടിക്കളഞ്ഞു കൊണ്ടാണു ഇയ്യാളുടെ പ്രവചനം! എങ്ങനെയുണ്ട്‌ ഈ ജോത്സ്യന്‍?
എന്തര്‍ത്ഥമുണ്ട് ഈ ജ്യോത്സ്യത്തില്‍?

ദൈവം മനുഷ്യനല്ല

ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക്‌ പ്രവേശനമില്ല എന്നത്‌ ദൈവവുമായോ ദര്‍ശനവുമായോ ബന്ധപ്പെട്ട ഒരു കാര്യമല്ല. അതു ദേശത്തെ ഒരു നിയമം മാത്രം!
പിന്നെ എന്തു കൊണ്ടാണിത്‌ വിവാദമാകുന്നത്‌?
വികാരം വിവേകത്തെ മറികടക്കുന്നത്‌ കൊണ്ട്‌ എന്ന് സാമാന്യമായി പറയാം.
വിശ്വാസികളുടെ പേരില്‍ കച്ചവട സംഘങ്ങള്‍ നിയമം നിര്‍വ്വചിക്കുന്നു.
ദൈവത്തിന്റെ പേരില്‍ അവര്‍ക്കെന്തും ചെയ്യാം.
സര്‍വ്വവ്യാപിയും സര്‍വ്വശക്തനും സര്‍വ്വസാക്ഷിയുമായ ഈശ്വരനെ ഒരു കല്‍ക്കൂടിനുള്ളിലടച്ച് ചോറും പാലും കൊടുത്ത് തങ്ങളുടെ വരുതിക്ക് നിര്‍ത്താമെന്ന് അത്തരം സംഘങ്ങള്‍ വിചാരിക്കുന്നു.
എന്തു വിരോധാഭാസമാണിത്‌!
ഇതൊരു രോഗലക്ഷണമാണു.
സനാതനി സെമെറ്റിക്കാവുന്നതിന്റെ ലക്ഷണം.
ഹിന്ദുവെന്ന് (പരിഹസിക്കാന്‍) ഇരട്ടപ്പേരിട്ട്‌ വിളിക്കുന്ന ഇന്ത്യാക്കാരനു ദൈവം മുകളിലെവിടെയോ ഇരുന്ന് ഭരിക്കുന്ന ആള്‍രൂപിയൊന്നുമായിരുന്നില്ല.
ശ്രീകോവിലിനുള്ളിലെ താമസക്കാരനുമല്ല ഈശ്വരന്‍.
ആ മാറ്റം സംഭവിച്ചിട്ട്‌ അധികം കാലമായിട്ടില്ല.
ഭാരത സംസ്കാരത്തിന്റെ അടിത്തറയിളക്കിയ മെക്കാളേയുടെ വിദ്യാഭ്യാസം പ്രചരിച്ചതിനു ശേഷമാണു അതുണ്ടായത്‌. പാരമ്പര്യത്തേയും അറിവിനേയും പരിഹസിച്ചും വലിച്ചെറിഞ്ഞും പടിഞ്ഞാറിന്റെ ചൂഷണ സംസ്കാരം സ്വാഗതം ചെയ്ത സവര്‍ണ്ണഹിന്ദുവിന്റെ കാലം മുതലാണു ദൈവം പടികയറിപ്പോയത്‌. പിന്നെ കച്ചവടക്കാര്‍ സംഘം ചേരാനും ദൈവത്തെ സംരക്ഷിക്കാനും തുടങ്ങി. സംഘടിച്ച്‌ ശക്തരാകാന്‍ ആഹ്വാനം ചെയ്ത സന്യാസിമാര്‍ വരെ നമുക്കുണ്ടായിട്ടുണ്ട്.
വിശ്വാസം വലിയൊരു വ്യവസായമായി മാറുന്ന കാഴ്ചയുടെ മദ്ധ്യത്തിലാണു നാം ഇപ്പോള്‍. ദൈവത്തിനു കടുത്ത വര്‍ണ്ണങ്ങള്‍ നല്‍കുന്നതും വിവാദങ്ങള്‍ വഴി പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതും വ്യവസായങ്ങളില്‍ സ്വാഭാവികം. അതില്‍ തെറ്റ്‌ പറയാനുണ്ടോ? അതു ചെയ്യുന്നവരോട് ക്ഷമിക്കുക.
ദൈവത്തേ ഭക്തിയോടെ കാണുന്നവര്‍ ആ വഴിക്ക് പോകാതിരിക്കുകയാണു ഉത്തമം.
അല്ലെങ്കില്‍ ഉള്ള വിശ്വാസം കൂടി നഷ്ടമാകും!

പിഴുതെടുക്കുന്ന കൊമ്പുകള്‍

തെക്കു വടക്ക്‌ ആയിരം കിലോമീറ്ററില്‍ താഴെ നീളം.
ഏറിവന്നാല്‍ 150 ഒ 200 ഓ കി.മി. കിഴക്ക്‌ പടിഞ്ഞാറു വീതി.
ബസ്തര്‍ ജില്ലയെക്കാള്‍ ചെറുത്‌.ഇതാണു കൊച്ച്‌ കേരളം.
അവിടെ ഇപ്പോള്‍ ഒരു അത്ഭുതം നടക്കുന്നു.......
ഭൂമിയെ വിടുതല്‍ ചെയ്യുന്നു. മനുഷ്യന്റെ പൈശാചികത മുളപ്പിച്ച കൊമ്പുകള്‍ പിഴുതെറിയുന്നു!
നദികള്‍, അരുവികള്‍, ചെറു തോടുകള്‍, കായല്‍പ്പരപ്പ്‌.
കേരളത്തെ സസ്യശ്യാമളമാക്കുന്ന ഈ ജലസമൃദ്ധിയുടെ പിന്നില്‍ കിഴക്ക്‌ ഉയര്‍ന്നു നില്‍ക്കുന്ന മലകളും അതില്‍ പടര്‍ന്ന നില്‍ക്കുന്ന കാടുകളുമാണു.
മനുഷ്യന്റെ അതിരില്ലാത്ത മോഹം മലകയറി കാടുകളെ തീണ്ടിത്തുടങ്ങിയപ്പോള്‍ പരക്കാന്‍ ആരംഭിച്ച ജനതയുടെ അസ്വാസ്ഥ്യമാണു ഇന്ന് ശമനം നേടുന്നത്‌.
അനധികൃതമായ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നു.
പോയ കാടുകള്‍ ഇനി തിരിച്ച്‌ വരില്ല.
പക്ഷെ കൂടുതല്‍ ഇടപെടലുകള്‍ തടയാം.
ഒരു ഭരണാധികാരിയും ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം.
ആഗ്രഹിച്ചവര്‍ക്കൊന്നും നടപ്പാക്കാന്‍ കഴിയാതെ പോയത്‌.
ഇതൊരു നിസ്സാര സംഗതിയല്ല.ആസ്ത്രേലിയായിലും ന്യൂസിലാന്‍ഡിലും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി പേപ്പര്‍ നിര്‍മ്മാണ കമ്പനികളെ നിയന്ത്രിക്കാന്‍ പോയ ഭരണകര്‍ത്താക്കള്‍ അനുഭവിച്ച ദുരിതം ഓര്‍ക്കുക.കേരളത്തേപ്പോലെ ഒരു ചെറിയ സ്ഥലമല്ല അതൊന്നും.ആധുനികരും സംസ്കാരസമ്പന്നരും നിവസിക്കുന്ന നാട്‌.സജീവമായ പരിസ്ഥിതി സംഘടനകളുടെ പിന്തുണ വേറെ.എന്നിട്ടും അവര്‍ നേരിടേണ്ടി വന്ന എതിര്‍പ്പ് വളരെ വലുതായിരുന്നു.
അപ്പോള്‍ കേരളം പോലെ രാഷ്ട്രീയാതിപ്രസരമുള്ള ദേശത്ത്‌ എന്തൊക്കെ സംഭവിച്ചു കൂടാ? ആ ഉള്‍ഭയങ്ങളേ ഒക്കെ വിസ്മരിച്ച്‌ കൊണ്ട്‌ ശക്തമായ ഒരു നീക്കമുണ്ടാകുമ്പോള്‍ അതിനെ എത്ര കണ്ട്‌ പ്രശംസിച്ചാല്‍ മതിയാകും?

പൂര്‍ണ്ണാവയവമുള്ള സ്ത്രീകള്‍

ഇന്ന് സ്ത്രീകള്‍ പ്രസവിക്കുന്നത്‌ ഒന്നോ അല്ലെങ്കില്‍ ഒന്നു കൂടിയോ മാത്രമാണു.
എന്നിട്ടും അമ്മയ്ക്കും കുഞ്ഞിനും അസുഖം!
ഒരു മുപ്പത്‌ മുപ്പത്തഞ്ച്‌ വയസ്സാകുമ്പോഴേക്കും സ്ത്രീയുടെ ഘടന ആകെ തകരാറിലാകുന്നു.
ഗര്‍ഭ പാത്രത്തില്‍ ഫൈബ്രോയിഡ്‌ അല്ലെങ്കില്‍ ട്യൂമര്‍.
അതുമല്ലെങ്കില്‍ യൂട്രസ്സിലും സെര്‍വ്വിക്സിലും കാന്‍സര്‍.
ധാരാളം പേര്‍ക്കു സ്തനാര്‍ബ്ബുദം.
പലതരം പ്രമേഹങ്ങള്‍. നടുവിനു വേദന മിക്കവര്‍ക്കും സ്ഥിരമായി ഉണ്ടായിരിക്കും.
ഒരു നാല്പത് വയസ്സോടു കൂടി അവയ്ക്കെല്ലാമുള്ള ചികിത്സ തുടങ്ങുന്നു.
കുട്ടികള്‍ക്ക്‌ ഏറെ ശ്രദ്ധവേണ്ട കാലത്താണു അമ്മ മിക്കവാറും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നത്. കുത്തിവയ്പും കീറലും മുറിക്കലുമായി അത് നീളുന്നു.
അതിനിടയിലുണ്ടാകുന്ന അപകടങ്ങള്‍ കുടുംബത്തെ തന്നെ പിടിച്ച്‌ ഉലച്ചേക്കാം.
അങ്ങനെ എന്തെങ്കിലും സംഭവിക്കുമ്പോള്‍ കുടുംബത്തിന്റെ സമാധാനം ആകെ നഷ്ടപ്പെടുന്നു. ചികിത്സിച്ച്‌ ചികിത്സിച്ച്‌ സാമ്പത്തികമായി തകര്‍ന്നിരിക്കുമ്പോഴാണു അത്തരം അത്യാഹിതങ്ങള്‍ ഉണ്ടാകുന്നത്. സാമ്പത്തികമായി തകരുകയും കുടുംബനാഥ പോവുകയും ചെയ്യുന്നത് എത്ര കഷ്ടതരമായ അവസ്ഥയാണു?
ആധുനിക വൈദ്യശാസ്ത്രബിസിനസ്സ്‌ ചികിത്സയിലൂടെ സമൂഹത്തിനു വരുത്തുന്ന നഷ്ടങ്ങള്‍ അനവധിയാണു.
സാമൂഹികശാസ്ത്രജ്ഞന്മാര്‍ അവയൊക്കെ പഠനവിധേയമാക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഇതെല്ലാം കഴിഞ്ഞ്‌ രക്ഷപ്പെട്ടു വന്നാല്‍ പൂര്‍ണ്ണാവയത്തോടെ ജീവിച്ചിരിക്കുന്ന എത്ര സ്ത്രീകള്‍ ഇന്ന് ഉണ്ട്?
ആരോഗ്യമില്ലാത്തവരുടെ, വികലാംഗരുടെ ഒരു നീണ്ട നിര സൃഷ്ടിക്കുന്നതാണോ ആധുനിക വൈദ്യത്തിന്റെ മികവ്?

വ്യാജ ഭാരതീയര്‍


വൃഥാ അഭിമാനിക്കാന്‍ ഭാരതീയര്‍ക്കുള്ള ത്വര സവിശേഷമാണു.
ലോകത്തെവിടെയെങ്കിലും ആരെങ്കിലും വാര്‍ത്തയില്‍ ഇടം നേടിയാല്‍ ഉടനെ അവര്‍ക്ക്‌ ഭാരതവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ചികഞ്ഞ്‌ കണ്ടുപിടിക്കാന്‍ മാദ്ധ്യമങ്ങള്‍ ഓട്ടം തുടങ്ങുകയായി. വിദൂരമായി എന്തെങ്കിലും ഒരു പൊട്ട്‌ കിട്ടിയാല്‍ മതി അതിനെ പൊലിപ്പിച്ച്‌ വലുതാക്കാന്‍ പത്രക്കാര്‍ക്കുള്ള വിരുത്‌ വളരെ വലുതാണു.
വൃഥാഭിമാനത്തിന്റെ വായുനിറച്ച്‌ അതിനെ കുറേക്കാലത്തേക്കെങ്കിലും വീര്‍പ്പിച്ച്‌ നിര്‍ത്തിയാലെ പിന്നെ ഒരു സമാധാനമുള്ളു.
തങ്ങള്‍ വിസ്തരിക്കുന്ന വ്യക്തിക്ക്‌ എന്ത്‌ ഭാരതീയതയുണ്ടെന്ന് ചിന്തിക്കാന്‍ ആരും മെനക്കെടാറില്ല. പലരും ഭാരതം കണ്ടിട്ടുപോലുമുള്ളവരല്ല. നമ്മുടെ നാടിന്റെ ചൂടും മഴയും അവര്‍ക്ക്‌ അനുഭവമില്ല. നാട്ടിലെ ഭാഷകള്‍ അവര്‍ക്കറിയില്ല. ഭാരതത്തിലെ കുടുംബബന്ധമോ സാമൂഹിക പശ്ചാത്തലമോ അവരില്‍ പലരും സൂക്ഷിക്കുന്നില്ല. പാരമ്പര്യമായി അവര്‍ക്ക്‌ അവകാശപ്പെടാന്‍ വളരെയൊന്നും ഉണ്ടാവില്ല. പാശ്ചാത്യ നാടുകളില്‍ പാശ്ചാത്യനെപ്പോലെ ജീവിച്ച്‌ കൊണ്ടാണു അവര്‍ ഭാരതത്തെക്കുറിച്ച്‌ അഭിമാനിക്കുന്നത്‌.
ദന്തഗോപുരങ്ങളിലിരുന്ന് അവര്‍ ഭാരതത്തെ പ്രകീര്‍ത്തിക്കുന്നു. മനോഹരമായതും ആത്മാര്‍ത്ഥതയില്ലാത്തതുമായ വാക്കുകള്‍ പത്രക്കാരന്റെ മുഖത്തേക്ക്‌ വലിച്ചെറിയുന്നു. വിലപിടിച്ച രത്നങ്ങള്‍ പോലെ മാദ്ധ്യമങ്ങള്‍ ആ വ്യാജോക്തികളൊക്കെ പെറുക്കിയെടുത്ത്‌ നിരത്തിവയ്ക്കുന്നു. എന്നാല്‍ ഉപേക്ഷിച്ച്‌ കളയുന്ന കുപ്പിച്ചില്ലുകളുടെ വില പോലും അതിനില്ല!നമ്മുടെ നാടിനേയും നാട്ടാരേയും പുശ്ചവും വെറുപ്പുമാണു മിക്കവര്‍ക്കും. ഇന്ത്യക്ക്‌ അനിഷേധ്യമായ ഒരു സാംസ്കാരിക പാരമ്പര്യമുള്ളത്‌ കൊണ്ട്‌ അതിനെ തള്ളിപ്പറയുന്നത്‌ തങ്ങളുടെ വ്യക്തിത്വത്തെ ബാധിക്കുമോ എന്ന ഭയം കൊണ്ടാണു മിക്ക 'വ്യാജഭാരതീയരും' ഇന്ത്യയെ പുകഴ്ത്തുന്നത്‌. എന്നിട്ടും അവരെ ആദരിക്കുന്നത്‌ ഭാരതീയന്റെ നന്മ! പക്ഷെ അതിനു ഇടം കൊടുക്കുന്ന വര്‍ത്തമാനം പറഞ്ഞ്‌ നടക്കുന്നത്‌ നിയമപുസ്തകത്തില്‍ ഇനിയും ചേര്‍ത്തിട്ടില്ലാത്ത കുറ്റമാകുന്നു. നാമത്‌ തിരിച്ചറിയാനുള്ള സമയം വൈകിയിരിക്കുകയല്ലെ?

Friday, 6 July 2007

ഇതാണോ ആരോഗ്യം?

ആരോഗ്യരംഗത്ത്‌ നാം വളരെ പുരോഗമിച്ചിട്ടുണ്ടെന്നാണു പറയുന്നത്‌.
ലക്ഷങ്ങള്‍ മുടക്കുന്ന വൈദ്യ വിദ്യാഭ്യാസം.
കോടികള്‍ ചിലവഴിച്ച്‌ നിര്‍മ്മിച്ച ആശുപത്രികള്‍.
നൂതന സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ എണ്ണമറ്റ ഉപകരണങ്ങള്‍.
അവയെ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും വേണ്ടത്ര ടെക്കനീഷ്യന്മാര്‍.
അവര്‍ എടുത്ത്‌ കൊടുക്കുന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച്‌ ചികിത്സ നിശ്ചയിക്കുന്ന വൈദ്യബിരുദധാരികള്‍.
അവരെ സഹായിക്കാന്‍ ചുറുചുറുക്കും തന്റേടവുമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും.
എന്നിട്ടും ലോകമെമ്പാടുമുള്ള മനുഷ്യന്റെ 'ആരോഗ്യം' മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാന്‍ കഴിയുമോ? വേണ്ടാ ലോകം മൊത്തമുള്ള കണക്കെടുക്കേണ്ട. ചുറ്റുവട്ടത്തെ ഒരു കണക്ക്‌ പറഞ്ഞാല്‍ മതി. അതുമല്ലെങ്കില്‍ വീട്ടുകാരുടേയും ബന്ധുക്കളുടേയും കണക്ക്‌.
നമുക്ക്‌ അറിയാവുന്നവരില്‍ നിത്യവും ഒരു മരുന്നെങ്കിലും കഴിക്കാത്തവര്‍ എത്ര പേരുണ്ട്?
ആശുപത്രികളും ടെസ്റ്റുകളുമായി കഴിയേണ്ടാത്തവര്‍ എത്ര?
കീമോയും, ഡയാലിസിസ്സും വേണ്ടി വരുന്നവര്‍ എത്ര വരും?
അനേകം പേരുണ്ടാവില്ലെ?
ഇനി അടുത്ത കൂട്ടരെ എടുക്കുക. യാതൊരു ചികിത്സയും നടത്താതെ, മരുന്ന് കഴിക്കാതെ, പൂര്‍ണ്ണാരോഗ്യത്തോടെ ഇരിക്കുന്ന എത്രപേരുണ്ട്‌? ഈ ചോദ്യത്തിനു ഉത്തരം കിട്ടുമ്പോള്‍ നമ്മള്‍ വിഷമിച്ച്‌ പോകും. വളരെക്കുറച്ച് പേര്‍.
കോടി കോടികള്‍ മുടക്കുന്ന ആരോഗ്യരംഗത്തിനു ആ കള്ളിയില്‍ ഇടാന്‍ ചെറിയൊരക്കമേ കാണു. അതിന്റെ അര്‍ത്ഥം?
ഭൂരിഭാഗം ആളുകളും രോഗാതുരരായി ജീവിക്കുന്നു.
ഇതാണോ ആരോഗ്യത്തിന്റെ ആധുനിക ലക്ഷണം?

നന്മകള്‍ പെറുക്കി വയ്ക്കുക

"നല്ലതല്ലൊരുവന്‍ ചെയ്ത നല്ല കാര്യം മറപ്പത്‌,
നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം"
-നാരായണ ഗുരു
നാരയണഗുരുവിന്റെ ഗൃഹസ്ഥശിഷ്യരിലൊരാളയ ഒരു തമിഴ്‌നാട്ടുകാരന്‍ ധനികന്‍ ഗുരുവിനു കുറച്ച്‌ ഭൂമി നല്‍കി. അതു നഗരത്തിലെ കണ്ണായ സ്ഥലമായിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ കൊടുത്തയാളിനു ദാനം തിരിച്ചു കിട്ടണമെന്നൊരു മോഹം. അതിനയാള്‍ ശ്രമിച്ചു തുടങ്ങി. ഈ പശ്ചാത്തലത്തില്‍ സ്വാമികള്‍ രചിച്ച സദാചാരം എന്ന കൃതിയിലെയാദ്യ വരികളാണു നാം കണ്ടതു.
നോക്കു, ആ മനസിന്റെ പ്രകാശം. ഒരാളുടെ നന്മ മാത്രം കുറിച്ചു വയ്ക്കുന്ന ഓര്‍മ്മ, തിന്മ അതാരുടേതായലും സ്വീകരിക്കാത്ത പരിശുദ്ധി.അങ്ങനെയാകുമ്പോള്‍ മനസില്‍ നന്മ മാത്രം. നന്മ മാത്രമുള്ളയിടത്തു നിന്നും ലഭിക്കുന്നതും നന്മ മാത്രമാണല്ലൊ.
ഇത്തരം ആചാരത്തോടു കഴിയുന്നവരുടെ സമീപ്യം മാത്രം മതി അവിടം ശാന്തിയുടെ അലകളില്‍ ആനന്ദിക്കുംനാമോര്‍ത്തു വയ്ക്കുന്നതു എന്തൊക്കെയാണ്‌ ?
നമ്മുടെ തെറ്റുകള്‍, അവരുടെ തെറ്റുകള്‍, അങ്ങനെ തെറ്റുകള്‍ മാത്രം. തെറ്റുകളുടെ ഭണ്ഡാരത്തില്‍ നിന്നും ലഭിക്കുന്നതും തെറ്റുകളാവുമ്പോള്‍ നമ്മുടെ ഈ ശീലക്കേടു മാറ്റിയെടുക്കേണ്ടതില്ലെ ?

മനുഷ്യന്റെ രണ്ട് ദുഖഃങ്ങള്‍

'മനുഷ്യന്റെ ജീവിതത്തില്‍ രണ്ട്‌ ദുഃഖങ്ങളേയുള്ളു. ഒന്ന് മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ പലതും കിട്ടുന്നു. രണ്ട്‌ മനുഷ്യന്‍ ആഗ്രഹിക്കുന്നത്‌ പലതും കിട്ടുന്നില്ല!'
ജോര്‍ജ്ജ്‌ ബര്‍ണാഡ്‌ ഷാ, നാടകകൃത്ത്‌.
നമ്മുടെ രാഷ്ട്രീയക്കാരുടേയും ഭരണാധികാരികളുടേയും ദുഃഖങ്ങളും വേവലാതികളും കാണുമ്പോള്‍ ഷാ പറഞ്ഞത്‌ എത്ര സത്യം! ഓരോത്തരും അവരവരുടെ ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടികളും സംഘടനകളും അതിനുള്ള ഉപാധികള്‍ മാത്രം. ജനക്ഷേമം മുയല്‍ക്കൊമ്പ്‌ പോലെ അസുലഭമായ ഒരു വസ്തുവാണു ഇന്ന്.
ആശാഭംഗങ്ങള്‍ ഉണ്ടാകുമ്പോള്‍ വന്യമൃഗങ്ങളെപ്പോലെ കടിപിടി കൂടുവാന്‍ ആര്‍ക്കും അല്‍പം പോലും ലജ്ജയില്ല! കിട്ടിയ സ്ഥാനം നിലനിര്‍ത്താന്‍ ഏതറ്റം വരെ താഴ്‌ന്നുപോകാനും എന്തു ഒത്ത്‌ തീര്‍പ്പുകള്‍ക്ക്‌ വിധേയനാകാനും മുന്തിയ മൂല്യവാദികള്‍ക്ക്‌ പോലും ഇന്ന് പ്രയാസമില്ല. എതിരാളികളെ തകര്‍ക്കാന്‍ എന്തു മാര്‍ഗ്ഗം സ്വീകരിക്കാനും സത്യത്തെ വളച്ചൊടിക്കാനും വിഷമമില്ല. അരുതാത്തത്‌ ചെയ്യാന്‍ മടിയില്ല! ഇതൊക്കെ ലോകര്‍ എങ്ങനെ നോക്കിക്കാണുന്നു എന്ന് ആരും ചിന്തിക്കുന്നില്ല.
ആശയുടെ കാര്യം വരുമ്പോള്‍ മനുഷ്യന്‍ മൃഗത്തേക്കാള്‍ ചെറുതാകുന്ന കാഴ്ച അത്ഭുതകരമാണു! തത്ത്വശാസ്ത്രവും വേദാന്തവുമൊന്നും അപ്പോള്‍ അവനെ നയിക്കുന്നില്ല. ആശക്ക്‌ മുന്‍പില്‍ എല്ലാ മൂല്യങ്ങളും നിഷ്പ്രഭമാകുന്നു! മടികൂടാതെ ദുഃഖം അവന്‍ വിലക്ക്‌ വാങ്ങുന്നു. എപ്പോഴും ദുഃഖിതനായിരിക്കാനാണു മനുഷ്യനു ഇഷ്ടം എന്ന് തോന്നുന്നു. സാധാരണക്കാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല!
ഇത്തരം ദര്‍ശനങ്ങള്‍ കവിതയുടെ പരകോടിയിലുണ്ടാകുന്നതാണു. മനുഷ്യനെ പരിവര്‍ത്തനപ്പെടുത്താന്‍ പ്രകൃതി തെളിയിക്കുന്ന മിന്നല്‍ വെട്ടങ്ങള്‍! ദാര്‍ശനികന്മാരുടെ ഇത്തരം വാക്കുകള്‍ ശ്രദ്ധിക്കുവാന്‍ നമുക്കെവിടെ നേരം?

Sunday, 1 July 2007

അടിയാന്റെ വിധി എന്നും ഇടി

ചേരിചേരാപ്രസ്ഥാനം വിട്ട്‌ അമേരിക്ക നേതൃത്വം നല്‍കുന്ന പുത്തന്‍ ആഗോള സഖ്യത്തില്‍ ചേരാന്‍ ഇന്ത്യയോട്‌ യു.എസ്സ്‌. വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ്‌ ആവശ്യപ്പെട്ടു.
ഇത്‌ നല്ല കൂത്ത്‌! ഇത്രയൊക്കെ കാണിച്ചിട്ടും ചെയ്തിട്ടും യെശ്മാനത്തിക്ക്‌ ഒട്ടും വിശ്വാസമാകുന്നില്ലെങ്കില്‍ എന്ത് ചെയ്യും? ഇതാണേ ഈ അടിയാന്മാരുടെ ഒരു വിധി. എത്ര കുനിഞ്ഞാലും ഇടി ഉറപ്പ്.
വിധിയെ പഴിച്ചിട്ട്‌ എന്തു കാര്യം.പാശ്ചാത്യനുണ്ടോ ധ്വനി രഹസ്യം അറിയൂ? 'ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍....' എന്ന് പാടിക്കേട്ടാല്‍, ശംഖുപുഷ്പത്തിനു കണ്ണുണ്ടോ ചോദിച്ചളയും ഗഡികള്‍!!അപ്പോള്‍ ആഗോളീകരണത്തിന്റെ ഇന്ത്യന്‍ കവിതയുണ്ടോ കോണ്ടലീസാമ്മച്ചിക്ക്‌ മനസിലാകുന്നു?നേരിട്ട്‌ പറയാനോ എഴുതിക്കൊടുക്കാനോ വിഷമമുണ്ടെങ്കില്‍ പ്രകാശ്‌ കാരാട്ടിന്റെ നാലുപ്രസ്താവന അയച്ച്‌ കൊടുത്താലും മതി. അതകുമ്പോള്‍ നല്ല ഓക്സുഫോര്‍ഡ്‌ ഇംഗ്ലീഷില്‍ കിട്ടും. ആഗോളീകരണ നയത്തിനെതിരെ പാര്‍ലമന്റ്‌ മാര്‍ച്ച്‌ നടത്തിയപ്പോഴത്തേതാണെങ്കില്‍ ഉത്തമം. ഒരടിക്കുറിപ്പ്‌ കൂടി ചേര്‍ക്കണം. 'മാഡം, എന്നിട്ടും അവര്‍ ഇപ്പോഴും നമ്മുടെ കൂടെ ഭരണത്തിലുണ്ട്‌'‘. പിന്നെയും ആയമ്മക്ക്‌ മനസിലാകുന്നില്ലെങ്കില്‍ ആനന്ദവര്‍ദ്ധന്റെ 'ധ്വന്യാലോകം' ഒരു കോപ്പി വാങ്ങി പണ്ഡിറ്റിനേയും കൂട്ടി അമേരിക്കയ്ക്ക്‌ വിടുക. ചൗക്കംബയില്‍ കിട്ടും പ്രതികളെ രണ്ടും!

Saturday, 30 June 2007

ഭാരതമേ, എന്‍ ഭാരതമേ!

“ഇന്ത്യ കേവലം ഒരു ഭൂമിശാസ്ത്രമോ ചരിത്രമോ അല്ല. അതൊരു ദേശീയ രാഷ്ട്രമോ രാജ്യമോ ഭൂവിഭാഗമോ അല്ല......അതൊരു ഉല്‍പ്രേക്ഷയും കവിതയുമാകുന്നു......മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ കഴിയാത്തവിധം ചില സവിശേഷ ഊര്‍ജ്ജമണ്ഡലത്താല്‍ പ്രകമ്പിതമാണു ഇന്ത്യ."
ഓഷോ
(ഇന്ത്യാ എന്‍ പ്രിയങ്കരിയില്‍)

“ലോകത്തെ പുതിയ വിശേഷങ്ങളെല്ലാം ഇന്ത്യയിലാണു സംഭവിക്കുന്നത്‌. അതറിയാന്‍ അതിയായ ആകാംഷയോടെ ലോകം ഇന്ത്യയെ ഉറ്റ്‌ നോക്കുകയാണു."
പ്രൊ. ശ്രീനാഥ്‌ ശ്രീനിവാസന്‍
(കൊളംബിയാ യൂണിവേര്‍സിറ്റിയിലെ ജേണലിസം ഗുരു; അഭിമുഖം കലാകൗമുദിയുടെ 1660-ആം ലക്കത്തില്‍)
.........അങ്ങനെയിരിക്കെ നാം മെയില്‍ നെഴ്സിങ്ങും എഞ്ജിനീയറിങ്ങും പത്രപ്രവര്‍ത്തനവുമൊക്കെ പഠിച്ച്‌ അവിടേക്ക്‌ കുടിയേറുന്നു!! സായിപ്പോ, ഇവിടെ വന്ന് സകല ആശ്രമത്തിലും കയറി വെള്ളം കോരുകയും, പാത്രം മെഴുക്കുകയും, പശുവിനെ തീറ്റുകയും, പാടത്ത്‌ പണിക്ക്‌ പോവുകയും ചെയ്യുന്നു. ശിവ! ശിവ!!

ആരും ഉള്ളിലേക്ക് നോക്കുന്നില്ല

"സ്മൃതികളും ശ്രുതികളും തമ്മില്‍ വൈരുദ്ധ്യമുണ്ടാകുമ്പോള്‍ സ്മൃതികളെ തള്ളി ശ്രുതികളെ ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന് സ്വാമി തത്ത്വമയാനന്ദ ചൂണ്ടിക്കാട്ടിയത്‌ ശ്രദ്ധേയമാണു.
ക്രി.മുന്‍പ്‌ 600-500 കാലഘട്ടത്തില്‍ രൂപംകൊണ്ടതെന്ന് കരുതപ്പെടുന്ന മനുസ്മൃതിയില്‍ തന്നെ ഉറച്ചുനില്‍ക്കുന്നവരാണു ഇവിടുത്തെ യാഥാസ്ഥിതികര്‍.
ഹിന്ദുമതത്തിന്റെ തീരാശാപമായ ജാതിവ്യവസ്ഥ, അതില്‍ എല്ലാ ഭീകരതകളോടുകൂടി ഇവിടെ താണ്ഡവമാടിയതിന്റെ കാരണവും മറ്റൊന്നല്ല...."

(ഡി. പ്രദീപ്‌ കുമാര്‍, (അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍ എന്ന ലേഖനസമാഹാരത്തില്‍. ലേഖകന്‍ കോഴിക്കോട്‌ ആകാശവാണിയില്‍ പ്രോഗ്രാം എക്സിക്യൂട്ടീവാണു.)

അധികമാരും ചൂണ്ടിക്കാണിക്കാത്തദിശയിലെക്കാണു ലേഖകന്‍ വിരല്‍ചൂണ്ടുന്നത്‌.
ക്ഷേത്രവും ക്ഷേത്രാരാധനയും വൈദികമാണെന്ന് പറയാനാവില്ല. വൈദികകാലത്ത്‌ ജ്ഞാനമായിരുന്നു പരമപദം.അതു കുടികൊണ്ടിരുന്ന ക്ഷേത്രങ്ങള്‍ ഋഷീശ്വരന്മാരും.
അവര്‍ കുടിലുകളില്‍ താമസിച്ചു. അദ്ധ്യയനമാണു ആരാധന. അറിവ്‌ വേണ്ടവര്‍ ആ പാദങ്ങളില്‍ നിവസിച്ചു. നീട്ടിയപാത്രമനുസരിച്ച്‌ അവര്‍ അറിവ്‌ പകര്‍ന്നു.
അതു നുകര്‍ന്ന മനുഷ്യര്‍ ശാന്തിയും ശാന്തിയും സമാധാനവും അനുഭവിച്ച്‌ തൃപ്തരായി ജീവിച്ചു. ആത്മീയത വിലവിവര‍പ്പട്ടിക എഴുതിവച്ച്‌ കച്ചവടം ചെയ്യാമെന്നായപ്പോള്‍ ജ്ഞാനമുപേക്ഷിച്ചു നാം ആഡംബരങ്ങളില്‍ മുഴുകി. അവയെ നിയന്ത്രിക്കുവാന്‍ 'കോഡുകള്‍' പലതും രൂപം കൊണ്ടു. വിവാദങ്ങളിലൂടെ അതിന്ന് തുടരുകയും ചെയ്യുന്നു. ദൈവമോ ആചാരമോ മുഖ്യമെന്ന് ആരും ചിന്തിക്കുന്നില്ല!

Thursday, 28 June 2007

യൊഷിദോ കെങ്കോ പറയുന്നത്....

ബുദ്ധഭഗവാനില്‍ ഭക്തിയുറപ്പിച്ചുകൊണ്ട്‌ വിജനമായ പര്‍വ്വതപ്രദേശങ്ങളില്‍ നിവസിക്കുന്നത്‌ ഒരിക്കലും ആയാസകരമായിത്തോന്നുകയില്ല.
എന്നല്ല അതു, നമ്മുടെ ചിന്തകളെ മൂടുന്ന മേഘപടലങ്ങളെ ആട്ടിപ്പായിച്ചിട്ട്‌ മനോവൃത്തികളെ പാവനവും ശാന്തഗംഭീരവും ആക്കിത്തീര്‍ക്കുകയും ചെയ്യും.
യോഷിദോ കെങ്കോ (1283-1350)
വിഖ്യാതനായ ബുദ്ധസന്യാസി
നമുക്ക്‌ ചുറ്റും വന്ന് വീഴുന്ന വാര്‍ത്താജാലങ്ങള്‍ കാണുമ്പോള്‍ കെങ്കോ സന്യാസിയിപ്പോലെ എതെങ്കിലും വിദൂരസ്ഥലങ്ങളിലേക്ക്‌ ഓടിപ്പോകാന്‍ തോന്നുന്നു. ഒരു വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ തന്നിലേക്ക്‌ തിരിഞ്ഞിരിക്കുന്ന സത്യം ആരും തിരിച്ചറിയുന്നില്ല.